ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബിർമിംഗ്ഹാമിലെ സോലിഹള്ളിൽ തണുത്തുറഞ്ഞ തടാകത്തിൽ കുട്ടികൾ വീണുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. കിംഗ്‌ഷർസ്റ്റിലെ ബാബ്‌സ് മിൽ പാർക്കിൽ കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. എട്ട്, പത്ത്, പതിനൊന്ന് വയസ് പ്രായമുള്ളവരാണ് മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന ആറ് വയസുകാരൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. പോലീസും പ്രദേശവാസികളും രക്ഷാപ്രവർത്തനം നടത്തിയാണ് ഇവരെ പുറത്തെത്തിച്ചത്.

അപകടത്തെ തുടർന്ന് നാല് പേരെയും ആശുപത്രിയിൽ എത്തിച്ചിരുന്നു. രണ്ടു കുട്ടികൾ ബിർമ്മിങ്ങാം ചിൽഡ്രൻ ഹോസ്പിറ്റലിലും മറ്റു രണ്ടുപേർ സിറ്റിയിലെ ഹാർട്ട്ലാൻഡ്സ് ഹോസ്പിറ്റലിലുമാണ് പ്രവേശിപ്പിക്കപ്പെട്ടിരുന്നത്. എന്നാൽ മൂന്നുപേരെ ചികിത്സകൾ വിഫലമാക്കികൊണ്ട് മരണം കവർന്നെടുക്കുകയായിരുന്നു. ഇവരുടെ വേർപാട് ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

യുകെയിൽ മഞ്ഞുവീഴ്ച തുടരുകയാണ്. അതുകൊണ്ട് തന്നെ പുറത്തിറങ്ങുന്ന ചെറുപ്പക്കാരും, കുട്ടികളും ഐസിൽ കളിക്കാൻ സാധ്യതയുണ്ട്. തണുത്തുറഞ്ഞ തടാകത്തിനു മുകളിൽ പോയി നില്ക്കുന്നതും, ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതും അപകടം ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുന്നത്. അതിനാൽ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് ഇതിനോടകം തന്നെ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സംഭവസമയത്ത് പ്രദേശത്ത് താപനില 1C (34F) ആയിരുന്നു. എന്നാൽ പിന്നീട് ഇത് -3C (26F) ലേക്ക് താഴ്ന്നു. കുട്ടികളുടെ മരണത്തിൽ പ്രധാനമന്ത്രി ഋഷി സുനാക് അനുശോചനം രേഖപ്പെടുത്തി.