നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് ഇത്തവണയും ഹൈക്കോടതി ജാമ്യം നിഷേധിച്ചു. പ്രോസിക്യൂഷന്‍ മുദ്രവെച്ച കവറില്‍ ഹാജരാക്കിയ തെളിവുകള്‍ പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും പ്രഥമദൃഷ്ട്യാ അദ്ദേഹത്തിനെതിരെ തെളിവുകളുണ്ടെന്നും ജസ്റ്റിസ് സുനില്‍ തോമസ് വ്യക്തമാക്കി.

ആദ്യം ജാമ്യാപേക്ഷ സമര്‍പ്പിച്ച അഡ്വ. രാംകുമാറിനെ മാറ്റി മറ്റൊരു മുതിര്‍ന്ന അഭിഭാഷകനായ ബി. രാമന്‍പിളള വഴിയാണ് ഇത്തവണ ഹൈക്കോടതിയെ ദിലീപ് സമീപിച്ചത്. എന്നാല്‍ ഗുരുതരമായ പരാമര്‍ശങ്ങളോടെ ദിലീപിന്റെ ജാമ്യഹര്‍ജി നേരത്തെ തളളിയ ജസ്റ്റിസ് സുനില്‍ തോമസ് ഇത്തവണയും ദിലീപിന് ജാമ്യം നിഷേധിക്കുകയായിരുന്നു. അറസ്റ്റിലായതിന് ശേഷം ഇതുവരെ ദിലീപ് മൂന്നുതവണ ജാമ്യത്തിന് ശ്രമിച്ചിരുന്നു. ഇനി സുപ്രീംകോടതിയാണ് ദിലീപിന് ആശ്രയിക്കാനുളളത്.

കഴിഞ്ഞയാഴ്ച രണ്ടു ദിവസങ്ങളിലായി വാദം പൂര്‍ത്തിയായിരുന്നു. തന്റെ പേരിലുളള കേസ് കെട്ടിച്ചമച്ചതാണെന്നാണ് ദിലീപിന്റെ അഭിഭാഷകരുടെ വാദം. അതേസമയം നടി ഉപദ്രവിക്കപ്പെട്ടതിന്റെ തുടക്കത്തില്‍ തന്നെ ദിലീപിന്റെ പങ്ക് അന്വേഷണ സംഘത്തിന് വ്യക്തമായിരുന്നതായിട്ടാണ് പ്രോസിക്യൂഷന്‍ വാദം. ദിലീപിനെതിരെ 169 രേഖകളും 223 തെളിവുകളും 15 രഹസ്യമൊഴികളും ഉണ്ടെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ കോടതിയെ അറിയിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദിലീപിനായി ഹാജരായത് മുതിര്‍ന്ന അഭിഭാഷകന്‍ ബി.രാമന്‍പിളളയായിരുന്നു. വാദത്തിനിടെ ദിലീപിനെ കിങ് ലയര്‍ ആയി പ്രോസിക്യൂഷന്‍ വിശേഷിപ്പിച്ചിരുന്നു. കൂടാതെ ദിലീപിന്റെ ഭാര്യ കാവ്യയുടെ ഡ്രൈവറായി മുഖ്യപ്രതി പള്‍സര്‍ സുനി ജോലി ചെയ്തിട്ടുണ്ടെന്നും കാവ്യയുടെ ഫോണില്‍ ദിലീപിനോട് സംസാരിച്ചെന്നും വാദിച്ചിരുന്നു. തെളിവുമായി ബന്ധപ്പെട്ട രേഖകള്‍ മുദ്രവെച്ച കവറില്‍ സിംഗിള്‍ ബെഞ്ചിന് പ്രോസിക്യൂഷന്‍ കൈമാറിയിട്ടുണ്ട്.

ജൂണ്‍ 24നാണ് ദിലീപിന്റെ ആദ്യ ജാമ്യ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബഞ്ച് തള്ളിയത്. ഇതിന് ശേഷം രണ്ടാഴ്ച കഴിഞ്ഞാണ് ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്. ആദ്യ ജാമ്യ ഹര്‍ജിയിന്മേല്‍ ഗുരുതര പരാമര്‍ശങ്ങള്‍ ഹൈക്കോടതിയില്‍ നിന്നുയര്‍ന്നത് ദിലീപിന് തിരിച്ചടിയായിരുന്നു. ഇതിന് ശേഷം അഭിഭാഷകനായ രാംകുമാറില്‍ നിന്ന് വക്കാലത്ത് മാറ്റി. തുടര്‍ന്ന് മറ്റൊരു സീനിയര്‍ അഭിഭാഷകനായ ബി രാമന്‍ പിള്ളയ്ക്ക് വക്കാലത്തും നല്‍കി.

ആദ്യ ജാമ്യാപേക്ഷയില്‍ ഗുരുതര പരാമര്‍ശമുണ്ടായ സാഹചര്യത്തില്‍ ഉടന്‍ ജാമ്യാപേക്ഷ നല്‍കേണ്ടതില്ലെന്നായിരുന്നു ദിലീപിന് ബി. രാമന്‍ പിള്ള നല്‍കിയ നിയമോപദേശം. തുടര്‍ന്നാണ് 18 ദിവസങ്ങള്‍ക്ക് ശേഷം ദിലീപ് വീണ്ടും ഹൈക്കോടതിയെ രാമന്‍പിളള വഴി സമീപിച്ചത്.