അഡ്വ. സിജു ജോസഫ്, സോളിസിറ്റര്‍
നല്ല നാളെയ്ക്കായ് നമ്മളെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ലോക മഹാരഥന്മാരില് ഒരാളായ ഡോ;അബ്ദുള്‍ കലാം പറയുകയുണ്ടായി ” ആകാശത്തേക്കു നോക്കൂ , നമ്മള് ഒറ്റയ്ക്കല്ല , മുഴുവന്‍ പ്രപഞ്ചവും നമ്മോടൊപ്പമുണ്ട് . സ്വപ്നം കാണുന്നവര്‍ക്കും കഠിനാധ്വാനം ചെയ്യുന്നവര്‍ക്കും ഏറ്റവും മികച്ചത് നല്‍കാനാണ് പ്രപഞ്ചം സദാ ഗൂഢാലോചന നടത്തുന്നത് ”. ഈ വാക്കുകളിലെ സാരാംശം നമ്മള് മനസ്സിലാക്കുക അതിനായി കുട്ടികളെ സജ്ജരാക്കുക . ഇവിടെ നമ്മുടെ കുട്ടികളിലെ ദിശാബോധം സൃഷ്ടിക്കേണ്ടത് നമ്മളാണ് , അവരെ അങ്ങനെ ചിന്തിക്കാന്‍ അല്ലങ്കില്‍ ചിന്തിപ്പിക്കാന്‍ പ്രാപ്തരാക്കണം , വേണ്ട പ്രചോദനം നല്‍കണം , വേണ്ട സാഹചര്യമൊരുക്കണം .
നല്ല ജീവിത സാഹചര്യങ്ങള്‍ക്കായി സ്വപ്നം കണ്ട നമ്മള് സ്വപ്നചിറകിലേറി യുകെയില്‍ എത്തി , അവിടെ കണ്ടത് ഒരു പുതിയ ആകാശവും ഒരു പുതിയ ഭൂമിയും . ജോലിയിലെ കഷ്ടപ്പാടുകള്‍ ഒന്നൊഴിച്ചാല്‍ ദേവലോകത്തെ അസുരന്മ്മാരെപ്പോലെയാണ് ജീവിതം , പണവും ജീവിത സുഖങ്ങളും ഓരോരുത്തരെയും വല്ലാതെ വലിഞ്ഞു മുറുക്കി , കുട്ടികളെ ഉയര്‍ന്ന നിലയില്‍ എത്തിക്കണമെന്ന ആഗ്രഹം എല്ലാവരുടെയും ഉപബോധമനസ്സില്‍ ഉണ്ടെങ്കിലും , കുട്ടികള്‍ നല്ലൊരു ശതമാനവും അവരുടെതായ രീതിയില്‍ പഠിക്കുന്നു അല്ലങ്കില്‍ ജീവിക്കുന്നു. ഇവിടെ ആര് ഇവരെ ചിന്തിക്കാന്‍ , അല്ലങ്കില്‍ ചിന്തിപ്പിക്കാന്‍ പ്രാപ്തരാക്കും , വേണ്ട പ്രചോദനം നല്‍കും , വേണ്ട സാഹചര്യമൊരുക്കും.
കേരളത്തിലെ കലാലയങ്ങളിലെ അവസ്ഥയല്ല യുകെയിലുള്ളത് , കേരളത്തിലെ പഠന രീതിയല്ല യുകെയിലുള്ളത് . തികച്ചും വ്യത്യസ്തമായ ചുറ്റുപാടുകള്‍ വ്യത്യസ്തമായ സംസ്കാരം വ്യത്യസ്തമായ രീതികള്‍. ഇവിടെ ചെകുത്താനും കടലിനും ഇടയില്പ്പെട്ടുപോയോ എന്ന തോന്നല്‍ ചിലരിലെങ്കിലുംതോന്നിയിട്ടുണ്ടാകാം.
ഒരുവശത്ത് നമ്മുക്ക് പൈതൃകമായി ലഭിച്ച സംസ്കാരം , മറുവശത്ത് ആര്‍ജ്ജിച്ചെടുക്കാന്‍ ശ്രമിക്കുന്നതോ അല്ലെങ്കില്‍ വന്നുചേര്‍ന്നതുമായ സംസ്കാരം , ഇതൊന്നുമല്ലാതെ ശരിയായ പാശ്ചാത്യസംസ്കാരത്തില്‍ ജീവിക്കുന്ന നമ്മുടെ കുട്ടികള്‍. അങ്ങനെ ഒരു കുടുംബത്തില്‍ തന്നെ മൂന്നോ അധിലധികമോ ഉള്ള ഒരുസമ്മിശ്ര സംസ്കാരത്തില്‍ വളരുന്ന നമ്മുടെ കുട്ടികളുടെ ദിശാബോധം എങ്ങനെയെന്നുള്ള കാര്യത്തില്‍ മാതാപിതാക്കള്‍ക്ക് പോലും തീരുമാനമെടുക്കാന്‍ പറ്റാതെ ബുദ്ധിമുട്ടുന്നു.
ഇവിടെയാണ് നമ്മുടെ ജീവിത ലക്ഷ്യത്തെ നാം തന്നെ വിലയിരുത്തേണ്ടത് , നമ്മളെ ശിക്ഷണത്തിലൂടെ വളര്‍ത്തിയ മാതാപിതാക്കളുടെ രീതികളും നമ്മള്‍ക്ക് പ്രചോദനം നല്കിയ മഹാരഥന്മ്മാരുടെ വചസ്സുകളും നമ്മള്‍ക്ക് ലഭിച്ച സാമൂഹിക പശ്ചാത്തലവും ഒരു പരിധിവരെയെങ്കിലും ഒരുക്കികൊടുക്കാന്‍ കഴിയുന്നുവെങ്കില്‍ നമ്മള്‍ക്ക് ഇവരെയും നല്ലനാളെയ്ക്കായി സ്വപ്നം കാണാന്പഠിപ്പിക്കാം.
ഓരോ സ്വപ്നങ്ങളും മനുഷ്യനെ ചിന്തിപ്പിക്കാം , അല്ലങ്കില്‍ ഓരോ ചിന്തകളും മനുഷ്യ മനസ്സിലെ അഗ്നി സ്പുല്ലിംഗങ്ങളാകാം , പെട്ടന്നുണ്ടാകുന്ന ഇവയായിരിക്കാം നമ്മുടെ കുട്ടികളെ ഔന്ന്യത്തിലേക്കും ഉയര്‍ച്ചയിലേക്കും എത്തിക്കുക.
കൗമാരക്കാരായ നമ്മുടെ കുട്ടികള്‍ ഇന്ന് എത്തിപ്പെടുന്നത് പഠിക്കാനോ ചിന്തിക്കാനോ അല്ല മറിച്ച് ജീവിത സുഖങ്ങള്‍ തേടിയുള്ള അന്വേഷണത്തിലാണ് . മദ്യപാനവും മയക്കുമരുന്നും ലൈംഗികസുഖങ്ങളിലേക്ക് ഇവരെ നയിക്കുകയാണ് ചെയ്യുന്നത് , ഇതില്‍ പെണ്കുട്ടിയെന്നോ ആണ്കുട്ടിയെന്നോ വ്യത്യാസമില്ല . യുകെയില്‍ നിലനില്‍ക്കുന്ന അമിത വ്യക്തി സ്വാതന്ത്ര്യം അല്ലെങ്കില്‍ അമിത മനുഷ്യാവകാശങ്ങള്‍ ഇവരെ ശ്വാസിക്കാനോ ശിക്ഷിക്കാനോ സാധ്യമല്ലാത്ത അവസ്ഥയില്‍ എത്തിച്ചിരിക്കുന്നു. ഇവിടേക്ക്എത്തിക്കുന്ന , അല്ലങ്കില്‍ എത്തിപ്പെടുന്ന കാരണങ്ങളാണ് നാം വിലയിരുത്തേണ്ടത്.
കുട്ടികള്‍ ശരിയായ ദിശയില്‍ സഞ്ചരിക്കാത്തതില്‍ മത സാമുദായിക കൂട്ടായ്മ്മകള്‍ക്കും സാംസ്കാരിക സംഘടനകള്‍ക്കും വലിയ സ്ഥാനമാണുള്ളത് . ഇവിടെ ഇതിനൊക്കെ നമ്മള് കല്‍പ്പിക്കുന്ന സ്ഥാനത്തിനാണ് പ്രാധാന്യം. ഒരു വ്യക്തിയുടെ ആത്മീയ വളര്ച്ചയെന്നപ്പോലെ തന്നെ സാമൂഹിക വളര്‍ച്ചയും അതിപ്രാധാനമാണ്. ഒരു വ്യക്തിയിലെ വിശ്വാസ രാഹിത്യങ്ങള്‍ വളര്‍ത്തുമ്പോള്‍ അവരിലെ സാമൂഹിക പ്രബുദ്ധത വളരുന്നില്ലങ്കില്‍ അവന് സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടാം. ഇത് അവനില്‍ ചിലപ്പോള്‍ മാനസ്സികമായ ഒറ്റപ്പെടലുകളും സംഭവിക്കാം , ഇത് അവനിലെ ജീവിത യാത്രയിലെ ലക്ഷ്യത്തില്‍ എത്തിച്ചേരുന്നതിനുള്ള വിലങ്ങുതടിയാകാം. സമൂഹത്തിലിറങ്ങി പ്രവര്‍ത്തിക്കുന്നവരെ സമൂഹം വീക്ഷിക്കും എന്ന തോന്നല്‍ തന്നെ ഓരോ വ്യക്തിയിലും മാറ്റങ്ങള്‍ വരുത്താം. സാമൂഹിക ജീവിതത്തിന് അസോസിയേഷനുകളും മറ്റ് സംഘടനകളും വഹിക്കുന്ന പങ്ക് വലുതാണ്. അവിടെ ആരാണ് നേതൃത്വത്തില്‍ ഉള്ളത് എന്ന് നോക്കാതെ നമ്മുടെ കുട്ടികളെ പങ്കെടുപ്പിക്കുകയോ കൊണ്ടുപോകുകയോ ചെയ്യുമ്പോഴാണ് നമ്മളിലെ സാമുഹിക പ്രബുദ്ധത നമ്മുടെ കുട്ടികളിലേക്ക് പകര്‍ന്ന് നല്കാന് കഴിയുന്നത്.
ചെറിയ പ്രായത്തില്‍ കുട്ടികളുമായി പരമാവധി സമയം ചിലവഴിക്കാന്‍ സമയം കണ്ടെത്തിയാല്‍ അവരുമായി കൂടുതല്‍ അടുത്ത ബന്ധം സ്ഥാപിക്കാനും ഇത് പ്രായമായാലും നിലനിറുത്താനും മാതാപിതാക്കള്‍ക്ക് സാധിക്കും . അവരെ സ്വാധിനിക്കാന്‍ കഴിയുന്ന നിര്‍ണ്ണായക ശക്തിയായി മാതാപിതാക്കള്‍ക്ക് മാറാന്‍ കഴിയും.
സ്വകാര്യത എന്ന് പറഞ്ഞ് മാറാതെ നമ്മുടെ കുട്ടികളുടെ പഠന സാമഗ്രഹികളും മൊബൈല്‍ , ലാപ്ടോപ് , കംപ്യുട്ടര്‍ , കിടപ്പ് മുറി തുടങ്ങിയവയൊക്കെ ചെറുപ്പം മുതലേ വളരെ സൗഹാര്‍ദ്ദപരമായ ഇടപെടലുകളിലൂടെ വീക്ഷിച്ചാല്‍ അല്ലെങ്കില്‍ ശ്രദ്ധിച്ചാല്‍ മക്കളും മാതാപിതാക്കളും തമ്മിലുള്ള സ്വകാര്യത ഒരു പരിധിവരെ ഇല്ലാതാവും. മാതാപിതാക്കളും മക്കളും തമ്മിലുള്ള ഒരു ആത്മ ബന്ധം സൃഷ്ടിച്ചെടുക്കാന്‍ സാധിക്കും . ഇതിലൂടെ നേര്‍വഴിയില്‍ ചരിക്കുന്നതിന് കുട്ടികളില്‍ വേണ്ട നിര്‍ണ്ണായക സ്വാധീനം നടത്താന്‍ കഴിയും. ‘അടക്ക മടിയില്‍ വയ്ക്കാം എന്നാല്‍ അടയ്ക്കാ മരം മടിയില്‍ വയ്ക്കാന്‍ കഴിയില്ല’ എന്നത് മാതാപിതാക്കള്‍ ചിന്തിക്കുന്നത് നന്നാവും.
ജീവിത വിജയത്തിനായുള്ള കുട്ടികളുടെ ദിശാബോധത്തില് വര്‍ത്തമാന പത്രങ്ങളും മഹാരഥന്മാരുടെ ജീവിത കഥകളും മറ്റ് പുസ്തകങ്ങളും വായിക്കുന്നത് കുട്ടികളിലെ ചിന്തകളെയും അറിവിനെയും ഉയര്‍ത്താന്‍ കഴിയും. അങ്ങനെ മോശകരമായ കാര്യങ്ങള്‍ കുറച്ചുമാത്രം ചിന്തിക്കുകയും ഒരു നല്ല നാളെയ്ക്കായി മനസ്സിനെയും സമൂഹത്തെയും വാര്‍ത്തെടുക്കുന്നതിനായി വ്യക്തിത്വം രൂപപ്പെടുകയും ചെയ്യും.
കുട്ടികളുടെ നല്ല ഭാവിക്കായി സ്വപ്നം കാണുന്ന മാതാപിതാക്കളുടെ കരങ്ങള്‍ക്ക് ശക്തിയേകാനും , കേരളത്തില്‍ നിന്ന് യുകെയിലേക്ക് കുടിയേറിയ ഈ മലയാളികളെ നാളെ യുകെയില്‍ നയിക്കാന്‍ നമ്മുടെ കുട്ടികള്‍ സജ്ജരാകട്ടെ. ശരിയായ ദിശാബോധത്തിലൂടെ ഈ യുവത്വത്തെ ശക്തിപ്പെടുത്താന്‍ യുകെയിലെ മത സാമുദായിക കൂട്ടായ്മ്മകള്‍ക്കും സാംസ്കാരിക സംഘടനകള്‍ക്കും സര്‍വ്വോപരി മാതാപിതാക്കള്‍ക്കും കഴിയട്ടെ എന്നാശംസിക്കുന്നു.
യുകെയിലെ എല്ലാ മലയാളികള്‍ക്കും സര്‍വ്വോപരി കുട്ടികള്‍ക്കും യുവാക്കള്‍ക്കും പ്രത്യേകം പുതുവത്സര ആശംസകള്‍ നേരുന്നു . 2016 പിറക്കുമ്പോള്‍ കുട്ടികളില്‍ ഒരു പുതിയ ദിശാബോധം പിറവിയെടുക്കുന്നതിനായി മാതാപിതാക്കളുടെ കരങ്ങള്‍ക്ക് ശക്തി പകരട്ടെയെന്ന് ആശംസിക്കുന്നു.
യുകെയിലെ അറിയപ്പെടുന്ന സാമുഹിക നിരീക്ഷകനും സോളിസിറ്ററും, യുക്മ നോര്‍ത്ത് വെസ്റ്റ് റീജീയന്‍ പ്രസിഡണ്ടുമായ അഡ്വ.സിജു ജോസഫ് ,യുകെയിലെ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും നല്കുന്ന പുതുവത്സര സന്ദേശം.