ലണ്ടന്‍: ബ്രെക്‌സിറ്റിനു ശേഷം മൂന്ന് വര്‍ഷത്തോളം സഞ്ചാര സ്വാതന്ത്ര്യവും സിംഗിള്‍ മാര്‍ക്കറ്റ് അംഗത്വവുമുള്‍പ്പെടെയുള്ളവ തുടരുമെന്ന ഫിലിപ്പ് ഹാമണ്ടിന്റെ പ്രസ്താവന നിഷേധിച്ച് ഡൗണിംഗ് സ്ട്രീറ്റ്. ബ്രെക്‌സിറ്റ് ഏല്‍പ്പിക്കുന്ന ആഘാതം കുറയ്ക്കാനായി കുറച്ചു കാലത്തേക്ക് കൂടി യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാര ബന്ധങ്ങള്‍ തുടരുമെന്നായിരുന്നു വ്യാപാരികളുടെ പ്രതിനിധികള്‍ക്ക് ചാന്‍സലര്‍ നല്‍കിയ ഉറപ്പ്. എന്നാല്‍ അത്തരം പദ്ധതികളേക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്. ചര്‍ച്ചകള്‍ക്കനുസരിച്ചായിരിക്കും ബ്രെക്‌സിറ്റ് നടപടികള്‍ മുന്നോട്ടു നീങ്ങുകയെന്നും ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി.

ബ്രെക്‌സിറ്റിനു ശേഷവും കുറച്ചു കാലത്തേക്ക് തല്‍സ്ഥിതി തുടരാന്‍ യുകെ ശ്രമിക്കുന്നുണ്ടെന്ന് ഹാമണ്ട് ബിസിനസ് പ്രതിനിധികളെ അറിയിച്ചതായി ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. സിംഗിള്‍ മാര്‍ക്കറ്റിലും കസ്റ്റംസ് യൂണിയനിലുമുള്ള അംഗത്വവും തുടരുമെന്നും ഈ ട്രാന്‍സിഷന്‍ കാലം അവസാനിച്ചതിനു ശേഷം മാത്രമേ പുതിയ ഇമിഗ്രേഷന്‍ സംവിധാനം രാജ്യം ആരംഭിക്കുകയുള്ളുവെന്നുമാണ് ഹാമണ്ട് പറഞ്ഞത്. ബിബിസി റേഡിയോ 4ന് നല്‍കിയ അഭിമുഖത്തിലും ഇക്കാര്യം ഹാമണ്ട് സ്ഥിരീകരിച്ചിരുന്നു.

എന്നാല്‍ പ്രധാനമന്ത്രി അവധിയില്‍ ആയിരിക്കുന്ന സമയത്ത് സുപ്രധാന വിഷയത്തില്‍ പ്രസ്താവന നടത്തിയതിനെ ടോറി നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. പ്രധാനമന്ത്രിയുടെ അധികാരത്തില്‍ കൈകടത്തുകയാണ് ഹാമണ്ട് എന്ന ആരോപണം വരെ ഉയര്‍ന്നു. പിന്‍മാറ്റത്തിന് ഇപ്രകാരം സമയം അനുവദിച്ചാല്‍ യുകെ ബജറ്റ് വിഹിതം നല്‍കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചിരുന്നു. യൂറോപ്യന്‍ കോടതിയുടെ അധികാരപരിധി അംഗീകരിക്കുകയും വേണം. എന്നാല്‍ യൂണിയനില്‍ വോട്ടവകാശമുണ്ടായിരിക്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.