ലണ്ടന്‍: സ്വകാര്യ ആംബുലന്‍സുകള്‍ക്കായി എന്‍എച്ച്എസ് ചെലവഴിക്കുന്ന തുകയില്‍ വന്‍ വര്‍ദ്ധനവ്. രണ്ടു വര്‍ഷത്തിനിടെ അഞ്ചിരട്ടി വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് പ്രസ് അസോസിയേഷന്‍ ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ അനുസരിച്ച് നേടിയ രേഖകള്‍ വ്യക്തമാക്കുന്നു. പുതിയ കണക്കുകള്‍ അനുസരിച്ച് 78 മില്യന്‍ പൗണ്ടാണ് സ്വകാര്യ ആംബുലന്‍സുകള്‍ക്കു വേണ്ടി എന്‍എച്ച്എസ് ചെലവഴിച്ചത്. 999 കോളുകള്‍ സ്വീകരിക്കാനും രോഗികളെ ആശുപത്രികളില്‍ എത്തിക്കാനും സ്വകാര്യ ആംബുലന്‍സുകളെ എന്‍എച്ച്എസ് ആംബുലന്‍സ് ട്രസ്റ്റുകള്‍ ഉപയോഗിക്കുന്നുണ്ട്. ജീവനക്കാരുടെ കുറവുമൂലം എന്‍എച്ച്എസ് ആംബുലന്‍സുകളുടെ പ്രവര്‍ത്തനം കാര്യമായി നടക്കുന്നില്ല.

ഇംഗ്ലണ്ടിലെ 10 ആംബുലന്‍സ് ട്രസ്റ്റുകളില്‍ നിന്നുള്ള വിവരങ്ങളാണ് ശേഖരിച്ചത്. 2016-17 വര്‍ഷത്തില്‍ 78,359,087 പൗണ്ട് സ്വകാര്യ ആംബുലന്‍സുകള്‍ക്കായി നല്‍കിയിട്ടുണ്ട്. 2014-15 വര്‍ഷത്തില്‍ 64,2101,770 പൗണ്ട് ആയിരുന്നു ഈയിനത്തില്‍ ചെലവഴിച്ചത്. 22 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എമര്‍ജന്‍സി പാരാമെഡിക്കല്‍ ജീവനക്കാരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി കൂടുതല്‍ പണം ചില ട്രസ്റ്റുകള്‍ക്ക് ചെലവഴിക്കേണ്ടി വരുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സൗത്ത് സെന്‍ട്രല്‍ ആംബുലന്‍സ് സര്‍വീസ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ആണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ചെലവഴിച്ചിരിക്കുന്നത്. 16,336,000 പൗണ്ടാണ് 2016-17 വര്‍ഷത്തില്‍ ഈ ട്രസ്റ്റ് ചെലവാക്കിയത്. കഴിഞ്ഞ വര്‍ഷം 13,610,000 പൗണ്ട് ചെലവഴിച്ച സ്ഥാനത്താണ് ഇത്. തൊട്ടു പിന്നാലെ ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട് ആംബുലന്‍സ് സര്‍വീസ് എന്‍എച്ച്എസ് ട്രസ്റ്റ് എത്തി. 14,012,429 പൗണ്ട് ആണ് ട്രസ്റ്റിന്റെ ചെലവ്. മുന്‍വര്‍ഷം 6,639,335 പൗണ്ട് മാത്രമായിരുന്നു ട്രസ്റ്റിന്റെ ചെലവ്. സ്വകാര്യ ആംബുലന്‍സ് സര്‍വീസുകളില്‍ നിന്നും ചാരിറ്റികളായ സെന്റ് ജോണ്‍സ് ആംബുലന്‍സ്, റെഡ് ക്രോസ് എന്നിവയില്‍ നിന്നും ആംബുലന്‍സുകള്‍ വാടകയ്ക്ക് എടുക്കാറുണ്ട്.