ലണ്ടന്‍: എന്‍എച്ച്എസ് നേരിടുന്നത് അതി രൂക്ഷമായ ജീവനക്കാരുടെ ക്ഷാമമെന്ന് വെളിപ്പെടുത്തല്‍. പതിനൊന്നില്‍ ഒന്ന് വീതം ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുകയാണെന്ന് എന്‍എച്ച്എസ് ഇംപ്രൂവ്‌മെന്റിന്റെ ക്വാര്‍ട്ടേര്‍ലി പ്രവര്‍ത്തന റിപ്പോര്‍ട്ട് പറയുന്നു. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ എന്നീ മാസങ്ങളിലെ റിപ്പോര്‍ട്ടാണ് പുറത്തു വന്നത്. ഒരു ലക്ഷത്തിലേറെ വേക്കന്‍സികള്‍ രാജ്യത്തൊട്ടാകെയുണ്ടെന്നാണ് വ്യക്തമാക്കപ്പെടുന്നത്. ഈ മൂന്ന് മാസക്കാലയളവില്‍ ആശുപത്രികളില്‍ എത്തിയ 5.6 ദശലക്ഷത്തോളം രോഗികളെ കൈകാര്യം ചെയ്യുന്നതിലുണ്ടായ പരാജയത്തിന് കാരണവും ജീവനക്കാരുടെ രൂക്ഷമായ ക്ഷാമമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ടര ലക്ഷത്തോളം അധികം രോഗികള്‍ ആശുപത്രികളില്‍ എത്തിയെന്നാണ് കണക്ക്. ഡിസംബറില്‍ മാത്രം നാല് ലക്ഷത്തോളം പേര്‍ അഡ്മിറ്റ് ചെയ്യപ്പെട്ടു. ഈ വിന്ററില്‍ എന്‍എച്ച്എസിനു വേണ്ടി ഏറ്റവും മികച്ച തയ്യാറെടുപ്പുകളാണ് നടത്തിയതെന്ന പ്രധാനമന്ത്രിയുടെയും എന്‍എച്ച്എസ് നേതൃത്വത്തിന്റെയും അവകാശവാദങ്ങളെ പൊളിച്ചുകൊണ്ടായിരുന്നു വിന്റര്‍ ക്രൈസിസ് അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരമായ വിശ്വരൂപം കാണിച്ചത്. എക്കാലത്തെയും മികച്ച സംവിധാനങ്ങളായിരുന്നു ഒരുക്കിയതെന്ന് എന്‍എച്ച്എസ് ഇംപ്രൂവ്‌മെന്റും സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ സോഷ്യല്‍ കെയറിലേക്ക് മാറ്റേണ്ട രോഗികളെ ആശുപത്രി ബെഡുകളില്‍ നിന്ന് മാറ്റുന്നതില്‍ ട്രസ്റ്റുകള്‍ പരാജയപ്പെട്ടു.
രോഗികളുടെ തിരക്ക് വര്‍ദ്ധിക്കുകയും എ ആന്‍ഡ് ഇ, ഇലക്ടീവ് സര്‍ജറി ദേശീയ ടാര്‍ജറ്റുകള്‍ താഴേക്കാകുകയും ചെയ്തു. ട്രസ്റ്റുകളുടെ സാമ്പത്തിക നിലയില്‍ ഇടിവുണ്ടാകുകയും ചെയ്തു. ഈ സാമ്പത്തികവര്‍ഷത്തിന്റെ അന്ത്യത്തോടെ 931 മില്യന്‍ പൗണ്ടിന്റെ കമ്മി ട്രസ്റ്റുകള്‍ക്ക് ഉണ്ടാകുമെന്നാണ് പ്രവചിക്കപ്പെടുന്നത്. പ്രവചിക്കപ്പെട്ടതിനേക്കാള്‍ 435 മില്യന്‍ പൗണ്ട് കൂടുതലാണ് ഇത്. ഓട്ടം ബജറ്റില്‍ 337 മില്യന്‍ പൗണ്ട് നല്‍കുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനമെന്നിരിക്കെ ട്രസ്റ്റുകള്‍ കടക്കെണിയിലേക്ക് നീങ്ങുമെന്ന് ഉറപ്പായിരിക്കുകയാണ്.
Leave a Reply