ലണ്ടന്‍: സൗജന്യ ചികിത്സ ലഭിക്കണമെങ്കില്‍ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കണമെന്ന് എട്ട് ദിവസം പ്രായമുള്ള കുഞ്ഞിന് എന്‍എച്ച്എസ് ഓവര്‍സീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കത്ത്. ബ്രിട്ടീഷ് പൗരത്വമുള്ള മാതാപിതാക്കള്‍ക്ക് ജനിച്ച വയലറ്റ് വിപുലാനന്ദന്‍ ഹോണ്‍ എന്ന കുഞ്ഞിനാണ് കത്തയച്ച് എന്‍എച്ച്എസ് ‘മാതൃക’യായത്! ബ്രിട്ടീഷ് പൗരത്വമുണ്ടോ എന്ന സംശയത്തെത്തുടര്‍ന്നാണ് സൗജന്യ ചികിത്സക്കുള്ള അവകാശം തെളിയിക്കാന്‍ രേഖകള്‍ ഹാജരാക്കണമെന്ന് എന്‍എച്ച്എസ് ആവശ്യപ്പെട്ടത്. അതിനു സാധിച്ചില്ലെങ്കില്‍ ലണ്ടനിലെ ആശുപത്രിയില്‍ സ്വീകരിച്ച ചികിത്സക്ക് ചെലവായ പണം നല്‍കേണ്ടി വരുമെന്നും നോട്ടീസ് പറയുന്നു.

എന്നാല്‍ കത്ത് ഒരു ക്ലെറിക്കല്‍ പിഴവു മൂലം സംഭവിച്ചതാണെന്ന് പിന്നീട് ആശുപത്രി അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞിന്റെ അമ്മയായ ബേബി വിപുലാനന്ദന്റെ കെയര്‍ ഓഫ് ആയി നല്‍കിയ കത്തില്‍ അവരുടെ സ്റ്റാറ്റസ് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പാസ്‌പോര്‍ട്ട്, വിവാഹ സര്‍ട്ടിഫിക്കറ്റ്, കൗണ്‍സില്‍ ടാക്‌സ് ബില്‍ എന്നിവ ഹാജരാക്കണമെന്നും നിര്‍ദേശിക്കുന്നു. ലണ്ടന്‍ നോര്‍ത്ത് വെസ്റ്റ് ഹെല്‍ത്ത്‌കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റില്‍ നിന്ന് സ്വീകരിച്ച ചികിത്സയുടെ എല്ലാ ചെലവുകളും നല്‍കേണ്ടി വരുമെന്നാണ് എന്‍എച്ച്എസ് രേഖകള്‍ കാണിക്കുന്നതെന്നും കത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

എന്‍എച്ച്എസ് സൗജന്യ ചികിത്സയ്ക്ക് അര്‍ഹരാണെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം നിങ്ങളുടേതാണെന്നും വയലറ്റ് ബ്രിട്ടനില്‍ സ്ഥിരതാമസക്കാരിയാണെന്ന് തെളിയിക്കാനുള്ള രേഖകള്‍ ഹാജരാക്കണമെന്നും കത്തില്‍ പറയുന്നു. കത്ത് ലഭിച്ചതിനു പിന്നാലെ കുട്ടിയുടെ പിതാവായ നിക്ക് ഹോണ്‍ ആശുപത്രിയില്‍ പരാതി നല്‍കി. അതിനു ശേഷമാണ് അധികൃതര്‍ ക്ലെറിക്കല്‍ പിഴവാണ് കാരണമെന്ന വിശദീകരണവുമായി രംഗത്തെത്തിയത്.