രാജ്യത്ത് നിപ വൈറസ് ഭീഷണിയുണ്ടെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. പഴങ്ങള്‍ ഭക്ഷിക്കുന്ന വവ്വാലുകളില്‍ 19 ശതമാനത്തിലും നിപ വൈറസ് സാന്നിധ്യം ഉണ്ടെന്ന് ആരോഗ്യ ഗവേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.

ഇന്ത്യയിലെയും ബംഗ്ലാദേശിലെയും നിപ വൈറസ് ബാധയ്ക്ക് സാധ്യതയുളള മേഖലകളില്‍ 25 ദശലക്ഷം പേര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കേരളത്തിലെയും വവ്വാലുകളിലെ നിപ വൈറസ് സാന്നിധ്യം വീണ്ടും വലിയ തോതില്‍ പടരാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.

ഈ മേഖലയിലുളളവര്‍ പക്ഷികള്‍ കഴിച്ച് ബാക്കിവെച്ച പഴങ്ങള്‍ കഴിക്കരുതെന്നും ജാഗ്രതാ നിര്‍ദേശം നല്‍കുന്നു.
ഇന്ത്യന്‍ കൗണ്‍സില്‍ ഫൊര്‍ മെഡിക്കല്‍ റിസെര്‍ച്ചും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് പുതിയ മുന്നറിയിപ്പുളളത്.
ഈ വര്‍ഷം മെയ്-ജൂണ്‍ മാസങ്ങളില്‍ കേരളത്തിലുണ്ടായ നിപ വൈറസ് ബാധയില്‍ 17 പേരാണ് മരിച്ചത്.