ബ്രെക്‌സിറ്റ് നടപടികള്‍ മുന്നോട്ടു പോകുകയാണെങ്കില്‍ സ്‌കോട്ട്‌ലന്‍ഡിന്റെ സ്വാതന്ത്ര്യം സംബന്ധിച്ച് രണ്ടാം ഹിതപരിശോധന നടത്തുമെന്ന് സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജന്‍. 2021ല്‍ ഹോളിറൂഡ് ഇലക്ഷനു മുമ്പായി ഇതു നടത്തണമെന്നാണ് സ്റ്റര്‍ജന്‍ ആവശ്യപ്പെടുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഇതിനായുള്ള നിയമനിര്‍മാണം നടത്തുമെന്നും അവര്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിനായി സ്‌കോട്ടിഷ് ജനത വോട്ടു ചെയ്യുന്നത് ധൈര്യമുണ്ടെങ്കില്‍ തടയാന്‍ തെരേസ മേയോട് എസ്എന്‍പി നേതാവായ സ്റ്റര്‍ജന്‍ വെല്ലുവിളിക്കുകയും ചെയ്തു. ബ്രെക്‌സിറ്റിലുണ്ടായിരിക്കുന്ന കല്ലുകടികള്‍ ഇന്‍ഡിറെഫ് 2 അനിവാര്യമാക്കി മാറ്റിയിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. അഞ്ചു വര്‍ഷം മുമ്പ് നടന്ന ആദ്യ ഹിതപരിശോധനയില്‍ സ്വാതന്ത്ര്യം വേണമെന്ന ആവശ്യം സ്‌കോട്ടിഷ് ജനത തള്ളിയിരുന്നു.

ബ്രെക്‌സിറ്റ് വേണോ ഒരു സ്വതന്ത്ര യൂറോപ്യന്‍ രാജ്യമായി നിലനില്‍ക്കണോ എന്ന വിഷയത്തിലായിരിക്കും സ്‌കോട്ടിഷ് ജനത തീരുമാനമെടുക്കുകയെന്ന് അവര്‍ പറഞ്ഞു. ഈ പാര്‍ലമെന്റിന്റെ കാലയളവില്‍ത്തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അവസരം ജനങ്ങള്‍ക്ക് നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. 2014ല്‍ നടന്ന ഹിതപരിശോധനയില്‍ 45നെതിരെ 55 ശതമാനം വോട്ടുകള്‍ക്കാണ് സ്വാതന്ത്ര്യം വേണമെന്ന ആവശ്യം ജനങ്ങള്‍ തള്ളിയത്. എന്നാല്‍ ബ്രെക്‌സിറ്റ് ഈ സാഹചര്യം മാറ്റിയിട്ടുണ്ടെന്നാണ് സ്റ്റര്‍ജന്‍ പറയുന്നത്. സ്‌കോട്ടിഷ് സ്വാതന്ത്ര്യത്തില്‍ ഒരു പുതിയ വോട്ടെടുപ്പിനുള്ള സമയമാണ് ഇതെന്ന് സ്റ്റര്‍ജന്‍ പറയുന്നു. എന്നാല്‍ അങ്ങനെയൊരു നീക്കമുണ്ടായാല്‍ സെക്ഷന്‍ 30 ഓര്‍ഡര്‍ ഉപയോഗിച്ച് അതിനെ തടയുമെന്ന് കഴിഞ്ഞ മാസം ജെറമി ഹണ്ട് വ്യക്തമാക്കിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാല്‍ ടോറികള്‍ ഇക്കാര്യത്തില്‍ ബുദ്ധിമുട്ടിയിട്ട് കാര്യമില്ലെന്നാണ് സ്റ്റര്‍ജന്റെ പക്ഷം. തെരേസ മേയ് ഉടന്‍ തന്നെ പുറത്തു പോകുമെന്നും ജെറമി കോര്‍ബിന്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തുമെന്നുമാണ് സ്റ്റര്‍ജന്‍ പറയുന്നത്. നോ ഡീല്‍ ബ്രെക്‌സിറ്റ് സാഹചര്യത്തില്‍ ഒരു ഹിതപരിശോധന നടന്നാല്‍ സ്‌കോട്ട്‌ലന്‍ഡുകാര്‍ സ്വാതന്ത്ര്യത്തിന് അനുകൂലമായി വോട്ടു ചെയ്യുമെന്ന് കഴിഞ്ഞ വര്‍ഷം നടന്ന ഒരു പഠനത്തില്‍ വ്യക്തമായിരുന്നു.