ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കഴിഞ്ഞവർഷം ജൂൺ മാസത്തിൽ നോട്ടിങ്ഹാമിൽ ആക്രമിയായ ഒരാൾ മൂന്ന് പേരെ കുത്തിക്കൊലപ്പെടുത്തിയത് ബ്രിട്ടനെയാകെ തകർത്ത വാർത്തയായിരുന്നു. പത്തൊമ്പതു വയസ്സുള്ള ഗ്രേസ് ഒമാലി, ബാർണബി വെബർ എന്നിവരും അറുപത്തഞ്ച് വയസുള്ള ഇയാൻ കോയാട്ട്സ് എന്നയാളുമാണ് മുപ്പത്തിരണ്ടുകാരനായ വാൾഡോ കാലോകെയ്ൻ എന്ന വ്യക്തിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. എന്നാൽ ഗ്രേസ് ഒമാലി കുമാർ എന്ന പെൺകുട്ടി തന്റെ സുഹൃത്തിനെ രക്ഷിക്കുവാൻ ശ്രമിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടതെന്ന് അവളുടെ സഹോദരൻ കോടതിയിൽ വെളിപ്പെടുത്തി. തന്റെ അവസാന നിമിഷങ്ങളിലും ഗ്രേസ് വളരെയധികം ധൈര്യപൂർവ്വമായ പ്രവർത്തനമാണ് കാഴ്ചവച്ചതെന്ന് അദ്ദേഹം പറഞ്ഞു. കേസിന്റെ വാദം കോടതിയിൽ നടന്നുവരികയാണ്. തങ്ങളുടെ മകളെക്കുറിച്ച് ഓർത്തു തങ്ങൾക്ക് അഭിമാനം ഉണ്ടെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. തന്റെ സുഹൃത്തിന് നേരിട്ടപ്പോൾ ഓടി രക്ഷപ്പെടുവാൻ ശ്രമിക്കാതെ, കൂടെ നിന്ന് രക്ഷപ്പെടുത്തുവാനാണ് തങ്ങളുടെ മകൾ ശ്രമിച്ചതെന്ന് മാതാപിതാക്കൾ പറഞ്ഞു. യൂണിവേഴ്സിറ്റി വിദ്യാർത്ഥികളായ ഗ്രേസും വെബറും തങ്ങളുടെ പരീക്ഷയ്ക്ക് ശേഷം ഹോസ്റ്റലിലേക്ക് നടന്നുവരുന്ന വഴിയാണ് ആക്രമണം നേരിട്ടതെന്ന് കോടതി കേട്ടു.


ബാർണബി വെബറിനെ നിരവധി തവണയാണ് ആക്രമി കുത്തി പരിക്കേല്പ്പിച്ചത്. അക്രമിയെ തന്നാലാവുന്ന വിധം പ്രതിരോധിക്കുവാൻ ഗ്രേസ് ശ്രമിച്ചെങ്കിലും ആക്രമി അവളെയും പിന്നീട് കുത്തുകയായിരുന്നു. പാരനോയിഡ് സ്‌കിസോഫ്രിനിയ എന്ന രോഗത്തിന് അടിമപ്പെട്ട ആളാണ് അക്രമി എന്ന പോലീസ് കണ്ടെത്തിയിട്ടുണ്ട്. കുട്ടികളെ ആക്രമിച്ചതിനുശേഷം പിന്നീട് അക്രമി, മെയ് പ്പർലി റോഡിലെ പ്രസിഡൻഷ്യൽ ഹോസ്റ്റലിന് സമീപം എത്തുകയും, കെയർടേക്കറെ ആക്രമിക്കുകയും ആയിരുന്നു. സംഭവത്തിൽ കോടതി ഉടൻ വിധി പ്രഖ്യാപനം ഉണ്ടാകും.