കോട്ടയം: ‘എന്റെ ഒരു പുസ്തകം പ്രകാശനം ചെയ്യണമെങ്കില്‍ ആരു പീഡിപ്പിച്ചു എന്നു പറയണമാവോ?’ പി.സി ജോര്‍ജ് എംഎല്‍എയുടെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ ഭാര്യ പാര്‍വതിയുടേതാണ് ഈ ചോദ്യം. പ്രമുഖ രാഷ്ട്രീയനേതാവിന്റെ മകന്‍ ട്രെയിന്‍ യാത്രയില്‍ തന്നെ അപമാനിച്ചിട്ടുണ്ടെന്ന് ജോസ് കെ. മാണി എംപിയുടെ ഭാര്യ നിഷാ ജോസ് തന്റെ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരത്തില്‍ വിവരിച്ചതിനു പിന്നാലെയാണ് പാര്‍വതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
‘എന്റെ ഒരു പുസ്തകം പ്രകാശനം ചെയ്യണമെങ്കില്‍ ആരു പീഡിപ്പിച്ചു എന്നു പറയണാവോ? ഷാരൂഖാന്‍ തോണ്ടി എന്നു പറഞ്ഞാലോ…അല്ലേല്‍ വേണ്ട, ടോം ക്രൂയിസ് കയറി പിടിച്ചു എന്നു പറയാം. എന്നാലേ മാര്‍ക്കറ്റിങ് പൊലിക്കുള്ളൂ…’- വെള്ളിയാഴ്ച വൈകിട്ട് ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പാര്‍വതി വിവരിക്കുന്നു. ഒട്ടേറെ പേര്‍ ഇതിനു താഴെ കമന്റുകളുമായെത്തുന്നുണ്ട്.
നിഷ എഴുതിയ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരമായ ‘ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിലാണ് പീഡനത്തെപ്പറ്റി പരാമര്‍ശിക്കുന്നത്. തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ തനിക്കു നേരെ പീഡനമുണ്ടായെന്നാണു നിഷ വിവരിച്ചത്. എന്നാല്‍ വ്യക്തിയുടെ പേരു പറയുന്നില്ല. ചില സൂചനകള്‍ മാത്രം തരുന്നു.
തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ രാത്രി വൈകി തനിയെ കോട്ടയത്തേക്കു ട്രെയിന്‍ കയറാന്‍ എത്തിയപ്പോഴാണ് അയാളെ കണ്ടത്. മെലിഞ്ഞ യുവാവ് രാഷ്ട്രീയനേതാവായ സ്വന്തം അച്ഛന്റെ പേരു പറഞ്ഞാണ് പരിചയപ്പെട്ടത്. അപകടത്തില്‍പ്പെട്ട് തിരുവനന്തപുരത്ത് ആശുപത്രിയില്‍ കിടക്കുന്ന ഭാര്യാപിതാവിനെ കാണാന്‍ വന്നതാണെന്നും പറഞ്ഞു. ട്രെയിനില്‍ കയറിയ അയാള്‍ അടുത്തു വന്നിരുന്നു സംസാരം തുടര്‍ന്നു. സഹികെട്ടപ്പോള്‍ ടിടിആറിനോട് പരാതിപ്പെട്ടു. ടിടിആര്‍ നിസ്സഹായനായി കൈമലര്‍ത്തി. യുവാവും അയാളുടെ അച്ഛനെപ്പോലെയാണെങ്കില്‍ ഇടപെടാന്‍ എനിക്കു പേടിയാണ് എന്നായിരുന്നു ടിടിആറിന്റെ മറുപടി. ‘നിങ്ങള്‍ ഒരേ രാഷ്ട്രീയ മുന്നണിയില്‍ ഉള്‍പ്പെട്ടവരായതിനാല്‍ ഇത് ഒടുവില്‍ എന്റെ തലയില്‍ വീഴും’- ഇങ്ങനെ പറഞ്ഞ് ടിടിആര്‍ ഒഴിവായി. തിരികെ സീറ്റിലെത്തിയിട്ടും സഹയാത്രികന്‍ ശല്യപ്പെടുത്തല്‍ തുടര്‍ന്നു. മൂന്നോ നാലോ തവണ അനാവശ്യമായി തന്റെ കാല്‍പാദത്തില്‍ സ്പര്‍ശിച്ചു. അതോടെ അടുത്തുനിന്നു പോകാന്‍ അയാളോട് കര്‍ശനമായി പറഞ്ഞെന്നും വീട്ടില്‍ എത്തിയശേഷം ഇക്കാര്യം ഭര്‍ത്താവ് ജോസ് കെ. മാണിയെ അറിയിച്ചെന്നുമാണ് പുസ്തകത്തില്‍ പറയുന്നത്.
ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി പി.സി ജോര്‍ജ് രംഗത്തെത്തിയിരുന്നു. ഒരു അടിസ്ഥനവുമില്ലാത്ത കെട്ടിച്ചമച്ച ആരോപണമാണിതെന്നും തനിക്കും തന്റെ മകനുനെതിരെ കെ.എം.മാണിയും ജോസ് കെ.മാണിയും നടത്തുന്ന നാണംകെട്ട കളിയുടെ ഭാഗമാണിതെന്നും പി.സി.ജോര്‍ജ് പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പില്‍ ഷോണ്‍ പാലായില്‍ മല്‍സരിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത അവിടെയൊക്കെ പരക്കുന്നുണ്ട്. ഇതറിഞ്ഞു മാണിയും മകനും കൂടി ഉണ്ടാക്കിയ തരംതാണ എര്‍പ്പാടാണിത്. കേരളത്തിലെ ജനങ്ങള്‍ക്ക് ഇത് മനസ്സിലാകും. ഇതിനുപിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ തന്നെയാണുള്ളത്. ഷോണിന്റെ രാഷ്ട്രീയഭാവി തകര്‍ക്കാന്‍ ഇവര്‍ മൂവരും കൂടി കളിച്ച നാറിയ കളിയാണ് ഈ പുസ്തകവും വിവാദവും. ഏതുവിധേനയും എന്തു വൃത്തിക്കെട്ട രീതിയിലും തന്നെയും മകനെയും ഇല്ലാതാക്കാനുള്ള അപ്പന്റെയും മോന്റെയും കളിക്കു നിഷ കൂട്ടുനില്‍ക്കുകയാണെന്നും പി.സി.ജോര്‍ജ് ആരോപിച്ചിരുന്നു.