ലണ്ടന്‍: ബ്രെക്‌സിറ്റിനു ശേഷവും യൂറോപ്യന്‍ യൂണിയനില്‍ നിലവിലുള്ള സൗകര്യങ്ങള്‍ തുടരുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം. ടോറികള്‍ക്കിടയില്‍ത്തന്നെ ഇക്കാര്യത്തില്‍ ആശയ സമന്വയം ഇല്ലെന്നാണ് ചില അഭിപ്രായപ്രകടനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത്തരം ഒരു തീരുമാനം ക്യാബിനറ്റില്‍ എടുത്തിട്ടില്ലെന്ന് ഇന്റര്‍നാഷണല്‍ ട്രേഡ് സെക്രട്ടറി ലിയാം ഫോക്‌സ് പറഞ്ഞു. ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയായാലും മൂന്നു വര്‍ഷത്തേക്ക് നിലവിലുള്ള സൗകര്യങ്ങള്‍ തുടരാന്‍ ക്യാബിനറ്റില്‍ തീരുമാനം എടുത്തെന്ന് ഫിലിപ്പ് ഹാമണ്ട് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതിനു വിരുദ്ധമാണ് ഇപ്പോള്‍ മുതിര്‍ന്ന ടോറി നേതാവിന്റെ അഭിപ്രായപ്രകടനം.

ഹിതപരിശോധനയിലൂടെ ജനങ്ങള്‍ അറിയിച്ച അഭപ്രായത്തോട് കാട്ടുന്ന വിശ്വാസ വഞ്ചനയായിരിക്കും ഇത്തരം ഒരു നീക്കമെന്നാണ് ഫോക്‌സ് വ്യക്തമാക്കിയത്. ഇത്തരം ചര്‍ച്ചകളുണ്ടായാല്‍ അതിനെ താന്‍ പിന്തുണയ്ക്കില്ല. ഇത്തരം ചര്‍ച്ചകളില്‍ താന്‍ പങ്കെടുത്തിട്ടുമില്ലെന്ന് ഫോക്‌സ് സണ്‍ഡേ ടൈംസിനോട് പറഞ്ഞു. ബിബിസി റേഡിയോ അഭിമുഖത്തിലാണ് ചില കാര്യങ്ങള്‍ ബ്രെക്‌സിറ്റിനു ശേഷവും ഇപ്പോള്‍ ഉള്ളതുപോലെ തുടരുമെന്ന് അറിയിച്ചത്. യൂറോപ്പില്‍ നിന്ന് പിന്‍മാറിയാലുണ്ടാകുന്ന ആഘാതങ്ങള്‍ കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് ഹാമണ്ട് അറിയിച്ചത്.

പ്രധാനമന്ത്രി ഇക്കാര്യത്തില്‍ പ്രസ്താവന നടത്തിയിരുന്നില്ല. എന്നാല്‍ ഇതു സംബന്ധിച്ച് മറ്റ് മന്ത്രിമാര്‍ സൂചന നല്‍കിയിരുന്നു. ബ്രെക്‌സിറ്റിനു ശേഷം യുകെയിലേക്ക് ജോലിക്കായി എത്തുന്ന യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് ഒരു രജിസ്‌ട്രേഷന്‍ സമ്പ്രദായം ഏര്‍പ്പെടുത്തുമെന്നും ഹാമണ്ട് അറിയിച്ചിരുന്നു. ഇവരേക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിനാണ് നടപടി. ഹാമണ്ടിന്റെ പ്രസ്താവനക്കെതിരെ ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസും രംഗത്തെത്തിയിരുന്നു. ഇത്തരം നിലപാട് അപകടകരമാണെന്നും പ്രധാനമന്ത്രിയുടെ അധികാരത്തിലുള്ള കൈകടത്തലാണെന്നും ഡേവിസ് കുറ്റപ്പെടുത്തി.