സ്വന്തം ലേഖകൻ
യു കെ :- കർഷക വിരുദ്ധ നിയമങ്ങൾ ഇന്ത്യൻ സർക്കാർ പാസാക്കിയതിനെതിരെ ഇന്ത്യയിൽ നടന്നു വരുന്ന കർഷക പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടനിൽ ഇന്ത്യൻ എംബസിക്ക് മുന്നിൽ പ്രതിഷേധം. കൊറോണ നിയന്ത്രണങ്ങൾ പാലിക്കാതെ പ്രതിഷേധത്തിൽ പങ്കെടുത്ത 9 പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയും, നാലുപേർക്ക് പിഴ ഈടാക്കുകയും ചെയ്തു. ഇന്ത്യ ഗവൺമെന്റ് പാസാക്കിയ പുതിയ കർഷക നിയമപ്രകാരം, കർഷകർക്ക് തങ്ങളുടെ വിളകൾക്ക് ലഭിച്ചിരുന്ന താങ്ങുവില നഷ്ടമാകും. ഈ നിയമത്തിന്റെ ഭാഗമായി കർഷകരുടെ വിളകൾ വാങ്ങാൻ കൂടുതൽ പ്രൈവറ്റ് കമ്പനികൾക്ക് അവസരമുണ്ടാകും. ഇതിനെതിരെയാണ് കർഷക പ്രക്ഷോഭങ്ങൾ ഇന്ത്യയിൽ നടന്നുവരുന്നത്. എന്നാൽ പുതിയ നിയമങ്ങൾ കർഷകർക്ക് തങ്ങളുടെ വിളകൾ വിൽക്കുവാൻ കൂടുതൽ വിപണി അവസരങ്ങൾ തുറന്നു നൽകുകയാണ് ചെയ്യുന്നതെന്ന് ഗവൺമെന്റ് അറിയിച്ചു.
യുകെ യിൽ നടന്ന പ്രതിഷേധത്തിന്റെ ചിത്രങ്ങൾ യു കെ സിഖ് ഫെഡറേഷൻ പങ്കുവെച്ചിട്ടുണ്ട്. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസ് പ്രതിഷേധക്കാർ ഉപരോധിച്ചു. പ്രതിഷേധത്തെ വളരെ കൃത്യമായ സമീപനത്തോടെയാണ് പോലീസ് അധികൃതർ നേരിട്ടത്. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരം പ്രതിഷേധങ്ങൾ നല്ലതല്ല എന്ന് പോലീസ് കമാൻഡർ പോൾ ബ്രോഗ്ഡൻ വ്യക്തമാക്കി.
കൊറോണാ നിയമങ്ങൾ പാലിക്കാതെ പ്രതിഷേധത്തിൽ പങ്കെടുത്തവരിൽ നിന്ന് പിഴ ഈടാക്കിയതായി അദ്ദേഹം വ്യക്തമാക്കി.പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർ കൃത്യമായി കൊറോണ നിയന്ത്രണങ്ങൾ പാലിക്കണമെന്ന ശക്തമായ നിർദേശവും പൊലീസ് അധികൃതർ നൽകിയിട്ടുണ്ട്.
Leave a Reply