ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലുടനീളം ക്യാൻസർ, ഹൃദ്രോഗം പോലുള്ള ജീവന് ഭീഷണിയായ രോഗങ്ങൾക്ക് ആവശ്യമായ നിർണായക പരിശോധനകൾ മാസങ്ങളോളം വൈകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. റോയൽ കോളേജ് ഓഫ് റേഡിയോളജിസ്റ്റ്സ് നടത്തിയ വിശകലനത്തിലാണ് ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ തുറന്നുകാട്ടുന്ന കണക്കുകൾ ചർച്ചയായിരിക്കുന്നത് . 3.86 ലക്ഷം പേർക്കാണ് സെപ്റ്റംബർ മാസത്തിൽ മാത്രം ആറാഴ്ചയ്ക്ക് മീതെ കാത്തിരിക്കേണ്ടിവന്നത്. ഇതോടെ രോഗനിർണയവും തുടർചികിത്സയും വൈകി രോഗികളുടെ ആരോഗ്യനില വഷളാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.

രാജ്യത്തെ ആരോഗ്യ വിഭാഗങ്ങളിലുടനീളം ലക്ഷ്യം നിശ്ചയിച്ച ആറാഴ്ച സമയപരിധി പാലിക്കാത്ത ട്രസ്റ്റുകളുടെ എണ്ണം 46 ശതമാനമാണ്. റേഡിയോളജിസ്റ്റുകളുടെയും മറ്റ് പരിശീലനം ലഭിച്ച വിദഗ്ധരുടെയും ക്ഷാമമാണ് പരിശോധന റിപ്പോർട്ടിംഗിലും നിരീക്ഷണങ്ങളിലും കൂടുതൽ താമസം ഉണ്ടാക്കുന്നതെന്ന് റോയൽ കോളേജ് ഓഫ് റേഡിയോളജിസ്റ്റ്സ് വ്യക്തമാക്കുന്നു. നീണ്ട കാത്തിരുപ്പു സമയം രോഗികൾക്ക് വേദനയും ആശങ്കയും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നും, പ്രത്യേകിച്ച് ക്യാൻസർ പരിശോധനയിൽ ഉണ്ടായേക്കാവുന്ന താമസം ഗുരുതരമാണെന്നും വിദഗ്ധർ പറയുന്നു.

സർക്കാർ പരിശോധന വൈകിപ്പിക്കലുകൾ കുറയ്ക്കാൻ ആരോഗ്യവകുപ്പിന്റെ പുതുക്കിയ പദ്ധതികൾ നടപ്പാക്കുന്നുവെന്ന് വ്യക്തമാക്കിയെങ്കിലും, പാർലമെന്ററി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി, ഫിസ്കൽ സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളാണ് ചികിത്സാ കാത്തിരിപ്പുകൾ കുറയ്ക്കാനുള്ള സർക്കാരിന്റെ വാഗ്ദാനങ്ങൾ യാഥാർത്ഥ്യമാകുമോ എന്ന ആശങ്ക ഉയർത്തുന്നത്. ആരോഗ്യവകുപ്പ് ക്യാൻസർ പരിചരണം മെച്ചപ്പെടുത്താൻ പുതിയ ദേശീയ ക്യാൻസർ പ്ലാൻ ഉടൻ പ്രഖ്യാപിക്കുമെന്ന് അറിയിച്ചു.











Leave a Reply