ലണ്ടന്‍: ബ്രെക്‌സിറ്റിനു ശേഷവും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് യുകെയില്‍ തുടരാനുള്ള അനുമതി നല്‍കണമെന്ന് ആവശ്യം. എന്‍എച്ച്എസില്‍ രൂക്ഷമായ സ്റ്റാഫിംഗ് പ്രതിസന്ധി മറികടക്കാനാണ് ഇത്. ആശുപത്രി മേധാവികളാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്. 60,000 യൂറോപ്യന്‍ യൂണിയന്‍ ജീവനക്കാര്‍ക്ക് ബ്രെക്‌സിറ്റിന് ശേഷവും രാജ്യത്ത് തുടരാനുള്ള അനുമതി നല്‍കണമെന്നാണ് ആവശ്യം. ജീവനക്കാരുടെ എണ്ണം തുടര്‍ച്ചയായി കുറയുന്നത് രോഗികള്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.
ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും കുറവാണ് ഇപ്പോള്‍ രോഗികളെ പരിചരിക്കുന്നതില്‍ നേരിടുന്ന ഏറ്റവും പ്രധാന പ്രതിസന്ധിയെന്ന് ആശുപത്രി സീനിയര്‍ മാനേജര്‍മാര്‍ പറയുന്നു. അഭിപ്രായ സര്‍വേയിലാണ് ഇവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്‍എച്ച്എസില്‍ നിന്ന് ജീവനക്കാര്‍ വിട്ടുപോകുന്നതിന്റെ നിരക്ക് വര്‍ദ്ധിക്കുന്നതായി ആശുപത്രി മാനേജര്‍മാരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നു. നിലവിലുള്ള ജീവനക്കാരെ നിലനിര്‍ത്താനും ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുമുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് ഇവര്‍ മന്ത്രിമാരോട് ആവശ്യപ്പെട്ടു.
വര്‍ദ്ധിച്ചു വരുന്ന സമ്മര്‍ദ്ദങ്ങളുമായി പൊരുത്തപ്പെടാന്‍ എന്‍എച്ച്എസ് ബുദ്ധിമുട്ടുകയാണ്. ജീവനക്കാരെ നിലനിര്‍ത്തുക എന്നത് മാത്രമാണ് ഇപ്പോള്‍ എന്‍എച്ച്എസിന്റെ പ്രധാന ജോലിയായി മാറിയിരിക്കുന്നതെന്നും ആശുപത്രി മേധാവികള്‍ പറയുന്നു. ജീവനക്കാരുടെ ശമ്പള നിയന്ത്രണം എടുത്തു കളയാമെന്ന് മന്ത്രിമാര്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഉദ്പാദനക്ഷമതമ വര്‍ദ്ധിപ്പിക്കണമെന്ന വ്യവസ്ഥയിലാണ് ഇത്.
Leave a Reply