ശബ്ന രവി
പറയുവാനേറെയുണ്ടിനിയുമെന്നുള്ളിലതു
കേൾക്കുവാൻ വരില്ല നീയെന്നറിയുമ്പോഴും
നിനക്കായ് മാത്രം കരുതിയ വാക്കുകൾ
ഓർമ്മയിൽ ചില്ലിട്ടു സൂക്ഷിച്ചു ഞാൻ.
ആയിരം ചെമ്പനീർ മൊട്ടുകളുള്ളിൽ
നിനക്കായ് വിടരുവാൻ കാത്തു നിന്നു
വിടരേണ്ടതില്ലവയ്ക്കൊരു നാളുമൊടുവിൽ
കരിമൊട്ടുകളായ് കൊഴിഞ്ഞു വീഴും
പാടാൻ മറന്നൊരു പ്രിയതര ഗാനത്തിൻ
ഈണം മറന്നു ഞാനെന്നേയ്ക്കുമായി
കേൾക്കാത്ത ഗാനത്തിൻ നുകരാത്ത മധുരം
നിനക്കായി മാത്രം ഞാൻ കാത്തു വച്ചു.
സ്വപ്നങ്ങൾ കൊണ്ടൊരു കമ്പളം നെയ്തു ഞാൻ
നിൻ വഴിത്താരയിൽ വിരിച്ചിരുന്നു
മോഹങ്ങളാൽ മലർശയ്യ നിനക്കായ്
എൻ മണിയറയിലൊരുക്കി വച്ചു.
ഒരുനാളും വന്നു ചേരാത്ത വസന്തമേ
നിന്നെയും കാത്തിരിക്കുന്നു ഞാനിന്നും
വ്യർത്ഥമെന്നറിയിലും ആവുകയില്ലെനിക്ക്
നിനക്കായ് കാത്തിരിക്കാതിരിക്കാൻ.
ശബ്ന രവി
എറണാകുളത്ത് റവന്യൂ വകുപ്പിൽ സീനിയർ ക്ലർക്കായി ജോലി ചെയ്യുന്നു. തൃശൂർ സ്വദേശിയാണ്. സൗദി അറേബ്യയിൽ കെമിസ്റ്റ് ആയ രവി പി.എ യുടെ ഭാര്യയാണ്. വായന , സംഗീതം എന്നിവ വളരെ ഇഷ്ടപ്പെടുന്നു.
Leave a Reply