ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
എൻഎച്ച്എസ് യൂണിയൻ നേതാക്കളും സർക്കാരും തമ്മിൽ ധാരണയായ ശമ്പളപരിഷ്കരണത്തിന് ഭൂരിപക്ഷം യൂണിയനുകളും അംഗീകാരം നൽകി. എന്നാൽ എൻഎച്ച്എസ് ജീവനക്കാരിലെ നേഴ്സുമാരെ പ്രതിനിധീകരിക്കുന്ന റോയൽ കോളേജ് ഓഫ് നേഴ്സിങ്ങും യുണൈറ്റും പുതിയ ശമ്പള കരാറിന് തങ്ങളുടെ അംഗങ്ങൾ അനുകൂലമല്ലെന്ന് വ്യക്തമാക്കിയിരുന്നു. ഈ രണ്ടു യൂണിയനുകളിലെയും ഭൂരിപക്ഷം അംഗങ്ങളും ശമ്പള കരാറിനെ എതിർത്ത് വോട്ട് ചെയ്തതോടെ കൂടുതൽ മെച്ചപ്പെട്ട ശമ്പള കരാറിനായി വീണ്ടും സമരം ചെയ്യുമെന്ന് ആർസി എന്നിന്റെയും യുണൈറ്റിന്റെയും നേതാക്കൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ഭൂരിപക്ഷം യൂണിയനുകളും പിന്തുണച്ചതിനാൽ പുതുക്കിയ ശമ്പള കരാറുമായി മുന്നോട്ടു പോകാൻ സർക്കാരിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഏറ്റവും പുതിയതായി ആംബുലൻസ് തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ പ്രതിനിധീകരിക്കുന്ന ജി എം ബി യൂണിയൻ തങ്ങളുടെ ഭൂരിപക്ഷ അംഗങ്ങളും കരാറിന് അനുകൂലമാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതോടെ 14 എൻഎച്ച്എസ് യൂണിയനുകളിലെ ഭൂരിഭാഗം യൂണിയൻ നേതാക്കളും അടുത്ത ആഴ്ച മന്ത്രിമാരെ കണ്ട് കരാറിന് പിന്തുണ നൽകാനാണ് സാധ്യത. ഇതോടെ 2022 – 23 വർഷത്തേയുക്ക് 5 ശതമാനം ശമ്പള വർദ്ധനവും ഒറ്റത്തവണയായി 1655 പൗണ്ടും അനുവദിക്കുന്ന പുതിയ ശമ്പള കരാർ നടപ്പിലാക്കാൻ സർക്കാരിന് സാധിക്കും. പുതുക്കിയ ശമ്പള കരാറിൽ ജൂനിയർ ഡോക്ടർമാർ ഉൾപ്പെടുന്നില്ല. 35 ശതമാനം ശമ്പള വർദ്ധനവിനായി ജൂനിയർ ഡോക്ടർമാർ നടത്തിയ 4 ദിവസത്തെ പണിമുടക്ക് ആരോഗ്യ മേഖലയെ സ്തംഭിപ്പിച്ചിരുന്നു.
യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരാണ്. അതുകൊണ്ടുതന്നെ പുതുക്കിയ ശമ്പള കരാറിനെ കുറിച്ചുള്ള സജീവമായ ചർച്ചകളാണ് മലയാളി സമൂഹത്തിൽ നടക്കുന്നത്. നിർദിഷ്ട ശമ്പള പരിഷ്കരണത്തിൽ എൻഎച്ച്എസ്സിൽ ജോലി ചെയ്യുന്ന ഒട്ടുമിക്ക മലയാളികളും തൃപ്തരല്ല എന്ന വാർത്ത മലയാളം യുകെ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. സമരകാലത്തെ കുറിച്ച് അത്ര സുഖകരമായ ഓർമ്മകളല്ല എൻഎച്ച്എസിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് ഉള്ളത്. അതിൻറെ പ്രധാനകാരണം സമരകാലത്ത് അനുഭവിക്കേണ്ടതായി വന്ന അമിത ജോലിഭാരമാണ്. തദ്ദേശീയരായ ജീവനക്കാർ സമരമുഖത്തിറങ്ങിയപ്പോൾ അവശ്യ സേവനങ്ങൾ തടസ്സപ്പെടാതിരിക്കാൻ സേവന തത്പരരെന്ന് പേരെടുത്ത മലയാളി നേഴ്സുമാർക്ക് ഊണും ഉറക്കവും ഉപേക്ഷിച്ച് ജോലി എടുക്കേണ്ടതായി വന്നു.
Leave a Reply