ന്യൂസ് ഡെസ്ക് മലയാളം യുകെ

ഹൃദയാഘാതവും സ്ട്രോക്കുമുള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ക്ക് കാരണക്കാരനാണ് അമിത കൊളസ്ട്രോള്‍. എന്നാൽ കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള മരുന്നുകളെ ആശങ്കയോടെയാണ് പലരും കാണുന്നത്. സ്റ്റാറ്റിന്‍ മരുന്നുകളെ പറ്റിയാണ് ആശങ്കകൾ ഏറെയും. എന്നാൽ കൊളസ്ട്രോള്‍ മരുന്നുകളെ പേടിക്കേണ്ടതില്ലെന്ന് പറയുകയാണ് എൻ എച്ച് എസ് ഡോക്ടർമാർ. പരിധിവിട്ട് ഉയരുന്ന കൊളസ്ട്രോളിനെ തടഞ്ഞു, മാരകരോഗങ്ങളില്‍ നിന്നും രക്ഷിക്കാന്‍ മരുന്നു ചികിത്സ കൂടിയേ തീരൂ.

എന്താണ് കൊളസ്ട്രോൾ?

കൊളസ്ട്രോൾ നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ഒരു പദാർഥമാണ്. ശരീരപ്രവർത്തനത്തിനാവശ്യമായ ഊർജ്ജം ഉല്പാദിപ്പിക്കുവാനും, കോശങ്ങളുടെ നിർമ്മാണത്തിനും ഉൾപ്പെടെ നിരവധി ശരീരാവശ്യങ്ങൾക്ക് കൊളസ്ട്രോൾ വേണം. നമ്മുടെ ശരീരത്തിനാവശ്യമായ കൊളസ്ട്രോളിൽ 80 ശതമാനവും ശരീരം (കരൾ) തന്നെ നിർമ്മിക്കുന്നു. ശേഷിക്കുന്ന 20 ശതമാനം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ശരീരത്തിലെത്തും. നല്ലതും ചീത്തയുമായ ഘടകങ്ങൾ രക്തത്തിലെ കൊളസ്ട്രോളിലുണ്ട്. ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) എന്ന ചീത്ത കൊളസ്ട്രോളിന്റെ അളവ് ആവശ്യത്തിലേറെയാണെങ്കിൽ അതിനെ കുറയ്ക്കുന്നതിനാണ് പ്രധാനമായും മരുന്നുകഴിക്കുന്നത്. ഒപ്പം നല്ല കൊളസ്ട്രോളായ ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീനിന്റെ (എച്ച്ഡിഎൽ) അളവ് ആവശ്യമായ നിലയിൽ ഉയർത്താനും ഒരു പരിധിവരെ മരുന്നു സഹായിക്കും. അതിന് ഏറ്റവും നല്ലത് വ്യായാമം തന്നെ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശരീരത്തിലെ കൊളസ്‌ട്രോൾ ലിറ്ററിന് 5 മില്ലിമോളിൽ താഴെയായിരിക്കണമെന്ന് (mmol/L) എൻ എച്ച് എസ് പറയുന്നു. എച്ച്ഡിഎൽ കൊളസ്‌ട്രോൾ 1 mmol/L ന് മുകളിലും എൽഡിഎൽ (മോശം കൊളസ്ട്രോൾ) 3 mmol/L അല്ലെങ്കിൽ അതിൽ താഴെയും ആയിരിക്കണം.

സ്റ്റാറ്റിൻ മരുന്നുകൾ

കരളില്‍ കൊളസ്ട്രോള്‍ രൂപീകരണത്തിനു സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട എന്‍സൈമാണ് HMG-CoA reductase. ഈ എന്‍സൈമിന്റെ പ്രവര്‍ത്തനം ക്രമീകരിക്കാൻ ഉപയോഗിക്കുന്ന മരുന്നാണ് സ്റ്റാറ്റിൻ. രക്തക്കുഴലിൽ തടസം ഉണ്ടാവുന്നതിനെ തടയുന്നു, രക്തം കട്ടപിടിക്കുന്നതിനെ തടയുന്നു എന്നിവ ഈ മരുന്നിന്റെ സവിശേഷതകളാണ്. സ്റ്റാറ്റിന്‍ മരുന്നുകള്‍ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ 18-55% വരെ കുറയ്ക്കുന്നതായും നല്ല കൊളസ്ട്രോളായ എച്ചഡിഎല്‍ന്റെ അളവ് അഞ്ചു മുതല്‍ 15 ശതമാനം വരെ വര്‍ധിപ്പിക്കുന്നതായും പഠനങ്ങള്‍ പറയുന്നു.

സ്റ്റാറ്റിന്‍ മരുന്നുകളെക്കുറിച്ചുള്ള പ്രധാന ആരോപണം അവ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്നുവെന്നാണ്. എന്നാല്‍ അപൂര്‍വം പേരില്‍ മാത്രമേ സ്റ്റാറ്റിന്‍ പാര്‍ശ്വഫലം പ്രകടിപ്പിക്കുകയുള്ളൂ. കരള്‍ രോഗങ്ങള്‍ ഉള്ളവര്‍ സ്റ്റാറ്റിന്‍ മരുന്നുകള്‍ കഴിക്കുവാന്‍ പാടില്ല. ഗര്‍ഭിണികളും പാലൂട്ടുന്നവരും ഈ മരുന്നുകള്‍ കഴിക്കരുത്. സ്റ്റാറ്റിൻ മരുന്നു കഴിക്കുന്നവര്‍ ചിലതരം ആന്റിബയോട്ടിക്കുകളും മരുന്നുകളും കഴിക്കുമ്പോള്‍ പേശീവേദന കൂടുതലാകും. അതിനാല്‍ സ്റ്റാറ്റിന്‍ കഴിക്കുന്ന കാര്യം മറ്റേതു ഡോക്ടറെ കാണുമ്പോഴും പറയാൻ മറക്കരുത്. മരുന്നിലൂടെ മാത്രം കൊളസ്ട്രോളിനെ തടഞ്ഞു നിർത്താൻ ശ്രമിക്കരുത്. അതിന് ചിട്ടയായ വ്യായാമവും ഭക്ഷണ നിയന്ത്രണവും ശീലമാക്കണം.