ന്യൂസ് ഡെസ്ക് മലയാളം യുകെ
ക്യാമ്പ് സൈറ്റിലെ ടെന്റിലേക്ക് കാർ ഇടിച്ചുകയറിയതിനെ തുടർന്ന് ഒൻപത് പേർക്ക് ഗുരുതര പരുക്ക്. പരുക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. ന്യൂഗേലിലെ പെംബ്രോക്ക്ഷയറിലാണ് വാഹനം റോഡിൽ നിന്ന് ക്യാമ്പ് സൈറ്റിലേക്ക് ഇരച്ച് കയറിയത്. കാർ ഒരു കുഴിക്ക് മുകളിലൂടെ പോയതിനെതുടർന്ന് നിയന്ത്രണം വിട്ട് ടെന്റിലേക്കും അവിടെ നിന്നവരുടെ നേർക്കും ഇടിച്ച് കയറുകയായിരുന്നുവെന്ന് ശനിയാഴ്ച നടന്ന അപകടത്തെ കുറിച്ച് ന്യൂഗേൽ ക്യാമ്പ്‌സൈറ്റിന്റെ ഉടമ പറഞ്ഞു. ടെന്റിലുണ്ടായിരുന്ന ഒരു കുഞ്ഞ് കട്ടിലിലായതിനാൽ സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.
ശനിയാഴ്ച്ച രാത്രി 10:30 ന് കാർ ക്യാമ്പ് സൈറ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരിൽ കാറിലുണ്ടായിരുന്ന യാത്രക്കാരുമുണ്ടെന്ന് അധികൃതർ അറിയിച്ചു. ക്യാമ്പ് സൈറ്റിലെ ടെന്റുകളോട് ചേർന്ന് ഒരു റോഡ് കടന്നുപോകുന്നുണ്ട്. ഈ റോഡിലൂടെ പോയ വാഹനമാണ് നിയന്ത്രണം വിട്ട് ടെന്റുകളിലേക്ക് ഇടിച്ച് കയറിയത്. നിലവിൽ ഗുരുതരമായി പരുക്കേറ്റ രണ്ടു പേർ ആശുപത്രിയിൽ ചികിത്സ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
അപകടത്തിന് പിന്നാലെ കോസ്റ്റ്ഗാർഡ് റെസ്ക്യൂ ഹെലികോപ്റ്ററിൽ ഒരാളെ കാർഡിഫിലെ വെയിൽസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ എത്തിച്ചതായി വെൽഷ് ആംബുലൻസ് സർവീസ് അറിയിച്ചു. സംഭവസ്ഥലത്തേക്ക് ആറ് ആംബുലൻസുകൾ എത്തി, മറ്റ് അഞ്ച് പേരെ പാരാമെഡിക്കുകൾ ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റവരിൽ നാലു പേരെ കാർമാർഥനിലെ ഗ്ലാങ്‌വിലി ജനറൽ ആശുപത്രിയിലേക്കും മറ്റൊരാളെ സ്വാൻസിയിലെ മോറിസ്റ്റൺ ആശുപത്രിയിലേക്കും കൊണ്ടുപോയി.
Leave a Reply