തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന നടപടികള്‍ എടുക്കില്ലെന്നും ആ കട്ടില്‍ കണ്ട് ആരും പനിക്കേണ്ടെന്നും പിണറായി നിയമസഭയില്‍ പറഞ്ഞു. അഴിമതിക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്തെ നടപടി എടുത്ത ആളാണ് ജേക്കബ് തോമസ്. വിജിലന്‍സ് ഡയറക്ടര്‍ അഴിമതി കാട്ടിയിട്ടുണ്ടെങ്കില്‍ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജേക്കബ് തോമസ് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തില്‍ പ്രതികരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. എം വിന്‍സന്റ് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തുന്ന ജേക്കബ് തോമസ് ഞെട്ടിക്കുന്ന ക്രമക്കേടാണ് കാട്ടിയതെന്നും ജേക്കബ് തോമസിനെ ആര് ചുവപ്പുകാര്‍ഡ് കാണിക്കുമെന്ന് വിന്‍സന്റ് ചോദിച്ചു.
ജേക്കബ് തോമസിനെതിരെ മുഖ്യമന്ത്രി ചുവപ്പ് കാര്‍ഡ് കാട്ടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സര്‍ക്കാരിനേയും കോടതിയേയും ‘തത്ത’ തിരിഞ്ഞു കൊത്തുകയാണ്. ഭരണസ്തംഭനത്തിന്റെ പ്രധാന ഉത്തരവാദി ജേക്കബ് തോമസ് ആണെന്നും കള്ളന്റെ കയ്യിലാണ് സര്‍ക്കാര്‍ താക്കോല്‍ ഏല്‍പ്പിച്ചിരിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.