ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: നേഴ്സുമാർക്കുള്ള ഇംഗ്ലീഷ് ഭാഷ മാനദണ്ഡത്തിൽ നിർണായക തിരുത്തുമായി എൻ എം സി. നാളുകളായി മലയാളികൾ ഉൾപ്പടെ ധാരാളം ആളുകൾ മുൻപോട്ട് വെച്ച ആവശ്യം ഇതോടെ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ ഭാഷ പ്രാവീണ്യം ഉറപ്പ് വരുത്താൻ എൻ എം സി നേരത്തെ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. മലയാളിയായ അജിമോൾ പ്രദീപാണ് ഈ പോരാട്ടത്തെ മുന്നിൽ നിന്ന് നയിച്ചത്. ധാരാളം എഴുത്തുകൾ നടത്തുകയും വിദഗ്ദരായ ആളുകളുടെ ഉൾപ്പെടെ നിർദ്ദേശവും ഉൾക്കൊണ്ടാണ് അജിമോൾ ഈ സുപ്രധാനമായ പോരാട്ടം നയിച്ചത്.
രണ്ട് ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റുകൾ താരതമ്യം ചെയ്യുമ്പോൾ മിനിമം സ്കോർ ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ളതാണ് ആദ്യത്തെ മാറ്റം. സ്കോറുകൾ ഒരുമിച്ചാക്കാനുള്ള സമയപരിധി 6 മാസത്തിൽ നിന്ന് 12 മാസമായി നിശ്ചയിക്കുന്നതും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇംഗ്ലീഷ് ഭാഷ ഭൂരിപക്ഷമല്ലാത്ത രാജ്യങ്ങളിൽ നിന്നും യോഗ്യത നേടിയവർക്കും ഇംഗ്ലീഷ് ടെസ്റ്റുകൾ നേരിയ വ്യത്യാസത്തിൽ നേടാൻ കഴിയാത്തവർക്കും നിലവിൽ ജോലി ചെയ്യുന്ന എംപ്ളോയർ നല്കുന്ന ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിൻ്റെ തെളിവ് സംബന്ധിച്ചുള്ളതാണ് രണ്ടാമത്തെ മാറ്റം.
ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ നിർണായകമായ മാറ്റം കൊണ്ടുവരാൻ കഴിഞ്ഞതിന്റെ ആഹ്ളാദത്തിലാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നവർ. ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ മേഖലയിൽ ജോലി ചെയ്യുന്നവർ ഇംഗ്ലീഷ് ഭാഷ ഫലപ്രദമായി ആശയവിനിമയത്തിന് ഉപയോഗിക്കുന്നുണ്ടെന്ന് കാണിക്കുന്ന വ്യക്തമായ രേഖകൾ നൽകാൻ എംപ്ളോയർമാർക്ക് ഇതിലൂടെ അനുമതി ലഭിക്കും. ഈ രണ്ടു മാറ്റങ്ങളാണ് ഇന്ന് വന്നിരിക്കുന്നത്.
നേഴ്സിംഗ് പാസായതിന് ശേഷം ബ്രിട്ടനിലെത്തി എൻ എം സി യുടെ സർട്ടിഫിക്കറ്റ് കിട്ടാനായിരുന്നു ഇതുവരെ പ്രയാസം. നിലവിലെ ഭേദഗതികൾ അംഗീകരിക്കക്കപ്പെടുമ്പോൾ ഇതും മാറും എന്നുള്ളതും ആശ്വാസകരമാണ്.
എട്ടാഴ്ച നീണ്ടു നിന്ന കൺസൾട്ടേഷനിൽ 34,000 പേരാണ് പങ്കെടുത്തത്. കഴിഞ്ഞ പത്തു വർഷങ്ങളിൽ നടന്ന എൻ എം സി കൺസൾട്ടേഷനിലെ ഏറ്റവും ഉയർന്ന പങ്കാളിത്തമായിരുന്നു ഇത്. ഇതിലെ രണ്ടു പ്രൊപ്പോസലുകൾ ഗവേണിംഗ് കൗൺസിൽ മീറ്റിംഗിൽ പരിഗണിക്കുകയായിരുന്നു.
എന്നാൽ അതേസമയം, യുകെയിലെത്തിയതിനു ശേഷം ഇംഗ്ലീഷിൽ പഠിച്ച് എക്സാം പാസായി പോസ്റ്റ് ഗ്രഡ് ജുവേറ്റ് യോഗ്യത നേടിയത് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിൻ്റെ തെളിവായി സ്വീകരിക്കണമെന്ന പ്രൊപ്പോസൽ ഗവേണിംഗ് കൗൺസിൽ പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. ഈ പ്രൊപ്പോസലിന് സമാനമായ പിന്തുണ കൺസൾട്ടേഷനിൽ ലഭിച്ചെങ്കിലും മുന്നോട്ട് ഇക്കാര്യം പരിഗണിക്കുന്നതിൽ തടസങ്ങൾ ഉണ്ടായതിനാൽ ഒഴിവാക്കുകയായിരുന്നു
ഇന്ത്യയിൽ നിന്നും നേഴ്സിംഗ് ക്വാളിഫൈഡ് ആയി യുകെയിൽ എത്തിയെങ്കിലും പിൻ നമ്പർ ലഭിക്കാതെ ഹെൽത്ത് കെയർ അസിസ്റ്റൻ്റുമാരായി വർഷങ്ങളായി ജോലി ചെയ്തു കൊണ്ടിരിക്കുന്നവർ നിരവധിയാണ്. ഇവർക്ക് എൻ എം സി രജിസ്ട്രേഷൻ ലഭ്യമാകാൻ വഴി തുറക്കുന്ന നടപടിയിലേയ്ക്ക് നയിക്കുന്നതാണ് കൺസൾട്ടേഷൻ പ്രൊപ്പോസലുകൾക്ക് എൻ എം സി ഗവേണിംഗ് കൗൺസിൽ നൽകുന്ന അഗീകാരം.
Leave a Reply