സ്വന്തം ലേഖകൻ
ലണ്ടൻ : എൻ എച്ച് എസ് ഉദ്യോഗസ്ഥർക്ക് ആഴ്ചയിൽ രണ്ടുതവണ പരിശോധന ആവശ്യമാണെന്ന് പ്രമുഖ സർജൻ. കോവിഡിനെതിരെ പൊരുതുന്ന എൻ എച്ച് എസ് ജീവനക്കാർക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായും പൊതുജനവിശ്വാസം വീണ്ടെടുക്കുന്നതിനായും എൻഎച്ച്‌എസ് സ്റ്റാഫിനെ ആഴ്ചയിൽ രണ്ടുതവണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് റോയൽ കോളേജ് ഓഫ് സർജൻസ് പ്രസിഡന്റ് പ്രൊഫ ഡെറക് ആൽഡർസൺ ആവശ്യപ്പെട്ടു. ജീവനക്കാരിൽ നിന്ന് രോഗികളിലേക്ക് വൈറസ് പടരാതിക്കാൻ ഇത് സഹായിക്കും. കൃത്യമായ പരിശോധനയ്ക്കുള്ള പദ്ധതികളിൽ കൂടുതൽ വ്യക്തത ആവശ്യമാണെന്ന് ആശുപത്രി ട്രസ്റ്റ് മേധാവികൾ അറിയിച്ചു. കെയർ ഹോമുകളിലെ പതിവ് പരിശോധനയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി ആരോഗ്യ-സാമൂഹിക പരിപാലന വകുപ്പ് (ഡിഎച്ച്എസ്സി) പറഞ്ഞു. എൻ എച്ച് എസ് സേവനങ്ങൾ എല്ലാം തിരികെ കൊണ്ടുവരുവാനുള്ള നടപടികളെപറ്റി ചർച്ച ചെയ്ത ഹെൽത്ത് സെലക്ട് കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു ആൽഡർസൺ. ആഴ്ചയിൽ രണ്ടുതവണ പരിശോധന നടത്തുന്നത് പ്രായോഗികമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഒന്നിലധികം ടെസ്റ്റുകൾ നടത്തേണ്ടത് എല്ലായ്പ്പോഴും അത്യാവശ്യമാണെന്ന് ലീഡ്സ് സർവകലാശാലയിലെ വൈറോളജിസ്റ്റ് പ്രൊഫ. നിക്കോള സ്റ്റോൺഹൗസ് പറഞ്ഞു. ആദ്യ ടെസ്റ്റിൽ ഫലം നെഗറ്റീവ് ആയിരുന്നാലും പിന്നീട് അത് മാറിമറിയാൻ സാധ്യതയുണ്ട്. ആരോഗ്യ, സാമൂഹിക പരിപാലന വകുപ്പിന് (ഡിഎച്ച്എസ്സി) ജൂൺ 15 വരെ 200,000 ഡയഗ്നോസ്റ്റിക് പരിശോധനകൾ നടത്താനുള്ള ശേഷിയുണ്ട്. എങ്കിലും ഇതുവരെ 75,935 പരിശോധനകൾ മാത്രമാണ് നടന്നിട്ടുള്ളത്. “സ്റ്റാഫുകളെ പതിവായി പരിശോധിക്കാൻ നമുക്ക് കഴിയുമെന്ന വിശ്വാസം പൊതുജനങ്ങളിൽ ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്. മതിയായ ശേഷിയുള്ളതിനാൽ അത് ഏറ്റവും ആവശ്യമുള്ളവർക്ക് നൽകണം.” ആൽഡർസൺ പറയുകയുണ്ടായി.
ട്രസ്റ്റ് നേതാക്കളെ പ്രതിനിധീകരിക്കുന്ന എൻഎച്ച്എസ് പ്രൊവൈഡേഴ്സ് പറയുന്നതനുസരിച്ച്, ഒരു മാസം മുമ്പ് 11 ആശുപത്രി ട്രസ്റ്റുകളിലായി ഒരു സ്റ്റാഫ് ടെസ്റ്റിംഗ് പൈലറ്റ് സ്കീം നടത്തിയിരുന്നു. എന്നാൽ അതിന്റെ ഫലങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് സഫ്രോൺ കോർഡറി പറഞ്ഞു. കെയർ ഹോം സ്റ്റാഫുകളെയും ജീവനക്കാരെയും രോഗലക്ഷണങ്ങളില്ലെങ്കിൽ പോലും പരീക്ഷിക്കാമെന്ന് ഏപ്രിൽ അവസാനം സർക്കാർ പറഞ്ഞിരുന്നു. പക്ഷേ എൻഎച്ച്എസ് തൊഴിലാളികളെ പതിവായി പരിശോധിക്കുന്നതിന് സാധിച്ചില്ല.
Leave a Reply