പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് ശേഷം രാജ്യം ഒന്നടങ്കം ആവശ്യപ്പെട്ടത് കനത്ത തിരിച്ചടി നല്‍കണമെന്ന് തന്നെയായിരുന്നു. 2016ല്‍ ഉറി ഭീകരാക്രമണത്തിന് ശേഷം പാക് അധീന കാശ്മീരില്‍ നിയന്ത്രണരേഖ കടന്ന് ഇന്ത്യയുടെ കരസേന കനത്ത തിരിച്ചടി നല്‍കി. പുല്‍വാമയില്‍ 40 ജവാന്‍മാര്‍ ജീവത്യാഗം ചെയ്തതിന് പിന്നാലെ 12ാം ദിവസം ഇന്ത്യ തിരിച്ചടിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തു വരികയാണ്.
അന്ന് മിന്നലാക്രമണം നടത്തിയപ്പോള്‍ ശ്രദ്ധാകേന്ദ്രമായത് ഇന്ത്യന്‍ സേനയുടെ പാരാഷൂട്ട് റെജിമെന്‍റിലെ കമാന്‍ഡോകളായിരുന്നു. ഇന്ന് പുല്‍വാമയക്ക് മറുപടിയായി വ്യോമസേനയാണ് ആക്രമണം നടത്തിയത്. പുല്‍വാമയിലെ മുറിവുണങ്ങും മുമ്പ് 12ാ ദിവസം വ്യോമസേനയുടെ മിറാഷ് -2000 യുദ്ധവിമാനങ്ങള്‍ ഭീകരകേന്ദ്രങ്ങളില്‍ തീ തുപ്പി. പാക് അധീന കാശ്മീരിലെ നിരവധി ജയ്ഷേ മുഹമ്മദ് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്.
ഭീകരകേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ഉപയോഗിച്ച മിറാഷ്- 2000 ചില്ലറക്കാരനല്ല. പ്രതിരോധ മേഖലയില്‍ പാക്കിസ്ഥാനും അമരിക്കയ്ക്കും മേലെ വ്യോമസേനയുടെ സ്വകാര്യ അഹങ്കാരമാണ് ഈ യുദ്ധ വിമാനങ്ങള്‍. ഇന്ത്യന്‍ അതിര്‍ത്തി കാക്കുന്ന ‘യന്ത്രക്കാക്കകളില്‍’ ഒന്നാണ് മിറാഷ്. വ്യോമസേനയുടെ പോര്‍വിമാനങ്ങളില്‍ വജ്രായുധമെന്നാണ് മിറാഷിന്‍റെ വിശേഷണം. വജ്ര എന്നാണ് ഇന്ത്യന്‍ വ്യോമസേനയിലെ നാമകരണം.
ഫ്രഞ്ച് നിർമിത പോർ വിമാനമാണ് മിറാഷ്- 2000. ഡസ്സാൾട്ട് ഏവിയേഷനാണ് ഇതിന്റെ നിർമ്മാതാക്കൾ. ഈ വിമാനത്തിന് അമേരിക്കൻ നിർമ്മിത എഫ് 16, എഫ് 18 എന്നീ പോർവിമാനങ്ങളെ കടത്തിവെട്ടുന്ന പ്രഹരശേഷിയുണ്ട്. 1984 ജൂണിലാണ് ആദ്യമായി ഫ്രഞ്ച് വായു സേനയ്ക്ക് വേണ്ടി നിര്‍മിക്കപ്പെട്ടത്. ഇന്ത്യയ്ക്ക് പുറമെ യുഎഇ ,തായ് എന്നീ രാജ്യങ്ങളുടെ വ്യോമസേനയിലും ഇത് സജീവമാണ്.
ഇന്ത്യക്ക് ഇപ്പോള്‍ 50 മിറാഷ് യുദ്ധ വിമാനങ്ങളുണ്ട്. ഹിമാലയന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതും മിറാഷ് വിമാനങ്ങളാണ്. ലേസര്‍ ബോംബുകള്‍,ന്യൂക്ലിയര്‍ ക്രൂയിസ് മിസൈല്‍ എന്നിവയടക്കം 6.3 ടണ്‍ ഭാരം വഹിക്കാന്‍ മിറാഷിന് ശേഷിയുണ്ട്. 14.36 മീറ്റര്‍ നീളവും 5.20 മീറ്റര്‍ ഉയരവുമുള്ള മിറാഷിന്‍റെ വിങ്സ്പാന്‍ 9.13 മീറ്ററാണ്. ദൃശ്യപരിധിക്കപ്പുറമുള്ള മിസൈല്‍ ശേഷി, ലേസര്‍ ബോംബ് വാഹകശേഷി, സാറ്റ്‍ലൈറ്റ് നാഹവിഗേഷന്‍ സിസ്റ്റം എന്നിവയും പ്രത്യേകതകള്‍.
സ്നേക്മ എം 53-പി2 ടര്‍ബാഫാന്‍ എന്‍ജിനാണ് മിറാഷ് 2000 പോര്‍വിമാനത്തിന്‍റെ കരുത്ത്. മണിക്കൂറില്‍ 2336 കിലോമീറ്റര്‍ വേഗതിയില്‍ വരെ മിറാഷ് കുതിക്കും. ആണവ പോര്‍മുനകള്‍ ഘടിപ്പിച്ച മിസൈലുകള്‍ വഹിക്കുന്ന ഒരേയൊരു പോര്‍വിമാനവും ഇതാണ്. എണ്‍പതുകളിലാണ് മിറാഷ് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ശത്രുപാളയങ്ങള്‍ തരിപ്പണമാക്കാന്‍ മുന്‍നിരയില്‍ മിറാഷ്-2000 അഥവാ ‘വജ്ര’ ഉണ്ടായിരുന്നു. എം- 2000 എച്ച്, എം 2000 ടിഎച്ച്, എം 2000 ഐടി എന്നീ ശ്രേണികളിലുള്ള മിറാഷ് വിമാനങ്ങളാണ് ഇന്ന് ഇന്ത്യൻ സേനയ്ക്കുള്ളത്.
Leave a Reply