തിരുവവന്തപുരം: ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രമ്യാ ഹരിദാസ് നല്‍കിയ പരാതിയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ അന്വേഷണം. കോഴിക്കോട്ടും പൊന്നാനിയിലും നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് രമ്യ പരാതി നല്‍കിയത്. പരാതി തിരൂര്‍ ഡിവൈ.എസ്.പി.അന്വേഷിക്കും. മലപ്പുറം എസ്.പി.യാണ് അന്വേഷണ ചുമതല തിരൂര്‍ ഡിവൈ.എസ്.പി.ക്ക് കൈമാറിയത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മത്സരത്തിന് തൊട്ടുമുന്‍പ് ഓടിയെത്തുന്നത് പാണക്കാട്ടേക്കാണ്. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ പാണക്കാട്ടെത്തി കുഞ്ഞാലിക്കുട്ടിയുടെ മുന്നിലിരിക്കുന്ന ഫോട്ടോ കണ്ട് ഞാന്‍ അന്തം വിട്ട് നിന്ന് പോയി. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെണ്‍കുട്ടിയുടെ കാര്യം എന്താവുമെന്ന് എനിക്കിപ്പോള്‍ പറയാനാവില്ല, എന്നായിരുന്നു വിജയരാഘവന്റെ പരാമര്‍ശം.

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും ആലത്തൂര്‍ ഡിവൈ.എസ്.പിക്കും കഴിഞ്ഞ ദിവസമാണ് രമ്യാഹരിദാസ് പരാതി നല്‍കിയത്. സ്ത്രീത്വത്തെയും അഭിമാനത്തെയും സമൂഹത്തില്‍ തനിക്കുള്ള സ്വീകാര്യതയെയും കളങ്കപ്പെടുത്തുന്ന രീതിയില്‍ പൊതുജനമധ്യത്തില്‍ പ്രസംഗിച്ചെന്നാണ് പരാതി. ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ചും പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമനുസരിച്ചും ജനപ്രാതിനിധ്യ നിയമനുസരിച്ചും പ്രസ്താവനക്കെതിരേ നടപടിവേണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.