രണ്ടാംഘട്ട സാന്പത്തിക ഉത്തേജന നടപടിയുടെ ഭാഗമായി നാലു സുപ്രധാന ബാങ്ക് ലയനങ്ങൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. പത്തു പൊതുമേഖലാ ബാങ്കുകളെയാണ് നാലു കുടക്കീഴിലാക്കി ലയിപ്പിക്കുന്നത്. പഞ്ചാബ് നാഷണൽ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയെ ലയിപ്പിച്ച് പഞ്ചാബ് നാഷണൽ ബാങ്ക് ആക്കും.യൂണിയൻ ബാങ്ക്, ആന്ധ്ര ബാങ്ക്, കോർപറേഷൻ ബാങ്ക് എന്നിവയെ ലയിപ്പിച്ച് ഒന്നാക്കും. കനറാ ബാങ്കും സിൻഡിക്കറ്റ് ബാങ്കും തമ്മിലും ഇന്ത്യൻ ബാങ്കും അലാഹാബാദ് ബാങ്കും തമ്മിലുമാകും മറ്റു രണ്ടു ലയനങ്ങൾ. കൂട്ടു പ്രവർത്തനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകഴിഞ്ഞു എന്നു ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പൊതുമേഖലാ ബാങ്കുകളുടെ ലയനം പ്രഖ്യാപിച്ചത്.
ഇന്ത്യക്ക് എണ്ണത്തിൽ കുറവും ശക്തവും ബൃഹത്തായതുമായ ബാങ്കുകളാണ് ആവശ്യമെന്നും മന്ത്രി പറഞ്ഞു. ബാങ്കുകളിലെ വൻകിട വായ്പകളുടെ സ്ഥിതി പരിശോധിക്കും. ഭവനവായ്പകളുടെ പലിശ കുറച്ചു തുടങ്ങി. വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടികൾ കൂടുതൽ ലളിതമാക്കുമെന്നും മന്ത്രി പറഞ്ഞു. അടുത്ത തലമുറ പൊതുമേഖലാ ബാങ്കുകൾ (നെക്സ്റ്റ് ജൻ പിഎസ്ബി) എന്ന് വിശേഷിപ്പിച്ചാണ് ധനമന്ത്രി ബാങ്കുകളുടെ ലയനം പ്രഖ്യാപിച്ചത്. അഞ്ചു ട്രില്യണ് (ലക്ഷം കോടി) ഡോളറിന്റെ സാന്പത്തികവളർച്ചാ ലക്ഷ്യം ഉന്നംവച്ചാണ് ബാങ്കുകളുടെ ലയനവും. രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായി മാറുമെന്ന കണക്കുകൂട്ടലോടെയാണു പഞ്ചാബ് നാഷണൽ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളുടെ ലയനം. പഞ്ചാബ് നാഷണൽ ബാങ്കായിട്ടാണ് പ്രവർത്തിക്കുക. 17.95 ലക്ഷം കോടി രൂപയുടെ ബിസിനസുള്ള ബാങ്ക് ആക്കി ഇതിനെ മാറ്റുകയാണു ലക്ഷ്യം. പുതിയ ബാങ്കിനു കീഴിൽ 11,437 ബ്രാഞ്ചുകൾ ഉണ്ടാകും.
യൂണിയൻ ബാങ്കും ആന്ധ്ര ബാങ്കും കോർപറേഷൻ ബാങ്കും ലയിച്ച് രാജ്യത്തെ അഞ്ചാമത്തെ വലിയ ബാങ്കായി പ്രവർത്തിക്കും. 14.59 ലക്ഷം കോടി രൂപയുടെ ബിസിനസാണ് ഇതിൽനിന്നു ലക്ഷ്യമിടുന്നത്. കനറാ ബാങ്ക്, സിൻഡിക്കറ്റ് ബാങ്കുമായി ലയിച്ച് നാലാമത്തെ വലിയ ബാങ്കായി പ്രവർത്തിക്കും. 15.20 ലക്ഷം കോടി രൂപയുടെ ബിസി നസാണ് ഈ ലയനത്തിലൂടെ പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ ബാങ്ക്, അലാഹാബാദ് ബാങ്കുമായി ലയിച്ച് ഏഴാമത്തെ വലിയ ബാങ്കായി പ്രവർത്തിക്കും. 8.08 ലക്ഷ്യം കോടി രൂപയുടെ ബിസി നസാണ്് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ലയന നടപടികൾ പൂർത്തിയാകുന്നതോടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങും. രാജ്യത്തിന് പുറത്തും ആഗോളതലത്തിൽ സാന്നിധ്യമുള്ള വലിയ ബാങ്കുകളാണു സർക്കാരിന്റെ ലക്ഷ്യം. വമ്പൻ വായ്പകൾക്ക് ഏജൻസി വലിയ വായ്പകൾ നൽകുന്നതിനായി പ്രത്യേക ഏജൻസികൾ രൂപീകരിക്കും. ഈ വായ്പകൾ കൃത്യമായി തിരിച്ചടയ്ക്കുന്നുണ്ടെന്നു നിരീക്ഷിക്കുന്നതിനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തും. 250 കോടി രൂപയിൽ അധികമുള്ള വായ്പകളെ നിരീക്ഷിക്കുന്നത് പ്രത്യേക ഏജൻസിയുടെ ചുമതല ആയിരിക്കുമെന്നും ധനമന്ത്രി അറിയിച്ചു.
Leave a Reply