ലണ്ടന്‍: തൊഴിലാളികളുടെ മാനസികാരോഗ്യം സംബന്ധിച്ച് സ്ഥാപനങ്ങളുടെ ഉടമകള്‍ അതീവ ശ്രദ്ധചെലുത്തണമെന്ന് മുന്നറിയിപ്പ് നല്‍കി യു.കെ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് അദ്ദേഹം അറിയിച്ചു. നിലവില്‍ യു.കെ വര്‍ഷത്തില്‍ 42 ബില്യണ്‍ പൗണ്ടാണ് മാനസികാരോഗ്യ പ്രശ്‌നങ്ങളെ നേരിടുന്നതിനായി ചെലവഴിക്കുന്നത്. അവസാനം പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് മാനസിക പ്രശ്‌നങ്ങള്‍ മൂലം ജീവന്‍ അവസാനിപ്പിക്കുന്നവരുടെ അഭാവം മൂലം തൊഴില്‍ മേഖലയ്ക്ക് 27 ബില്യണ്‍ പൗണ്ടിന്‍രെ നഷ്ടമുണ്ടാവുന്നുണ്ട്. തൊഴിലാളികളുടെ മാനസിക സൗഖ്യം സ്ഥാപനം വലിയ മുന്‍ഗണനയോടെ പരിഗണിക്കണമെന്ന് ഹാന്‍കോക്ക് പറഞ്ഞു. പല സ്ഥാപനങ്ങളിലും തൊഴിലാളികള്‍ ബോസുമാരോട് മാനസിക പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നില്ല. പ്രധാനമായും ഭയമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്, അതില്ലാതാക്കുകയാണ് നമ്മുടെ ലക്ഷ്യം ഹാന്‍കോക്ക് കൂട്ടിച്ചേര്‍ത്തു.


മാനസികാരോഗ്യം എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത് ആളുകള്‍ക്ക് അവര്‍ക്കു സ്വയമായും ചുറ്റുമുള്ളവരുമായും ബന്ധപ്പെടാനും ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാനുമുള്ള കഴിവിനെയാണ്. കുറേക്കൂടി ലളിതമായി പറഞ്ഞാല്‍ സമ്പൂര്‍ണ ശാരീരിക, മാനസിക സാമൂഹിക ക്ഷേമം ഉണ്ടാകുക. അസുഖമോ ബലക്ഷയമോ ഇല്ലാതിരിക്കുക എന്നത് മാത്രമല്ല. ഒരു വ്യക്തിയുടെ ക്ഷേമം അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും ജീവിതത്തിലെ ചെറിയ സമ്മര്‍ദ്ദങ്ങളെ താങ്ങാനും, തൊഴില്‍ മേഖലയിലെ ഉദ്പാദന ക്ഷമതയും സമൂഹത്തില്‍ അവര്‍ നല്‍കുന്ന സംഭാവനകളും അടിസ്ഥാനമാക്കിയാണ് എന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. തൊഴില്‍ മേഖലയില്‍ ആരും തന്നെ മാനസിക പിരിമുറക്കുങ്ങളെക്കുറിച്ച് തുറന്നു പറയാത്തതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് തങ്ങള്‍ ഒറ്റപ്പെടുമോയെന്ന ഭയമാണ്. എന്നാല്‍ ഇത്തരം സാഹചര്യങ്ങള്‍ സ്ഥാപനങ്ങളുടെ മേലധികാരികള്‍ തൊഴിലാളിയുടെ ക്ഷേമത്തെക്കുറിച്ച് കൃത്യമായ ശ്രദ്ധ പതിപ്പിച്ചിരിക്കണമെന്നാണ് പ്രധാനമന്ത്രി തെരേസ മേ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

നാമെല്ലാം തന്നെ നമ്മെ പരീക്ഷണത്തിന് വിധേയരാക്കുന്ന വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. വ്യക്തിപരവും, തൊഴില്‍ സംബന്ധവുമായ പ്രതിസന്ധികള്‍ മൂലം താത്കാലിക സമ്മര്‍ദ്ദം, വിഷാദം, ഉത്കണ്ഠ എന്നിവക്ക് കാരണമാകുകയും ചെയ്യും.അതെന്തായാലും നമ്മുടെ സാധാരണ പ്രവര്‍ത്തനം തടസ്സപ്പെടുന്നു എന്ന് നമുക്ക് തോന്നിയാല്‍, ചിലപ്പോള്‍ അത് മാനസിക രോഗത്തിന്റെ ഒരു സൂചനയാകാം. ഇത്തരം ചിന്തകളിലാണ് പ്രധാനമായും നമുക്ക് മറ്റുള്ളവരുടെ സഹായം ആവശ്യമായി വരിക. ആ സന്ദര്‍ഭങ്ങളില്‍ നമ്മെ സഹായിക്കാന്‍ തൊഴിലുടമ തയ്യാറാവണമെന്നും ഇതിനായി മുന്‍കൈ എടുക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. രാജ്യത്തിന് വേണ്ടി സേവനം അനുഷ്ടിച്ചവര്‍ നേരിടുന്ന മാനസിക പ്രശ്‌നങ്ങളെയും ഗൗരവപൂര്‍വ്വം കൈകാര്യം ചെയ്യാനാണ് യു.കെ ആരോഗ്യരംഗം ശ്രമം നടത്തുന്നത്.