ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : പനോരമ അഭിമുഖത്തെക്കുറിച്ച് ഡയാന രാജകുമാരി ബിബിസിയ്ക്ക് എഴുതിയ കത്ത് 25 വർഷങ്ങൾക്കു ശേഷം കണ്ടെടുത്തു. 1995 നവംബറിലെ വിഖ്യാതമായ ബിബിസി അഭിമുഖത്തെ തുടർന്ന് രാജകുമാരി സ്വയം എഴുതിയ കത്ത് കണ്ടെടുത്തിട്ടുണ്ടെന്ന് ബിബിസി അറിയിച്ചു. കത്ത് ഒരു സ്വതന്ത്ര അന്വേഷണത്തിന് കൈമാറുമെന്ന് അവർ അറിയിച്ചു. ഡയാന രാജകുമാരിയുമായുള്ള മാർട്ടിൻ ബഷീറിന്റെ പനോരമ അഭിമുഖം ഏകദേശം 23 ദശലക്ഷം ആളുകൾ ആണ് കണ്ടത്. ബിബിസി റിപ്പോർട്ടർ മാർട്ടിൻ ബഷീറുമായുള്ള അഭിമുഖം എങ്ങനെ നടന്നു എന്നതിനെക്കുറിച്ച് ഡയാനയുടെ സഹോദരൻ നടത്തിയ അവകാശവാദങ്ങളും അന്വേഷിക്കും. നിലവിൽ ബിബിസി ന്യൂസ് റിലീജിയൻ എഡിറ്ററായ ബഷീർ (57) ഹൃദയ ശസ്ത്രക്രിയയിൽ നിന്നും കോവിഡ് -19 ൽ നിന്നും സുഖം പ്രാപിച്ചു വരികയാണ്. ഈ മാസം ആദ്യം ഒരു സ്വതന്ത്ര അന്വേഷണത്തിന് ഏൾ സ്പെൻസർ ആവശ്യപ്പെട്ടിരുന്നു. മാർട്ടിൻ ബഷീർ നടത്തിയ   പ്രസ്താവനകൾ ഡയാനയെ സ്വാധീനിച്ചിട്ടില്ലെന്നും അഭിമുഖം സുരക്ഷിതമാക്കിയതിൽ സന്തോഷമുണ്ടെന്നും കത്തിൽ പറയുന്നു.

വ്യാജ രേഖകൾ ബഷീർ തന്നോട് പറഞ്ഞ നുണകളുടെ ഒരു ഭാഗമായിരുന്നുവെന്ന് ഏൾ ആരോപിച്ചു. തന്റെ വിശ്വാസം നേടുന്നതിനും ഡയാനയിലേക്ക് എത്തുന്നതിനുമുള്ള നുണകൾ ആയിരുന്നു അവ. കാമില പാർക്കർ-ബൗൾസുമായുള്ള ചാൾസ് രാജകുമാരന്റെ ബന്ധത്തെ പരാമർശിച്ച് രാജകുമാരി സംസാരിച്ചത് ഈ അഭിമുഖത്തിലാണ്. അന്ന് ഡയാന രാജകുമാരി ചാൾസ് രാജകുമാരനിൽ നിന്ന് വേർപിരിഞ്ഞെങ്കിലും വിവാഹമോചനം നേടിയിരുന്നില്ല. “സ്വതന്ത്ര അന്വേഷണ പ്രഖ്യാപനത്തെത്തുടർന്ന്, രാജകുമാരിയുടെ യഥാർത്ഥ കൈയ്യക്ഷര കുറിപ്പ് ബിബിസി ഇപ്പോൾ കണ്ടെടുത്തിട്ടുണ്ട്. അത് അക്കാലത്ത് ഞങ്ങളുടെ രേഖകളിൽ പരാമർശിക്കപ്പെടുന്നു. ഞങ്ങൾ അത് സ്വതന്ത്ര അന്വേഷണത്തിലേക്ക് കൈമാറും.” ബിബിസി വക്താവ് അറിയിച്ചു. അഴിമതിയുടെ ഫലമായി ബഷീർ ജോലിയിലേക്ക് മടങ്ങില്ലെന്ന പ്രതീക്ഷ ബിബിസി ന്യൂസ് റൂമിൽ വർദ്ധിച്ചുവരികയാണ്.

1995 ലെ വിഖ്യാത അഭിമുഖത്തില്‍ ചില തുറന്നു പറച്ചിലുകള്‍ നടത്തിയതോടെ ഡയാനയും രാജകുടുംബവുമായുള്ള വിള്ളലുകള്‍ വ്യക്തമായി. താന്‍ ഒരിക്കലും ഒരു രാജ്ഞി ആകാന്‍ ആഗ്രഹിയ്ക്കുന്നില്ല എന്നും ആകുകയാണെങ്കില്‍ അത് ജനങ്ങളുടെ മനസ്സിലെ രാജ്ഞിയായിരിയ്ക്കും എന്നും ഡയാന വെളിപ്പെടുത്തി. 1996 ൽ നിയമപരമായി വിവാഹമോചിതയാകുന്നത് വരെ വെയ്ല്‍സ് രാജകുമാരി എന്ന നിലയില്‍ രാജ്ഞിയെ പ്രതിനിധീകരിച്ച് തന്റെ രാജകീയ കടമകളെല്ലാം അവൾ നിർവഹിച്ചിരുന്നു. ജനങ്ങളുടെ രാജകുമാരി എന്നാണ് ഡയാന അറിയപ്പെട്ടിരുന്നത്.1997 ഓഗസ്റ്റ് 31 ന് പാരീസ് അണ്ടർപാസിൽ നടന്ന വാഹനാപകടത്തിലാണ് 36 കാരിയായ രാജകുമാരി കൊല്ലപ്പെട്ടത്.