ന്യൂസ് ഡെസ്‌ക് മലയാളം യുകെ
NHS ന് മലയാളികളുടെ പിന്തുണയറിയ്ക്കുക എന്ന ലക്ഷ്യത്തോടെ യുകെ മലയാളികളായ ഷിബു മാത്യൂവും ജോജി തോമസ്സും നേതൃത്വം നല്‍കിയ 50 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കനാല്‍ വാക്കില്‍ മുഴുവന്‍ ദൂരം നടന്നവരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളും നെഴ്‌സുമാരുമടക്കം 6 വനിതകള്‍. ഓഗസ്റ്റ് 14 ശനിയാഴ്ച്ച രാവിലെ 7 മണിക്ക് ലീഡ്‌സ് ലിവര്‍പൂള്‍ കനാല്‍ തീരത്തിലെ സ്‌കിപ്പടണില്‍ നിന്നാരംഭിച്ച കനാല്‍ വാക്ക് വൈകിട്ട് എട്ട് മണിയോടെയാണ് ലീഡ്‌സില്‍ എത്തിച്ചേര്‍ന്നത്. മലയാളികള്‍ക്ക് എന്നും അഭിമാനിക്കാന്‍ വകയുള്ള കനാല്‍ വാക്കില്‍ ഈ വനിതകള്‍ 50 കിലോമീറ്റര്‍ നടന്നു കയറിയപ്പോള്‍ പാശ്ചാത്യ സമൂഹത്തിന്റെ മുമ്പില്‍ മലയാളത്തിന്റെ ശിരസ്സുയരുകയായിരുന്നു.15 വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ആര്യാ ഷിബു ഉണ്ടായിരുന്നത് കനാല്‍ വാക്കില്‍ ശ്രദ്ധേയമായി. ആര്യയെ കൂടാതെ 50 കിലോമീറ്റര്‍ നടന്ന വനിതകളില്‍ ജിന്റു തോമസ്സ്, സരിത സെബാസ്റ്റ്യന്‍ എന്നിവര്‍ നെഴ്‌സുമാരാണ്. 21 വയസ്സ് തികയുന്ന അമല മാത്യൂ നെഴ്‌സിംഗ് സ്റ്റുഡന്റാണ്. ജിസ്സി സോണി ഐ ടി മേഘലയിലും കല്പന സോറെ സ്വന്തമായി ബിസ്സിനസ്സും നടത്തുന്നു.
ഒരു പാട് ത്യാഗങ്ങള്‍ സഹിച്ചാണ് ഇവര്‍ 13 മണിക്കൂര്‍ നടന്ന് ഫിനീഷിംഗ് പോയന്റായ ലീഡ്‌സിലെ ഓഫീസ് ലോക്കില്‍ എത്തിച്ചേര്‍ന്നത്. യൂറോപ്പിലെ സാധാരണ വഴികള്‍ പോലെയല്ല കനാല്‍ തീരത്തുകൂടിയുള്ള വഴികള്‍. കല്ലും മുള്ളും കുണ്ടും കഴികളും നിറഞ്ഞ ചെറുവഴികളാണ് ഭൂരിഭാഗവും. ചെറിയ ഇടവേളകള്‍ ഇടയ്ക്ക് ഉണ്ടായിരുന്നെങ്കിലും 13 മണിക്കൂര്‍ നിര്‍ത്താതെ നടക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. 5 കിലോമീറ്റര്‍ പോലും തുടര്‍ച്ചയായി നടന്ന് പരിചയമുള്ള ആരും ഇവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല എന്നതും എടുത്തു പറയേണ്ടതാണ്. 44 കിലോമീറ്റര്‍ ദൂരം പിന്നിട്ടപ്പോള്‍ കാല്‍പാദത്തില്‍ മുറിവുണ്ടായി രക്തം വാര്‍ന്നു തുടങ്ങിയതിനെ തുടര്‍ന്ന് ആര്യ ഷിബുവിന് നടത്തം അവസാനിപ്പിക്കേണ്ടതായി വന്നു. എങ്കിലും പകരക്കാരനായി ആര്യയുടെ സഹോദരന്‍ അലന്‍ ഷിബു ആര്യയ്ക്ക് വേണ്ടി ബാക്കിയുള്ള 6 കിലോ മീറ്റര്‍ നടന്നു.
25 കിലോമീറ്റര്‍ നടന്ന് ഡോ. അഞ്ചു വര്‍ഗ്ഗീസ്, ജെസ്സി ബേബി, ഷിന്റാ ജോസ് എന്നിവരും കനാല്‍ വാക്കിന് പിന്തുണയറിയ്ച്ചു.
കനാല്‍ വാക്കിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ആറായിരത്തോളമടുക്കുകയാണ്. ശനിയാഴ്ച്ച കനാല്‍ വാക്ക് അവസാനിച്ചെങ്കിലും ഇപ്പോഴും NHS ന്റെ അക്കൗണ്ടിലേയ്ക്ക് യുകെയുടെ നാനാ ഭാഗങ്ങളില്‍ നിന്നുമായി നിരവധിയാളുകളാണ് പൗണ്ടുകള്‍ ട്രാന്‍ഫര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഓഗസ്റ്റ് മുപ്പത് വരെ സംഭാവനകള്‍ നല്‍കാന്‍ അവസരം ഉണ്ടായിരിക്കും.
മലയാളികളെ സഹായിച്ച NHS ന് ഒരു ചെറിയ സപ്പോര്‍ട്ട് നിങ്ങളും കൊടുക്കില്ലേ???
താഴെയുള്ള ലിങ്കില്‍ വിരല്‍ അമര്‍ത്തിയാല്‍ നിങ്ങളുടെ സംഭാവനകള്‍ NHS ന്റെ ചാരിറ്റി അക്കൗണ്ടിലേയ്ക്ക് നേരിട്ട് നിക്ഷേപിക്കാം.
https://www.justgiving.com/Joji-Shibu
Leave a Reply