ഹോളി ആഘോഷിക്കാന്‍ ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് വനിതയെ ഗോവ ബീച്ചില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ലിവര്‍പൂള്‍ സ്വദേശിനി ഡാനിയേല്‍ മക്‌ലാഫ്‌ലിന്‍ എന്ന 28കാരിയാണ് ബലാത്സംഗം ചെയ്ത ശേഷം കൊല്ലപ്പെട്ടത്. ഇവരെ ബലാത്സംഗം ചെയ്ത ശേഷം അക്രമി ക്രൂരമായി മര്‍ദ്ദിച്ചുകൊല്ലുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് വികാസ് ഭഗത് എന്നയാളെ പോലീസ് അറസ്റ്റുചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ദക്ഷിണ ഗോവയിലെ പ്രശസ്തമായ പാലോലെം ബീച്ചില്‍ ഹോളി ആഘോഷത്തില്‍ പങ്കെടുത്ത മക്‌ലാഫ്‌ലിന്റെ പൂര്‍ണ നഗ്നമായ മൃതദേഹം ഇന്നലെ രാവിലെ രക്തത്തില്‍ കുളിച്ച നിലയിലാണ് കണ്ടെത്തിയത്. ഇവര്‍ താമസിച്ചിരുന്ന ഹോട്ടലിന് നാല് കിലോമീറ്റര്‍ അകലെയുള്ള പാടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ ക്രൂരമായ മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. ആന്തരിക അവയവങ്ങള്‍ക്കും ക്ഷതമേറ്റിട്ടുണ്ട്. ബലാത്സംഗം ചെയ്ത വിവരം പുറത്തറിയിക്കാതിരിക്കാനാണ് അക്രമി യുവതിയെ കൊലപ്പെടുത്തിയതെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സാമി തവാരസ് മാധ്യമങ്ങളോട് പറഞ്ഞു. പ്രശാന്ത് കോമാര്‍പന്ത് എന്ന ഗ്രാമീണനാണ് മൃതദേഹം കിടക്കുന്ന വിവരം പോലീസിനെ അറിയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് 15ഓളം പേരെ ചോദ്യം ചെയ്തു. ലിവര്‍പൂളിലെ ജോണ്‍ മൂര്‍സ് സര്‍വകലാശാലയില്‍ പഠനം പൂര്‍ത്തിയാക്കിയതായി മക്‌ലാഫ്‌ലിന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ പറയുന്നു.