ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : വാക്സിൻ കണ്ടെത്തിയതിലൂടെ മനുഷ്യരാശിയുടെ മുന്നോട്ടുള്ള പ്രയാണം എളുപ്പമാകുമെന്ന ആത്മവിശ്വാസത്തിലാണ് ലോകജനത. എന്നാൽ ഇതിനിടയിലാണ്​ ലോകത്തെ വീണ്ടും ഭീതിയിലാക്കി ബ്രിട്ടനിൽ ജനിതകമാറ്റം സംഭവിച്ച കോവിഡ് പടർന്നുപിടിക്കുന്നത്. നിലവിലെ വൈറസിനെ അപേക്ഷിച്ച്​ (ഡി-614) വളരെവേഗം വ്യാപിക്കാനുള്ള ശേഷി പുതിയതിന്​ (ജി-614) ഉണ്ടെന്നാണ്​ വിലയിരുത്തൽ. മുൻ വൈറസിനെക്കാൾ 70 ശതമാനം വേഗത്തിലാണ് പുതിയത് വ്യാപിക്കുന്നത്. ഇതോടെ മുൻകരുതൽ നടപടിയെന്ന നിലയിൽ പല രാജ്യങ്ങളും ബ്രിട്ടനിലേക്കുള്ള വിമാന സർവീസ് അനിശ്ചിതമായി നിർത്തിവെച്ചു. വകഭേദം വന്ന കൊറോണയിൽ നിന്നുള്ള കേസുകൾ കണ്ടെത്തിയതിനെ തുടർന്ന് സ്വീഡൻ ഡെൻമാർക്കിൽ നിന്നുള്ള വിദേശ യാത്രക്കാരെ വിലക്കി. പുതിയ സ്‌ട്രെയിനുകൾ മഹാമാരിയുടെ പരിണാമത്തിന്റെ ഒരു സാധാരണ ഭാഗമാണെന്നും ഇത് നിയന്ത്രണാതീതമല്ലെന്നും ലോകാരോഗ്യ സംഘടനയുടെ അത്യാഹിത വിഭാഗം മേധാവി മൈക്ക് റയാൻ പറഞ്ഞു.

യുകെയിൽ നിന്നുള്ള യാത്രക്കാർക്കും ചരക്കുനീക്കത്തിനും ഫ്രാൻസ് വിലക്ക് ഏർപ്പെടുത്തി. വ്യാപാരം പുനരാരംഭിക്കാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം പ്രവർത്തിക്കുകയാണെന്നും പ്രശ്‌നം എത്രയും വേഗം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ഫ്രാൻസ് ബ്രിട്ടനുമായുള്ള അതിർത്തി 48 മണിക്കൂർ അടച്ചതിനെത്തുടർന്ന് ആയിരക്കണക്കിനു ട്രക്കുകൾ വഴിയിൽ കുടുങ്ങികിടന്നു. ചരക്കുനീക്കം നിലച്ചതുമൂലം ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാനുള്ള നടപടികൾക്കായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടിയന്തര യോഗം വിളിച്ചു. അതേസമയം യൂറോപ്യൻ യൂണിയന്റെ മെഡിസിൻ റെഗുലേറ്റർ ഫൈസർ-ബയോൺടെക് കൊറോണ വൈറസ് വാക്സിൻ അംഗീകരിച്ചു. ഇന്ത്യ മുതൽ ഇറാൻ , കാനഡ വരെയുള്ള മറ്റു പല രാജ്യങ്ങളും യുകെയിൽ നിന്നുള്ള യാത്ര നിരോധിച്ചിട്ടുണ്ട്.

യുഎസ് ഇതുവരെയും ഈ തീരുമാനം കൈക്കൊണ്ടിട്ടില്ല. എന്നാൽ ബ്രിട്ടീഷ് എയർവേയ്‌സ്, ഡെൽറ്റ എന്നീ രണ്ട് എയർലൈനുകൾ വൈറസ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആകുന്ന യാത്രക്കാരെ മാത്രമേ ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിലേക്ക് പറക്കാൻ അനുവദിക്കൂ. സൗദി അറേബ്യ , കുവൈറ്റ് , ഒമാൻ എന്നീ രാജ്യങ്ങൾ അതിർത്തികൾ പൂർണ്ണമായും അടച്ചു യാത്രാവിലക്ക് ഏർപ്പെടുത്തി. ഡെൻമാർക്കിനൊപ്പം ഓസ്‌ട്രേലിയ, ഇറ്റലി, നെതർലാൻഡ്‌സ് എന്നിവിടങ്ങളിലും ജനിതകമാറ്റം സംഭവിച്ച വൈറസ് കണ്ടെത്തിയിട്ടുണ്ട്. “വരും ദിവസങ്ങളിൽ മറ്റ് പല രാജ്യങ്ങളും ഇത് കണ്ടെത്തുമെന്ന് ഞങ്ങൾ കരുതുന്നു.” ബെൽജിയത്തിലെ റെഗ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ റിസർച്ചിലെ വൈറോളജിസ്റ്റ് മാർക്ക് വാൻ റാൻസ്റ്റ് മുന്നറിയിപ്പ് നൽകി.