ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ആരായിരിക്കും? ബോറിസ് ജോൺസൺ രാജി സമർപ്പിച്ചതിന് തുടർന്ന് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രക്രിയയിൽ റിഷി സുനകും ലിസ് ട്രസുമാണ് മത്സര രംഗത്തുള്ളത്. ആദ്യഘട്ടത്തിൽ മുന്നിട്ടുനിന്നിരുന്നത് റിഷി സുനക് ആയിരുന്നു. എന്നാൽ നിലവിൽ ലിസ് ട്രസിനാണ് സാധ്യത എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

എന്നാൽ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കുള്ള നിലവിലെ പിന്തുണകൾ അവസാന നിമിഷം മാറിമറിഞ്ഞേക്കാമെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മുൻ മന്ത്രിയായ മൈക്കിൾ ഗോവ് ഇന്ന് റിഷി സുനകിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നു . തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ കെമി ബാഡെനോക്കിന് ആയിരുന്നു മിസ്റ്റർ ഗോവ് പിന്തുണച്ചിരുന്നത്. എന്നാൽ കുതിച്ചുയരുന്ന ജീവിത ചിലവും വിലക്കയറ്റവും കൈകാര്യം ചെയ്യാനുള്ള ലിസ് ട്രസിന്റെ പദ്ധതികളിൽ സംശയം പ്രകടിപ്പിച്ചു കൊണ്ടാണ് ഗോവ് പരസ്യ പിന്തുണ റിഷി സുനകിന് നൽകിയിരിക്കുന്നത്. ദേശീയ ഇൻഷുറൻസ് വെട്ടികുറയ്ക്കുന്നത് സമ്പന്നർക്ക് അനുകൂലമാണെന്നതാണ് ട്രസിനെ വിമർശിച്ചു കൊണ്ട് ഗോവ് അഭിപ്രായപ്പെട്ടത്. അതുപോലെതന്നെ കോർപ്പറേഷൻ നികുതിയിലെ മാറ്റങ്ങൾ ചെറുകിട സംരംഭകരേക്കാൾ കൂടുതൽ വൻകിട ബിസിനസുകാർക്കാണ് പ്രയോജനം ലഭിക്കുക എന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു.