ന്യൂസ് ഡെസ്ക്, മലയാളം യുകെ

കമ്മ്യൂണിറ്റി ഡയഗ്‌നോസ്റ്റിക് സെൻ്ററുകൾ (സിഡിസി) സ്ഥാപിച്ചത് വഴി എക്സ്-റേ, സ്കാൻ തുടങ്ങിയ സുപ്രധാന പരിശോധനകൾ വേഗത്തിലാക്കി എൻഎച്ച്എസ്. ഇംഗ്ലണ്ടിലുടനീളം 160 കമ്മ്യൂണിറ്റി ഡയഗ്‌നോസ്റ്റിക് സെൻ്ററുകളാണ് സ്ഥാപിതമായിരിക്കുന്നത്. ആശുപത്രി സന്ദർശനങ്ങളെ അപേക്ഷിച്ച് വേഗത്തിലുള്ള പരിശോധനയും രോഗനിർണ്ണയവും നൽകുന്നതിനായാണ് സിഡിസികൾ കൊണ്ടുവന്നിരിക്കുന്നത്.

കമ്മ്യൂണിറ്റി ഡയഗ്നോസ്റ്റിക് സെൻ്ററുകളിലെ (സിഡിസി) വേഗത്തിലുള്ള സേവനം, സൗകര്യപ്രദമായ സ്ഥലങ്ങൾ, പരിചരണത്തിൻ്റെ ഗുണനിലവാരം എന്നിവയാണ് രോഗികൾ ഇവ തിരഞ്ഞെടുക്കാനുള്ള കാരണങ്ങളായി സർവേ പറയുന്നത്. സർവേയിൽ പങ്കെടുത്ത 87% പേർക്കും നല്ല അനുഭവം ഉണ്ടായതായാണ് റിപ്പോർട്ട് ചെയ്‌തത്‌. ഷോപ്പിംഗ് സെൻ്ററുകൾ, ഹെൽത്ത് സെൻ്ററുകൾ, കമ്മ്യൂണിറ്റി ഹോസ്പിറ്റലുകൾ എന്നിവിടങ്ങളിലെല്ലാം കമ്മ്യൂണിറ്റി ഡയഗ്നോസ്റ്റിക് സെൻ്ററുകൾ (സിഡിസി) ഉണ്ട്.

സിടി, എംആർഐ സ്കാനുകൾ, നോൺ-ഒബ്സ്റ്റട്രിക് അൾട്രാസൗണ്ടുകൾ, എക്കോകാർഡിയോഗ്രാം എന്നിവ പോലുള്ള ഡയഗ്നോസ്റ്റിക് പരിശോധനകൾക്കായി ദീർഘനാൾ കാത്തിരിക്കുന്നത് തടയാനാണ് എൻഎച്ച്എസ് ഇംഗ്ലണ്ട് കമ്മ്യൂണിറ്റി ഡയഗ്‌നോസ്റ്റിക് സെൻ്ററുകൾ തുടങ്ങിയത്. രോഗനിർണ്ണയ പരിശോധനയ്ക്കായി രോഗികൾ ആറാഴ്ചയിൽ കൂടുതൽ കാത്തിരിക്കരുതെന്ന് എൻഎച്ച്എസ് ഭരണഘടന പറയുന്നുണ്ടെങ്കിലും, ഇതുവരെയും ഇത് നടപ്പിലാക്കാൻ എൻഎച്ച്എസിന് സാധിച്ചിട്ടില്ല. ഇപ്പോഴും 21% രോഗികളും രോഗനിർണ്ണയ പരിശോധനകൾക്കായി ആറ് ആഴ്ചയിൽ കൂടുതൽ കാത്തിരിക്കേണ്ടതായി വരുന്നുണ്ട്.