ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- രണ്ടു കുട്ടികളുടെ അമ്മയും നാൽപത്തിയഞ്ചുകാരിയുമായ ക്ലെയർ ഹണിവുഡിന്റെ ദുരിത ജീവിതം നമ്മെ ഏവരെയും കണ്ണീരിലാഴ്ത്തുന്നതാണ്. അത്യന്തം മാരകമായ പാൻക്രിയാറ്റിക് ക്യാൻസറിന്റെ സൂചനയെ കേവലം സാധാരണമായ ഐ ബി എസ് ലക്ഷണമായി തെറ്റിദ്ധരിച്ചത് മൂലം രോഗ നിർണ്ണയം അവസാനഘട്ടത്തിലാണ് നടത്തപ്പെട്ടത്. ഇനി 18 മാസം മാത്രം ആയുസാണ് ഡോക്ടർമാർ അവൾക്ക് വിധി എഴുതിയിരിക്കുന്നത്. കഴിഞ്ഞ വർഷം അവസാന ആഴ്ചകളോളം വയറുവേദന ക്ലെയറിനു അനുഭവപ്പെട്ടിരുന്നു. പക്ഷേ വളരെക്കാലമായി തന്നെ അലട്ടിയിരുന്ന ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്) മൂലമാണ് ഇതെന്ന് അവൾ കരുതി.
ഡോക്ടർമാർ പരിശോധന നടത്തിയെങ്കിലും രോഗനിർണ്ണയം നടത്താതെ അവൾ തിരിച്ചയക്കപ്പെടുകയായിരുന്നു. എന്നാൽ വേദന വീണ്ടും കഠിനമാവുകയും, ചർമ്മത്തിലും കണ്ണുകളിലും മറ്റ് ശരീരഭാഗങ്ങളിലും മഞ്ഞനിറം അനുഭവപ്പെടുകയും ചെയ്തത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. ശരീരത്തിലെ വിഷ വസ്തുക്കളെ നീക്കം ചെയ്യുന്നതിന് പാൻക്രിയാസ് ശരിയായി പ്രവർത്തിക്കുന്നില്ല എന്നതിന്റെ സൂചനയായിരുന്നു ഇത്. വീണ്ടും ഒരു ആശുപത്രി സന്ദർശനത്തിനും കൂടുതൽ പരിശോധനകൾക്കും ശേഷമാണ് ഡോക്ടർമാർ അവർക്ക് പാൻക്രിയാറ്റിക് ക്യാൻസർ ആണെന്ന് അറിയിച്ചത്.
കീമോതെറാപ്പിയുടെ ഒരു കോഴ്സ് ക്യാൻസറിന്റെ വളർച്ചയും വ്യാപനവും മന്ദഗതിയിലാക്കുമെങ്കിലും, അവളുടെ ആയുസ്സ് ഒന്നര വർഷത്തിൽ കൂടുതൽ നീട്ടാൻ ഇത് ഫലപ്രദമാകില്ലെന്ന് ഡോക്ടർമാർ പറയുന്നു. യുകെയിൽ ഓരോ വർഷവും ഏകദേശം 10,800 പുതിയ പാൻക്രിയാറ്റിക് ക്യാൻസർ കേസുകൾ ഉണ്ടാകുന്നുണ്ടെന്ന് ക്യാൻസർ റിസർച്ച് യുകെ പുറത്തുവിടുന്ന കണക്കുകൾ വ്യക്തമാക്കുന്നു. ഇത് ക്യാൻസറുകളിൽ തന്നെ ഏറ്റവും മാരകമായ ഒന്നാണ്. നടത്തി മൂന്നു മാസങ്ങൾക്കുള്ളിൽ തന്നെ നിരവധി പേർ ഇത് മൂലം മരണമടയുന്നു. വയറുവേദന, നടുവേദന, വിശദീകരിക്കാനാകാത്ത ശരീരഭാരം കുറയൽ, ദഹനക്കേട്, വിശപ്പില്ലായ്മ, മലവിസർജ്ജന ശീലങ്ങളിലെ മാറ്റങ്ങൾ, മഞ്ഞപ്പിത്തം എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. എന്നിരുന്നാലും പലപ്പോഴും ഈ ലക്ഷണങ്ങൾ ഐ ബി എസ് പോലുള്ള മറ്റ് സാധാരണ രോഗങ്ങളായി തെറ്റിദ്ധരിക്കപ്പെടുന്നു. പാൻക്രിയാറ്റിക് ക്യാൻസർ ബാധിച്ചവരിൽ 80 ശതമാനം പേർക്കും രോഗം പടർന്നതിനു ശേഷമാണ് രോഗനിർണ്ണയം നടത്തുന്നതെന്ന് ചാരിറ്റി വ്യക്തമാക്കി. ക്ലെയറിന്റെ ഈ വെളിപ്പെടുത്തൽ നമുക്കെല്ലാവർക്കും ഉള്ള ഒരു മുന്നറിയിപ്പാണ്. രോഗലക്ഷണങ്ങളെ തള്ളിക്കളയാതെ കൃത്യമായ സമയത്ത് രോഗം നിർണ്ണയവും ചികിത്സയും നേടേണ്ടതിന്റെ ആവശ്യകത ഇത് വ്യക്തമാക്കുന്നു.
Leave a Reply