അപ്പച്ചൻ കണ്ണഞ്ചിറ

വാർവിക്ക്ഷയർ: വാർവിക്ക്ഷയർ യൂണിവേഴ്സിറ്റി ഇൻഡോർ സ്പോർട്സ് സെന്ററിൽ വെച്ച് നടന്ന ഇംഗ്ലീഷ് നാഷണൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡലുകൾ തൂത്തുവാരി മലയാളികൾക്ക് അഭിമാനമായി കുന്നംകുളത്തുകാരൻ, നിഖിൽ പുലിക്കോട്ടിൽ. ഇംഗ്ളീഷ് നാഷണൽസിൽ പതിനഞ്ചു വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ സിംഗ്ൾസിൽ ചാമ്പ്യൻ ആവുകയും, ഡബിൾസിൽ യോർക്‌ഷെയർ, ഹാലിഫാക്സിൽ നിന്നുള്ള ഫിൽ ഡാനിയേലുമായി കൂട്ടൂചേർന്ന് ഡബിൾസിൽ സ്വർണ്ണം നേടുകയും, മിക്സഡ് ഡബിൾസിൽ മുൻ ഇൻഡോനേഷ്യൻ നാഷണൽ താരത്തിന്റെ മകളും, ലൗഗ്ബോറോ, ലെസ്റ്ററിൽ നിന്നുള്ള മുത്തിയാര മണ്ഡേലയുമായി ചേർന്ന് പ്രസ്തുത ഇനത്തിലും ചാമ്പ്യൻഷിപ്പ് നേടിക്കൊണ്ട് ട്രിപ്പിൾ ഗോൾഡ് മെഡലുകൾ ഉയർത്തി നിഖിൽ ടൂർണമെന്റിലെ സുവർണ്ണ താരമാവുകയായിരുന്നു.


2023 ൽ നിഖിൽ U13 ഇംഗ്ലീഷ് ബാഡ്mമിന്റൺ ദേശീയ ചാമ്പ്യൻഷിപ്പിൽ സിംഗിൾസ്, ഡബിൾസ്, മിക്‌സഡ് ഡബിൾസിൽ ട്രിപ്പിൾ സ്വർണം നേടികൊണ്ടാണ് അന്ന് തന്റെ നാമം ഇംഗ്ളീഷ് നാഷണൽസിൽ എഴുതിച്ചേർത്തത്. നാലുവർഷമായി തുടർച്ചയായി നാഷണൽ ചാമ്പ്യൻഷിപ്പിൽ ശ്രദ്ധേയമായി ഉയർന്നുവരുന്ന നിഖിലിന് ഈ വിജയം തന്റെ കിരീടത്തിൽ മറ്റൊരു പൊൻതൂവൽക്കൂടി ചാർത്തിയിരിക്കുകയാണ്.

സിംഗിൾസ് ഫൈനൽ മത്സരത്തിൽ നിഖിൽ അനായാസേന 21 -14, 21 -16 എന്നീ സ്കോറുകൾക്കു എതിരാളിയായ വാർവിക്ഷയറിൽ നിന്നുള്ള ശുചിർ കൃഷ്ണ അദ്ദഗോണ്ടലയെ നേരിട്ടുള്ള സെറ്റുകളിൽ തളക്കുകയായിരുന്നു. ഡബിൾ‍സിൽ യോർക്ക്ഷയറിലെ ഹാലിഫാക്‌സിൽ നിന്നുള്ള ഫിൽ ഡാനിയേലുമായി ചേർന്നുണ്ടാക്കിയ ഡബിൾസ് പാർട്ണർഷിപ്പിലും, മിക്സഡ് ഡബിൾ‍സ്സിൽ മുൻ ഇന്തോനേഷ്യൻ ചാമ്പ്യന്റെ മകളും, ലെസ്റ്ററിൽ നിന്നുള്ള മുത്തിയാര മണ്ഡേലയുമായി കൈകോർത്തും സ്വർണ്ണ മെഡലുകൾ തൂത്തുവാരുക ആയിരുന്നു നിഖിൽ. ഡബിൾസിലും, മിക്സഡ് ഡബിൾസിലും ശക്തമായ വെല്ലുവിളികൾ ഉയർത്തുവാൻ എതിർ ടീമുകൾക്കവസരം നൽകാത്ത കായിക മികവാണ് നിഖിലും കൂട്ടാളികളും ഇംഗ്ലീഷ് നാഷണൽസിൽ പുറത്തെടുത്തത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മുൻ ഇംഗ്ളീഷ് താരം റോബർട്ട് ഗോഡ്ലിങ് നടത്തുന്ന OPBC അക്കാഡമിയിലാണ് ബാഡ്മിൻറൺ പരിശീലനം നടത്തുന്നത്. അക്കാഡമിയിലെ ഹെഡ് കോച്ച്‌ ഷെനുസുവിന്റെ കീഴിൽ വിദഗ്ധ പരിശീലനം നേടുന്ന നിഖിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച്‌ കളിച്ചിട്ടുള്ള പല ഇന്റർനാഷണൽ ടൂർണമെന്റുകളിൽ നിന്നും മെഡലുകൾ കരസ്ഥമാക്കുവാനും, അങ്ങിനെ അന്തർദേശീയ രംഗത്തും തന്റെ നാമം എഴുതി ചേർക്കുവാനും ഈ കൊച്ചുപ്രായത്തിനിടയിൽത്തന്നെ സാധിച്ചിട്ടുണ്ട് എന്നത് വിജയത്തിന്റെ പ്രൗഢിയാണ് വിളിച്ചോതുക.

നിഖിലിന്റെ ജ്യേഷ്‌ഠ സഹോദരൻ സാമൂവൽ പുലിക്കോട്ടിലും, ഇംഗ്ലണ്ടിലെ ബാഡ്മിന്റൻ കളിക്കളങ്ങളിലെ ‘പുലിക്കുട്ടി’യാണ്. ഈ വർഷം U19 കാറ്റഗറിയിൽ മാറ്റുരച്ച സാമുവൽ പുലിക്കോട്ടിൽ നാഷണൽസിൽ ബ്രോൺസ് മെഡൽ നേടിയിരുന്നു. മുൻപ് അണ്ടർ 15 ,17 ,19 കാറ്റഗറികളിൽ ചാംപ്യൻഷിപ്പുകൾ നേടിയിട്ടുള്ള സാമുവേൽ ആണ് അനിയൻ നിഖിലിന്റെ ബാഡ്മിന്റൺ കായിക തലത്തിലെ മോഡലും ഇൻസ്പിരേഷനും. അപ്‍മിനിസ്റ്റർ കൂപ്പർ ആൻഡ് കോബോൺ സ്ക്കൂളിൽ വിദ്യാർത്ഥികളാണ് സാമുവലും, നിഖിലും. പത്താം ക്ലാസ്സിൽ പഠിക്കുന്ന നിഖിൽ പഠനത്തിൽ ഉന്നത നിലവാരം പുലർത്തുന്നതോടൊപ്പം സ്കൂൾ തലത്തിലുള്ള ഇതര ആക്റ്റിവിറ്റികളിലും സജീവവും, മിടുക്കനുമാണ്.


ലണ്ടനിൽ താമസിക്കുന്ന ദീപക് – ബിനി പുലിക്കോട്ടിൽ ദമ്പതികളുടെ ഇളയ മകനാണ് നിഖിൽ ദീപക് പുലിക്കോട്ടിൽ. പിതാവ് ദീപക് എൻഎച്ച്എസിൽ ബിസിനസ് ഇന്റലിജൻസ് മാനേജറായും, അമ്മ ബിനി ദീപക് NHS ൽ തന്നെ പീഡിയാട്രിക് ഫിസിയോതെറാഫിസ്റ്റ് ആയും ജോലി ചെയ്തു വരികയാണ്. നിഖിലിന്റെ കായിക മികവ് മുൻ തലമുറകളുടെ സ്പോർട്സ് രംഗത്തുള്ള പിന്തുടർച്ച കൂടിയാണെന്നാണ് കുടുംബാംഗങ്ങളുടെ വിലയിരുത്തൽ. നിഖിലിന്റെ മുതുമുത്തച്ഛൻ ഒക്കുറു, മുത്തച്ഛൻ വിന്നി എന്നിവർ ബാഡ്മിന്റൺ കായിക ഇനത്തിലെ കേരളം കണ്ട മികവുറ്റ കളിക്കാരായിരുന്നു. പിതാവ് ദീപകും നല്ലൊരു ബാഡ്‌മിന്റൺ താരമാണ്.

ഇംഗ്ലണ്ടിൽ ബാഡ്മിന്റൺ കായിക രംഗത്ത് രാജീവ് ഔസേഫിലൂടെ മലയാളി സാന്നിദ്ധ്യവും, താരത്തിളക്കത്തിനും തുടക്കം കുറിച്ച കായിക ഇനത്തിൽ ദേശീയ തലത്തിലും, അന്താരാഷ്ട്ര രംഗത്തും അറിയപ്പെടുന്ന ഒരു ബാഡ്മിന്റൺ കളിക്കാരനാവണം എന്നാണ് ഈ മിടുമിടുക്കന്റെ വലിയ അഭിലാഷം. അതിനു ശക്തമായ പിന്തുണയും പ്രോത്സാഹനവുമായി കുടുംബവും, സ്‌ക്കൂളും, കോച്ചും, ഒപ്പം മലയാളി സമൂഹവും.