ന്യൂസ് ഡെസ്ക് മലയാളം യുകെ
ഒമിക്രോൺ തരംഗത്തിന് എതിരെയുള്ള തയ്യാറെടുപ്പിൻെറ ഭാഗമായി ഇംഗ്ലണ്ടിലുടനീളം ആശുപത്രികളിൽ കൊറോണ വൈറസ് “സർജ് ഹബുകൾ” സ്ഥാപിക്കുമെന്ന് എൻഎച്ച്എസ് അറിയിച്ചു. ഇതിനായി നൂറോളം രോഗികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള എട്ട് താൽക്കാലിക സൈറ്റുകളാണ് ഒരുങ്ങുന്നത്. ഈയാഴ്ച തന്നെ കെട്ടിട നിർമ്മാണം ആരംഭിക്കും. നൈറ്റിംഗേൽ ഹോസ്പിറ്റൽ യൂണിറ്റുകളിൽ നിന്ന് വ്യത്യസ്തമായി ആവശ്യമെങ്കിൽ നാലായിരം കിടക്കകൾ വരെ ഉൾപ്പെടുത്താൻ കഴിയുന്ന സൈറ്റുകൾ കണ്ടെത്തി അവ നിലവിലുള്ള ആശുപത്രികളിലേക്ക് ചേർക്കും. എൻഎച്ച്എസിൻെറ ഈ പുതിയ സേവനം യുദ്ധകാലടിസ്ഥാനത്തിലാകുമെന്ന് എൻഎച്ച്എസ് മെഡിക്കൽ ഡയറക്ടർ പ്രൊഫ സ്റ്റീഫൻ പോവിസ് പറഞ്ഞു. യുകെയിൽ ഈ ആഴ്ച റെക്കോർഡ് തരത്തിലുള്ള പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് പുതിയ നീക്കം. ബുധനാഴ്ച 183,000 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
വൈറസ് ബാധിച്ചവരിൽ എത്ര പേർക്ക് ആശുപത്രി ചികിത്സ ആവശ്യമാണെന്ന് തങ്ങൾക്ക് അറിയില്ലെന്നും എന്നാൽ അണുബാധയുടെ എണ്ണം കണക്കിലെടുക്കുമ്പോൾ തങ്ങൾക്ക് ഇനിയും കാത്തിരിക്കാൻ ആവില്ല എന്നും അതിനാലാണ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലങ്കാഷെയറിലെ റോയൽ പ്രെസ്റ്റൺ ഹോസ്പിറ്റൽ, ലീഡ് സിലെ സെന്റ് ജെയിംസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, സ്റ്റീവനേജിലെ ലിസ്റ്റർ ഹോസ്പിറ്റൽ, ലണ്ടനിലെ സെന്റ് ജോർജ്ജ് ഹോസ്പിറ്റൽ, കെന്റിലെ വില്യം ഹാർവി ഹോസ്പിറ്റൽ, നോർത്ത് ബ്രിസ്റ്റോൾ ഹോസ്പിറ്റൽ, സോളിഹുൾ ഹോസ്പിറ്റൽ, യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ബർമിംഗ്ഹാം, യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ലെസ്റ്റർ എന്നിവിടങ്ങളിൽ ആയിരിക്കും ഹബ്ബുകൾ സ്ഥാപിക്കുക. പുതിയ ഹബ്ബുകൾ ഉപയോഗിക്കേണ്ട സാഹചര്യം വരില്ലെന്ന് പ്രതീക്ഷിക്കുന്നതായും ഏത് സാഹചര്യവും നേരിടാൻ കഴിയുന്നതിന് വേണ്ടി തങ്ങൾ തയ്യാറെടുക്കുന്നതിൻെറ ഭാഗം മാത്രമാണിതെന്നും ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ട്രസ്റ്റുകൾക്കായുള്ള അംഗത്വ സംഘടനയായ എൻഎച്ച്എസ് പ്രൊവൈഡേഴ്സിന്റെ ചീഫ് എക്സിക്യൂട്ടീവായ ക്രിസ് ഹോപ്സൺ ഹബ്ബുകളെ “ബാക്കപ്പ് ഇൻഷുറൻസ് പോളിസി” എന്നാണ് വിശേഷിപ്പിച്ചത്. ആവശ്യമെങ്കിൽ നാലായിരം രോഗികളെ വരെ ഉൾക്കൊള്ളാൻ കഴിയുന്ന ജിമ്മുകൾ, വിദ്യാഭ്യാസ കേന്ദ്രങ്ങൾ തുടങ്ങി മറ്റ് സ്ഥലങ്ങളിൽ ഈ ഹബ്ബുകൾ സ്ഥാപിക്കും. ഇതിനായി ഇത്തരത്തിലുള്ള സ്ഥലങ്ങൾ തിരിച്ചറിയാൻ ട്രസ്റ്റുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Leave a Reply