ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ഇറ്റ്‌സ് കമിങ് ഹോം എന്ന ആരാധകരുടെ പ്രതീക്ഷ ഇരട്ടിയാക്കുകയാണ് ഇംഗ്ലണ്ട്. വെയിൽസിനെ എതിരില്ലാത്ത മൂന്നു ഗോളിന് തകർത്ത് രാജകീയമായി ലോകകപ്പ് പ്രീ-ക്വാർട്ടറിലേക്ക് കടന്ന് ഇംഗ്ലണ്ട്. വെയില്‍സിനെതിരെ ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ രണ്ട് മിനിറ്റിന്‍റെ ഇടവേളയില്‍ രണ്ട് ഗോളടിച്ചാണ് ഇംഗ്ലണ്ട് ആധികാരിക ജയവുമായി പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ഇംഗ്ലണ്ടിനായി മാര്‍ക്കസ് റാഷ്ഫോര്‍ഡ് രണ്ട് ഗോള്‍ നേടിയപ്പോള്‍ ഫില്‍ ഫോഡന്‍റെ വകയായിരുന്നു മൂന്നാം ഗോള്‍.

ആദ്യ അര മണിക്കൂറില്‍ 76 ശതമാനം പന്ത് ഇംഗ്ലണ്ടിന്‍റെ കാലിലായിരുന്നു. 38ാം മിനിറ്റില്‍ ലീഡെടുക്കാന്‍ ഫോഡന് അവസരം ലഭിച്ചെങ്കിലും നേരിയ വ്യത്യാസത്തില്‍ പന്ത് പുറത്തുപോയി. ഗോൾ മാത്രം അകന്നുനിന്നു. എന്നാല്‍ ആദ്യ പകുതിയില്‍ കണ്ട ഇംഗ്ലണ്ടിനെയല്ല രണ്ടാം പകുതിയില്‍ കണ്ടത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബോക്സിന് പുറത്ത് ഫില്‍ ഫോഡനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കില്‍ നിന്ന് മാര്‍ക്കസ് റാഷ്ഫോര്‍ഡ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. 50-ാം മിനിറ്റില്‍ ലീഡെടുത്ത ഇംഗ്ലണ്ടിന്‍റെ രണ്ടാം ഗോളിന് ഒരുമിനിറ്റിന്‍റെ ഇടവേളയെ ഉണ്ടായിരുന്നുള്ളു. ഹാരി കെയ്ന്‍ തളികയിലെന്നവണ്ണം നല്‍കിയ ക്രോസില്‍ ഫില്‍ ഫോഡന്‍റെ മനോഹര ഫിനിഷിംഗ്. ഇംഗ്ലണ്ട് രണ്ട് മിനിറ്റിനുള്ളില്‍ രണ്ട് ഗോള്‍ നേടി 2-0ന് മുന്നിലെത്തി. രണ്ട് ഗോള്‍ വീണതോടെ വെയില്‍സ് ഉണര്‍ന്നു. തൊട്ടുപിന്നാലെ ഇംഗ്ലണ്ട് ബോക്സില്‍ തുടര്‍ച്ചയായി രണ്ട് അവസരങ്ങള്‍ വെയ്ല്‍സിന് നഷ്ടമായി. എന്നാല്‍ ആക്രമണം മറക്കാതിരുന്ന ഇംഗ്ലണ്ട് 68-ാം മിനിറ്റില്‍ റാഷ്ഫോര്‍ഡിലൂടെ വീണ്ടും ലീഡുയര്‍ത്തി.

ഗ്രൂപ്പ് ബിയിൽ ഏഴ് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഇംഗ്ലണ്ട്. യുഎസ്എ രണ്ടാമത്. പ്രീ ക്വാർട്ടറിൽ സെനഗലാണ് ഇംഗ്ലണ്ടിന്റെ എതിരാളി. 1958 ന് ശേഷമുള്ള അവരുടെ ആദ്യ ലോകകപ്പിന് യോഗ്യത നേടിയ അഭിമാനത്തോടെയാണ് വെയിൽസ് ഖത്തറിൽ എത്തിയത്. എന്നാൽ, ആരാധകർ പ്രതീക്ഷിച്ചതുപോലെ മികച്ച കളി പുറത്തെടുക്കാൻ ബെയ്‌ലിനും കൂട്ടർക്കും കഴിഞ്ഞില്ല