ന്യൂസ് ഡെസ്ക് മലയാളം യുകെ

യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധകുത്തിവെയ്പ്പുകൾ നൽകിയും കർശനമായി ലോക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പാക്കിയും കൊറോണ വൈറസിന്റെ വ്യാപനവും മരണനിരക്കും കുറച്ചതിന്റെ ആശ്വാസത്തിലാണ് രാജ്യം. രോഗവ്യാപനം കുറഞ്ഞതിനൊപ്പം തന്നെ ലോക്ഡൗൺ ഇളവുകൾക്കായുള്ള മുറവിളി രാജ്യമൊട്ടാകെ ഉയരുകയാണ്. തിങ്കളാഴ്ച ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലെ ഇളവുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ വിശദമായ രൂപരേഖ രാജ്യത്തിന് സമർപ്പിക്കും .

കൂടുതൽ സാമൂഹികമായ ഒത്തുചേരലുകൾ അനുവദിക്കുന്ന തരത്തിലുള്ള ഇളവുകൾ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിൽ ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്. അതിൽ തന്നെ പ്രധാനമായും ഈസ്റ്ററോടെ ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള ഒത്തുചേരലുകൾ സാധ്യമാക്കുന്ന പ്രഖ്യാപനങ്ങൾ പ്രധാനമന്ത്രി നൽകും എന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു കഴിഞ്ഞു. മാസങ്ങളായി ഒറ്റപ്പെട്ടു കഴിയുന്ന മുത്തശ്ശിമുത്തശ്ശൻമാരും തങ്ങളുടെ പേരക്കുട്ടികളുമായുള്ള ഒത്തുചേരലുകളും പ്രധാനമന്ത്രി പ്രഖ്യാപിക്കുന്ന ഇളവുകളോടെ സാധ്യമാകും എന്നാണ് ലഭ്യമാകുന്ന സൂചനകൾ. മാർച്ച് മാസം എട്ടാം തീയതിയോടെ കെയർ ഹോമിൽ താമസിക്കുന്നവരെ ദിനംപ്രതി ഒരാൾക്ക് സന്ദർശിക്കാമെന്ന സുപ്രധാനമായ തീരുമാനം പുറത്തുവന്നത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിൻെറ ആദ്യപടിയായാണ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വിശേഷിപ്പിച്ചത്.