മോഹന്‍ദാസ്

മലയാളത്തില്‍ എന്നെ കരയിച്ച ഒരക്ഷരമാണ് ഋ .

അതിന്‍റെ കൊമ്പന്‍ മീശപോലുള്ള വളവും തുറിച്ചുനോട്ടവും കുട്ടിക്കാലത്ത് എന്നെ വല്ലാതെ പേടിപ്പിച്ചിരുന്നു. ഇന്നും നേരെ ചൊവ്വേ ഈ അക്ഷരമെഴുതാന്‍ എനിക്കറിയില്ല.

ഞങ്ങളുടെ ദേശമായ മുട്ടമ്പലത്ത് ആശാന്‍ കളരിയുണ്ടായിരുന്നു.
ഞാന്‍ നേഴ്സറിയില്‍ പോയിട്ടില്ല അഞ്ചാം വയസ്സില്‍ ഒന്നാം ക്ലാസില്‍ ചേര്‍ക്കുകയായിരുന്നു. അന്ന് ആശാന്‍ കളരികളില്‍ കുട്ടികളെ അക്ഷരം പഠിക്കാനയക്കുമായിരുന്നു. പനയോല കെട്ടിയ ചെറിയ അക്ഷരപ്പുരകളായിരുന്നു ആശാന്‍ കളരികള്‍.
മൂന്നോ നാലോ വയസ്സുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും കളരിയില്‍ അക്ഷരം പഠിക്കാനെത്തുമായിരുന്നു.

ഒരു സംഘമായാണ് ഞങ്ങള്‍ കുട്ടികള്‍ ആശാന്‍കളരിയിലേക്ക് പോവുന്നത്. ആ പോക്ക് നല്ല രസമായിരുന്നു. എന്നാല്‍ കളരിയിലെത്തി ആശാന്‍റെ തലവെട്ടം കണ്ടുകഴിയുമ്പോള്‍ പകുതി ജീവന്‍ പോകും.
കളരിയിൽ പോകാനോ മണലിൽ അക്ഷരമെഴുതാനോ എനിക്ക് ഒട്ടും ഇഷ്ടമില്ലായിരുന്നു. ആശാനെ പിള്ളാർക്ക് ഭയങ്കര പേടിയായിരുന്നു.

ആശാനും ഭാര്യയും ചേര്‍ന്നാണ് കളരി നടത്തുന്നത്. ആശാട്ടി എന്നാണ് ആശാന്‍റെ ഭാര്യയെ കുട്ടികള്‍ വിളിച്ചിരുന്നത്. ആശാന്‍ ഷര്‍ട്ട് ധരിക്കാറില്ലായിരുന്നു. ഒരു വലിയ തോര്‍ത്താണ് ഉടുത്തിരുന്നത്.

ഒരു നീണ്ടപലകയില്‍ പഞ്ചാരമണല്‍ വിതറി അതില്‍ ചൂണ്ടുവിരല്‍ കൊണ്ട് അക്ഷരം എഴുതിക്കും.

ആശാന്‍ പരുക്കന്‍ ശബ്ദത്തില്‍ ഉറക്കെപ്പറയും

എഴുതുമ്പോള്‍ അക്ഷരം ഉച്ചരിച്ചുകൊണ്ട് തന്നെ എഴുതണം എന്ന് ആശാന് വല്യനിര്‍ബ്ബന്ധമായിരുന്നു. ഉച്ചരിച്ചില്ലെങ്കില്‍ ആശാന്‍ ഉറക്കെ ഒച്ചയിടും.

അക്ഷരം തെറ്റിയാല്‍ പച്ചയീര്‍ക്കിലി കൊണ്ടുള്ള അടിയുണ്ട്. നക്ഷത്രമെണ്ണിപ്പോകും.

WhatsApp Image 2024-12-09 at 10.15.48 PM

ശരീക്കും ഒരു നാല് വയസുകാരന് പീഢനകാലം തന്നെയാണ്. കളരിയിലെ അക്ഷരകാലം. അക്ഷരങ്ങളുടെ വേദന അറിഞ്ഞനുഭവിച്ച കാലം.

കണ്ണീരും കയ്യുമായി അക്ഷരങ്ങള്‍ കഷ്ടിച്ച് എഴുതാന്‍ പഠിച്ചു.

എന്നാല്‍ ഋ വിന്‍റെ കാര്യത്തില്‍ മാത്രം ഒരു രക്ഷയുമില്ല.
പച്ചയീര്‍ക്കിലി പറ്റാതെ വന്നാല്‍ ആശാന്‍ പതിനെട്ടാമത്തെ അടവെടുക്കും. വലതുകൈയ്യിലെ തള്ളവിരലിന്‍റെ കൂര്‍പ്പിച്ചുനിര്‍ത്തിയ നഖം കൊണ്ട് തുടയുടെ മൃദുവായ ഭാഗത്ത് ഒരു പ്രയോഗം.

അന്നും ഋ തെറ്റി. ആശാന്‍ ഉറക്കെ ഒച്ചയിട്ടശേഷം എന്‍റെ തുടയുടെ മൃദുവായ ഭാഗത്ത് ഒരുഗ്രന്‍ കിഴുക്ക്.

ആകാശവും ഭൂമിയും നക്ഷത്രങ്ങളും എന്‍റെ തലയ്ക്കു ചുറ്റും വട്ടം കറങ്ങുകയാണ്. ജീവിതത്തില്‍ അത്രയും ഉറക്കെ ഞാന്‍ നിലവിളിച്ചീട്ടില്ല. എന്‍റെ നിക്കര്‍ നനഞ്ഞുകുതിര്‍ന്നു.

ആശാട്ടി ഓടി വന്ന് രക്ഷപ്പെടുത്തി. ഒരു ശര്‍ക്കരത്തുണ്ടോ മറ്റോ തന്ന് തട്ടിത്തടവി ആശ്വസിപ്പിച്ചു.

ആ മുറിവ് ഇന്നും ഉണങ്ങാതെ മനസ്സിലുണ്ട്.

എന്‍റെ അവസ്ഥകണ്ട് അമ്മ കരഞ്ഞു.
വല്യച്ഛന്‍ പറഞ്ഞു. ആശാന്മാരാവുമ്പോ അങ്ങനെയാ.

അന്നു രാത്രിയില്‍ ഞാന്‍ പനിച്ചൂടില്‍ തളര്‍ന്നു മയങ്ങി. പിന്നെ കളരിയില്‍ പോയിട്ടില്ല. ഇന്നും ഋ എന്ന അക്ഷരം കണ്ടാല്‍ നിക്കറിലെ നനവ് ഓര്‍ത്തു പോവും.

മോഹൻദാസ് :  കോട്ടയം മുട്ടമ്പലം സ്വദേശി.  കൊച്ചിയിൽ പരസ്യ കോപ്പി റൈറ്ററായി പ്രവർത്തിക്കുന്നു.

ഫ്രീലാൻസ് ജേർണ്ണലിസ്റ്റുമാണ് എഴുത്തും വായനയും പാട്ടും ഏറെയിഷ്ടം.