നിനക്കായ് മാത്രം : ശബ്ന രവി എഴുതിയ കവിത

നിനക്കായ് മാത്രം : ശബ്ന രവി എഴുതിയ കവിത
December 05 12:54 2020 Print This Article

ശബ്ന രവി

പറയുവാനേറെയുണ്ടിനിയുമെന്നുള്ളിലതു
കേൾക്കുവാൻ വരില്ല നീയെന്നറിയുമ്പോഴും
നിനക്കായ് മാത്രം കരുതിയ വാക്കുകൾ
ഓർമ്മയിൽ ചില്ലിട്ടു സൂക്ഷിച്ചു ഞാൻ.

ആയിരം ചെമ്പനീർ മൊട്ടുകളുള്ളിൽ
നിനക്കായ് വിടരുവാൻ കാത്തു നിന്നു
വിടരേണ്ടതില്ലവയ്ക്കൊരു നാളുമൊടുവിൽ
കരിമൊട്ടുകളായ് കൊഴിഞ്ഞു വീഴും

പാടാൻ മറന്നൊരു പ്രിയതര ഗാനത്തിൻ
ഈണം മറന്നു ഞാനെന്നേയ്ക്കുമായി
കേൾക്കാത്ത ഗാനത്തിൻ നുകരാത്ത മധുരം
നിനക്കായി മാത്രം ഞാൻ കാത്തു വച്ചു.

സ്വപ്നങ്ങൾ കൊണ്ടൊരു കമ്പളം നെയ്തു ഞാൻ
നിൻ വഴിത്താരയിൽ വിരിച്ചിരുന്നു
മോഹങ്ങളാൽ മലർശയ്യ നിനക്കായ്
എൻ മണിയറയിലൊരുക്കി വച്ചു.

ഒരുനാളും വന്നു ചേരാത്ത വസന്തമേ
നിന്നെയും കാത്തിരിക്കുന്നു ഞാനിന്നും
വ്യർത്ഥമെന്നറിയിലും ആവുകയില്ലെനിക്ക്
നിനക്കായ് കാത്തിരിക്കാതിരിക്കാൻ.

 

ശബ്ന രവി

എറണാകുളത്ത് റവന്യൂ വകുപ്പിൽ സീനിയർ ക്ലർക്കായി ജോലി ചെയ്യുന്നു. തൃശൂർ സ്വദേശിയാണ്. സൗദി അറേബ്യയിൽ കെമിസ്റ്റ് ആയ രവി പി.എ യുടെ ഭാര്യയാണ്. വായന , സംഗീതം എന്നിവ വളരെ ഇഷ്ടപ്പെടുന്നു.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles