ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടീഷ് സർക്കാരിൻെറ വിദേശ തൊഴിലാളികൾക്ക് നേരെയുള്ള പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കിയാൽ എൻ.എച്ച്.എസും സോഷ്യൽ കെയർ സംവിധാനവും തകരുമെന്ന് റോയൽ കോളേജ് ഓഫ് നേഴ്സിംഗ് (RCN) മുന്നറിയിപ്പ് നൽകി. സർക്കാരിൻെറ ഈ നടപടിയെ നിരവധി പേരാണ് വിദ്വേഷപരം എന്ന് ചൂണ്ടിക്കാട്ടി വിമർശിച്ചുകൊണ്ട് രംഗത്ത് വന്നത്. ലേബർ പാർട്ടി അവതരിപ്പിച്ച പുതിയ നിയമപ്രകാരം, വിദേശ തൊഴിലാളികൾക്ക് സ്ഥിരതാമസം ലഭിക്കാനുള്ള സമയം 5 വർഷത്തിൽ നിന്ന് 10 വർഷമായി ഇരട്ടിയായിട്ടുണ്ട്. സ്ഥിരതാമസം ലഭിച്ചാൽ മാത്രമേ ഇവർക്ക് ബെനിഫിറ്റുകൾ, ടാക്സ് ഫ്രീ ചൈൽഡ് കെയർ, ഹൗസിംഗ് സപ്പോർട്ട്, ഡിസബിലിറ്റി അലവൻസ് തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിദേശ നേഴ്സിംഗ് സ്റ്റാഫില്ലാതെ ആരോഗ്യസംവിധാനം നിലനിൽക്കില്ലെന്നും മറ്റ് രാജ്യങ്ങൾ, നേഴ്‌സുമാർക്ക് അവസരം നൽകുമ്പോൾ യുകെ സ്വീകരിക്കുന്ന ഈ നടപടി വിപരീതമായി രാജ്യത്തിനെ ബാധിക്കുമെന്ന് ആർ.സി.എൻ. ജനറൽ സെക്രട്ടറിയായ പ്രൊഫ. നിക്കോള റേഞ്ചർ പറഞ്ഞു. സർക്കാരിൻെറ ഈ നടപടി ആവശ്യമായ ആനുകൂല്യങ്ങൾ നിരസിക്കുകയും ദാരിദ്ര്യം വർദ്ധിപ്പിക്കുകയും ചെയ്യും എന്നും ആർസിഎൻ ചൂണ്ടിക്കാട്ടി. ഇപ്പോഴുള്ള കണക്കുകൾ പ്രകാരം, ഇംഗ്ലണ്ടിലെ എൻ എച്ച് എസ് ജീവനക്കാരിൽ അഞ്ചിൽ ഒരാൾ വിദേശികളാണ്.

നിലവിൽ നടപടിയിൽ വരുത്തുന്ന മാറ്റങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ആരോഗ്യരംഗത്തുള്ളവരെയാണ്. സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയതനുസരിച്ച്, പുതിയ നിയമം നിലവിലുള്ള കുടിയേറ്റക്കാരെ ബാധിക്കില്ല. എന്നിരുന്നാലും ഇത്തരക്കാർക്ക് 5 വർഷത്തിന് ശേഷം പൗരത്വം നൽകുന്നത് പരിമിതപ്പെടുത്താനുള്ള മാർഗങ്ങൾ പരിശോധിക്കുന്നതായും പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നു. വിദേശത്ത് നിന്നുള്ള ആരോഗ്യപ്രവർത്തകരുടെ സേവനത്തിന് നന്ദിയുണ്ടെങ്കിലും നെറ്റ് മൈഗ്രേഷൻ കുറയ്ക്കേണ്ടത് അത്യാവശ്യമാണെന്ന് സർക്കാരിന്റെ വക്താവ് പറയുന്നു.