ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലോകത്തെവിടെയും കോവിഡ് -19ന്റെ ദുരിതങ്ങൾ ഏറ്റവും കൂടുതൽ ഏറ്റുവാങ്ങുന്നതു പ്രവാസി മലയാളികളാണ്. മൾട്ടയിലെ സ്ഥിതിയും വ്യത്യസ്തമല്ല. മാൾട്ടയിൽ നിന്നും മലയാളം യുകെയുമായി അനുഭവങ്ങൾ പങ്കുവച്ച ജിബിൻ ജോയിയുടെയും ജിതിൻ ജോർജിൻെറയും വാക്കുകളിൽ മാൾട്ടയിലെ മലയാളി സമൂഹം നേരിടുന്ന പ്രതിസന്ധികളുടെ ആഴം വ്യക്തമായിരുന്നു .
ജിബിൻ തൊടുപുഴ സ്വദേശിയും ജിതിൻ പൊൻകുന്നം സ്വദേശിയുമാണ്. രണ്ടുപേരും മാൾട്ടയിൽ എത്തിയിട്ട് രണ്ടു വർഷത്തോളം ആകുന്നേയുള്ളു .കോവിഡ്-19 ന്റെ ഈ തീവ്ര കാലഘട്ടത്തിലും രണ്ടുപേർക്കും ജോലിക്ക് പോകണം. കേരളത്തിൽ നിന്ന് വ്യത്യസ്തമായി കൊറോണാ വൈറസ് എന്ന യാഗാശ്വത്തെ പിടിച്ചുകെട്ടാൻ പരാജയപ്പെടുന്നതിന്റെ രേഖാചിത്രം നമുക്ക് ഇവരുടെ വാക്കുകളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കും.

വെറും 300 സ്ക്വയർകിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഒരു കൊച്ചു ദ്വീപ് ആണെങ്കിലും ജനസാന്ദ്രതയിൽ മാൾട്ടയ്ക്ക് ഏഴാം സ്ഥാനമുണ്ട്. ടൂറിസം മേഖലയെ വരുമാനത്തിനു വേണ്ടി വളരെയധികം ആശ്രയിക്കുന്ന മാൾട്ട . ഒട്ടുമിക്ക നിത്യ ഉപയോഗ സാധനങ്ങൾക്കുമായി തൊട്ടടുത്ത അയൽരാജ്യമായ ഇറ്റലിയെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ ഇറ്റലിയിൽ കോവിഡ് -19 ഏൽപ്പിച്ച ആഘാതത്തിന്റെ അലയൊലികൾ നിന്ന് സ്വാഭാവികമായും മൾട്ടയ്ക്ക് ഒഴിഞ്ഞുമാറാൻ സാധിക്കില്ല. ഏകദേശം ഒരു മാസം മുമ്പ് ആദ്യമായി മാൾട്ടയിൽ കോവിഡ് -19 റിപ്പോർട്ട് ചെയ്യപ്പെട്ടതു തന്നെ ഇറ്റലിക്കാരായ മാതാപിതാക്കൾക്കും 12 വയസ്സുകാരിയായ കുട്ടിക്കും ആണ്. കേരളത്തിലെ ഒന്നോ രണ്ടോ ഡിസ്‌ട്രിക്റ്റുകളുടെ മാത്രം വലിപ്പമുള്ള മാൾട്ടയിൽ ഇന്ന് മാൾട്ടയിൽ 202 ആൾക്കാർ കൊറോണ വൈറസ് രോഗബാധിതരാണ്.

കൊറോണ സമയത്തും മാൾട്ടയിലെ തെരുവുകളിൽ വാഹനങ്ങൾക്ക്‌ കുറവൊന്നുമില്ല . ഫോട്ടോ: ജിതിൻ ജോർജ്

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പക്ഷേ ഇന്ത്യയുടേതുപോലെ ശക്തമായ ഒരു നടപടിയെടുക്കാൻ മാൾട്ടാ സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. സമ്പദ് വ്യവസ്ഥയിൽ അത് ഏൽപ്പിക്കുന്ന ആഘാതം തന്നെ ഇതിന് കാരണം. ഫാക്ടറികളും മറ്റും മുൻപത്തേതു പോലെ തന്നെ പ്രവർത്തിക്കുന്നു. അതുകൊണ്ടുതന്നെ പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ജോലിക്കാർ തൊഴിൽ സ്ഥലങ്ങളിലേക്ക് പോകാൻ നിർബന്ധിതരാകുന്നു. ഇത് എത്രമാത്രം കൊറോണ വൈറസ് ബാധയുടെ സാമൂഹ്യ വ്യാപനം കൂട്ടും എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. യൂറോപ്പിലെ മറ്റേത് സ്ഥലത്തെയും പോലെ മാൾട്ടയിൽ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന ഭൂരിഭാഗവും മലയാളികളാണ്. അത് അവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഇടയിൽ ഉണ്ടാക്കിയിരിക്കുന്ന മാനസികസംഘർഷം ചില്ലറയൊന്നുമല്ല. ഈ സാഹചര്യത്തിലാണ് മാൾട്ടയിലെ പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള സമൂഹം കൊറോണ വൈറസിനെതിരെ ഗവൺമെന്റ് ശക്തമായ നിലപാട് എടുത്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നത്.

ജിബിൻ ജോയ് സോഫ്റ്റ് വെയർ മേഖലയിലും ജിതിൻ ജോർജ് കമ്പനി സൂപ്പർ വൈസറുമായിട്ടാണ് ജോലി ചെയ്യുന്നത് . വരും ദിവസങ്ങളിൽ മാൾട്ടയിലെ പ്രവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച്  രണ്ടുപേരും മലയാളം യുകെയിൽ എഴുതുന്നതായിരിയ്ക്കും .