ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ആതിഥേയരായ ഓസ്ട്രേലിയയെ സെമിയിൽ മറികടന്ന് ഫിഫ വനിതാ ഫുട്ബോൾ ലോകകപ്പിൽ ഫൈനലിൽ പ്രവേശിച്ച് ഇംഗ്ലണ്ട് വനിതകൾ. വനിതാ ഫുട്ബോൾ ലോകകപ്പിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇംഗ്ലണ്ട് ഫൈനലിൽ കടക്കുന്നത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സെമിയിൽ ഓസീസിനെ പരാജയപ്പെടുത്തിയത്. എല്ലാ ടൂൺ, ലോറൻ ഹെംപ്, അലീസിയ റൂസ്സോ എന്നിവരാണ് ഇംഗ്ലണ്ടിന് വേണ്ടി ഗോളടിച്ചത്. ക്യാപ്റ്റൻ സാം കെരിനാണ് ഓസ്ട്രേലിയയുടെ ഏകഗോൾ നേടിയത്. ഞായറാഴ്ച നടക്കുന്ന കലാശപോരാട്ടത്തിൽ ഇംഗ്ലണ്ട് സ്പെയിനെ നേരിടും.

ഇംഗ്ലണ്ട് 36ാം മിനിറ്റിൽ എല ട്യൂണിലൂടെ മുന്നിലെത്തി. സമനില ഗോളിനായി പൊരുതിയ ഓസ്‌ട്രേലിയ 63ാം മിനിറ്റിൽ സാം കേറിന്റെ ഗോളിൽ ഒപ്പമെത്തി. വിജയഗോളിനായി ഇരുടീമുകളും ശക്തമായി പൊരുതിയപ്പോൾ മത്സരം കൂടുതൽ ആവേശമായി. 71-ാം മിനിറ്റില്‍ ഇംഗ്ലണ്ട് വീണ്ടും മുന്നിലെത്തി. ലൗറന്‍ ഹെംപാണ് ഇംഗ്ലണ്ടിനായി സ്‌കോര്‍ ചെയ്തത്. തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ഓസ്‌ട്രേലിയ വീണ്ടും പ്രതിരോധത്തിലായി. 86-ാം മിനിറ്റില്‍ ഇംഗ്ലണ്ട് മത്സരത്തിലെ മൂന്നാം ഗോളും നേടി. അതോടെ ഫൈനൽ ബർത്തും ഉറപ്പാക്കി. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ഇംഗ്ലണ്ട് സെമിഫൈനലിൽ എത്തിയിരുന്നെങ്കിലും തോൽവി ആയിരുന്നു ഫലം.

സ്പെയിനും ഇത് ആദ്യമായാണ് വനിതാ ലോകകപ്പ് ഫൈനലിൽ കടക്കുന്നത്. കിരീടം ആര് നേടിയാലും അത് പുതിയ ചരിത്രമാവുമെന്നുറപ്പ്. സെമിയിൽ 2-1ന് സ്വീഡനെ തോൽപ്പിച്ചാണ് സ്പെയിൻ ഫൈനലിലെത്തിയത്. ക്യാപ്റ്റൻ ഓൽഗ കാർമോണ മത്സരത്തിന്റെ അവസാനഘട്ടത്തിൽ നേടിയ ഗോളിലാണ് സ്പെയിൻ വിജയം സ്വന്തമാക്കിയത്.