ലണ്ടന്‍: വിദേശ നിതകളുടെ പ്രസവ ശുശ്രൂഷയ്ക്കായി എന്‍.എച്ച്.എസ് വര്‍ഷത്തില്‍ ചെലവഴിക്കുന്നത് 13.3 മില്യണ്‍ പൗണ്ടെന്ന് വെളിപ്പെടുത്തല്‍. വിദേശ മെഡിക്കല്‍ ടൂറിസ്റ്റുകള്‍ക്കായി പൊതുആരോഗ്യ ഗജനാവില്‍ നിന്ന് ഇത്രയും വലിയ തുക ചെലവഴിക്കുന്നതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വരെ ഇംഗ്ലണ്ടില്‍ പ്രസവ, പ്രസാവനന്തര ശുശ്രൂഷകള്‍ക്കായി ആളുകള്‍ എത്താറുണ്ട്. എന്നാല്‍ ഇവര്‍ക്ക് വേണ്ടി ഇത്രയധികം തുക ചെലവഴിക്കേണ്ടതില്ലെന്നാണ് ആരോഗ്യരംഗത്തെ നിരീക്ഷകരുടെ അഭിപ്രായം. ഏതാണ്ട് 3000ത്തോളം പ്രസവ ചികിത്സ നിറവേറ്റുന്നതിനായിട്ടാണ് 13.3 മില്യണ്‍ പൗണ്ട് എന്‍.എച്ച്.എസ് ചെലവാക്കിയിരിക്കുന്നത്.
ബാര്‍ട്‌സ് ഹെല്‍ത്ത് എന്ന എന്‍.എച്ച്.എസ് സ്ഥാപനത്തിന്റെ മാത്രം കണക്കുകള്‍ പരിശോധിച്ചാല്‍ വിഷയത്തിന്റെ ഗൗരവം മനസിലാക്കാം. കഴിഞ്ഞ വര്‍ഷം ബാര്‍ട്‌സ് ഹെല്‍ത്തില്‍ ചികിത്സയ്‌ക്കെത്തിയത് 232 വിദേശ ഗര്‍ഭിണികളാണ്. ഇതിനായി ആശുപത്രി ചെലവാക്കിയത് 1.7 മില്യണ്‍ പൗണ്ടും. ദി സണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത്തരം ചെലവുകള്‍ അസംബന്ധപരമാണെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആയിരങ്ങളാണ് ഇംഗ്ലണ്ടിലേക്ക് സൗജന്യ പ്രസവത്തിനായി എത്തുന്നതെന്ന് പേഷ്യന്റ് കണ്‍സേണ്‍ വക്താവ് ജോയ്‌സ് റോബിന്‍സണ്‍ ചൂണ്ടിക്കാണിക്കുന്നു. 3891 വിദേശ വനിതകളാണ് യു.കെയില്‍ പ്രസവ ചികിത്സയ്ക്കായി 2017-18 കാലഘട്ടങ്ങളില്‍ എത്തിയതെന്നാണ് ഔദ്യോഗിക കണക്ക്.
അതേസമയം രാജ്യത്ത് ചികിത്സയ്ക്കായി എത്തുന്നവരെ സ്വീകരിച്ചിട്ടുള്ള പാരമ്പര്യമാണ് യു.കെയിലെ ആരോഗ്യമേഖലയ്‌ക്കെന്നും ആരുടെയും ചികിത്സ നിഷേധിക്കാനാവില്ലെന്നും ഹെല്‍ത്ത് മിനിസ്റ്റര്‍ സ്റ്റീഫന്‍ ഹാമന്‍ഡ് പ്രതികരിച്ചു. സൗജന്യ ചികിത്സയ്ക്ക് യോഗ്യരല്ലാത്തവരുടെ ചികിത്സയ്ക്കായി ചെലവഴിച്ച തുക എന്‍.എച്ച്.എസ് തിരികെ പിടിക്കുന്നുണ്ടെന്നും ഈ ഇനത്തില്‍ തിരികെ പിടിച്ച മില്യണിലധികം പൗണ്ട് തിരികെ എന്‍.എച്ച്.എസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാവുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അടിയന്തര സര്‍വീസുകളും ജീ.പിമാരുടെ സേവനവും യു.കെയില്‍ എല്ലാവര്‍ക്കും സൗജന്യമാണ്. യു.കെയിലേക്ക് സൗജന്യ ചികിത്സ ലക്ഷ്യം വെച്ച് എത്തുന്ന വിദേശ മെഡിക്കല്‍ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നതായിട്ടാണ് മറ്റൊരു റിപ്പോര്‍ട്ട്.
Leave a Reply