പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവില്‍ യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ ഒപ്പുവെച്ചു.

എന്നാല്‍, ഈ നടപടി ചോദ്യം ചെയ്ത് നീരവ് മോദിക്ക് യു കെ ഹൈക്കോടതിയെ സമീപിക്കാന്‍ കഴിയും. നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ കോടതി കഴിഞ്ഞ ഫെബ്രുവരിയില്‍ ഉത്തരവിട്ടിരുന്നു.

ഇന്ത്യയിലെ മോശമായ ജയില്‍ സാഹചര്യങ്ങളും കോവിഡ് മഹാമാരി തന്റെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നുമുളള നീരവ് മോദിയുടെ വാദങ്ങളെല്ലാം തളളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്.

14000 കോടി രൂപയുടെ തട്ടിപ്പ് കേസാണ് നീരവ് മോദിക്കെതിരെയുള്ളത്. നിലവില്‍ ലണ്ടനിലെ വാന്‍ഡ്സ്വര്‍ത്ത് ജയിലിലാണ് നീരവ് മോദിയെ പാര്‍പ്പിച്ചിരിക്കുന്നത്.
രണ്ടുവര്‍ഷത്തോളം നീണ്ടുനിന്ന നിയമ യുദ്ധത്തിനൊടുവിലായിരുന്നു വിവാദ വജ്രവ്യാപാരിയെ ഇന്ത്യക്ക് വിട്ടുനല്‍കാന്‍ കോടതി ഉത്തരവിട്ടത്.