ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഇംഗ്ലണ്ടിൽ ക്യാൻസർ രോഗികൾക്ക് സമയബന്ധിതമായി ചികിത്സ ലഭ്യമാക്കുന്നതിനുള്ള എൻഎച്ച്എസിന്റെ ലക്ഷ്യം കൈവരിക്കാനാകില്ലെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. 2027 മാർച്ചോടെ അടിയന്തര റഫറൽ ലഭിക്കുന്ന 80 ശതമാനം ക്യാൻസർ രോഗികൾക്കും 62 ദിവസത്തിനുള്ളിൽ ചികിത്സ ആരംഭിക്കണമെന്നതാണ് ലക്ഷ്യം. എന്നാൽ സെപ്റ്റംബറിലെ കണക്കനുസരിച്ച് 70.7 ശതമാനം രോഗികൾക്ക് മാത്രമാണ് നിശ്ചിത സമയത്തിനുള്ളിൽ ചികിത്സ ലഭിച്ചത്. ലക്ഷ്യത്തിലെത്താൻ പ്രതിമാസം 2,850 രോഗികൾക്ക് കൂടി സമയബന്ധിതമായി ചികിത്സ നൽകേണ്ടതുണ്ട്. നിലവിലെ സ്ഥിതി തുടർന്നാൽ ലക്ഷ്യത്തിൽ നിന്ന് 9,490 രോഗികളുടെ കുറവുണ്ടാകുമെന്ന് റേഡിയോതെറാപ്പി യുകെയുടെ പഠനം വ്യക്തമാക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ക്യാൻസർ ചികിത്സയ്ക്കാവശ്യമായ ഡോക്ടർമാരുടെയും ഉപകരണങ്ങളുടെയും കുറവും എൻഎച്ച്എസിലെ നേതൃത്വപരമായ വീഴ്ചകളും പ്രതിസന്ധി രൂക്ഷമാക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടി. പ്രോസ്റ്റേറ്റ്, സ്തനാർബുദ രോഗികളിൽ യഥാക്രമം 70.1, 68.8 ശതമാനം പേർക്ക് സമയബന്ധിതമായി ചികിത്സ ലഭിച്ചപ്പോൾ ശ്വാസകോശ അർബുദ രോഗികളിൽ ഇത് 60.9 ശതമാനവും ഗൈനക്കോളജിക്കൽ ക്യാൻസർ രോഗികളിൽ 60 ശതമാനവുമാണ്. തല, കഴുത്ത് എന്നിവിടങ്ങളിലെ ക്യാൻസർ ബാധിച്ചവരിൽ 56.5 ശതമാനം പേർക്ക് മാത്രമാണ് രണ്ടുമാസത്തിനുള്ളിൽ ചികിത്സ ആരംഭിക്കാനായത്. പ്രാദേശികമായും വലിയ വ്യത്യാസമുണ്ട്. മിഡ്‌ലാൻഡ്‌സിൽ 66.6 ശതമാനം പേർക്ക് മാത്രമാണ് സമയബന്ധിതമായി ചികിത്സ ലഭിച്ചത്. ലണ്ടനിൽ ഇത് 77.3 ശതമാനമാണ്.

അടിയന്തര റഫറലിന് ശേഷം 28 ദിവസത്തിനുള്ളിൽ ക്യാൻസർ രോഗനിർണയം പൂർത്തിയാക്കണമെന്ന ലക്ഷ്യവും കൈവരിക്കാനായിട്ടില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ 55.4 ശതമാനം രോഗികൾക്ക് മാത്രമാണ് ഈ സമയപരിധിക്കുള്ളിൽ രോഗനിർണയം നടത്താനായത്. ആശുപത്രികളിലെ വർധിച്ചുവരുന്ന രോഗികളുടെ എണ്ണത്തിന് അനുസരിച്ച് ചികിത്സാ സൗകര്യങ്ങളും ജീവനക്കാരുടെ എണ്ണവും ഉയരുന്നില്ലെന്നാണ് വിദഗ്ധരുടെ വിമർശനം. റേഡിയോളജിസ്റ്റുകൾ, ഓങ്കോളജിസ്റ്റുകൾ തുടങ്ങിയ വിദഗ്ധ ഡോക്ടർമാരുടെ കടുത്ത ക്ഷാമവും നിയമന മരവിപ്പിക്കലും രോഗികളുടെ കാത്തിരിപ്പ് വർധിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടുന്നു. അതേസമയം, ക്യാൻസർ ചികിത്സാ കാത്തിരിപ്പുസമയം മെച്ചപ്പെടുന്നുണ്ടെന്നും കൂടുതൽ രോഗികൾക്ക് നേരത്തേ രോഗനിർണയം നടത്തുന്നതിനും ചികിത്സ ലഭ്യമാക്കുന്നതിനുമായി ദേശീയ ക്യാൻസർ പദ്ധതി നടപ്പാക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.