ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും സംഘത്തിനും ഹൈക്കോടതിയുടെ പരോക്ഷ വിമര്‍ശനം. സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോ പങ്കുവെച്ച വിജയ് പി നായരെ കൈയ്യേറ്റെ ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരോക്ഷ വിമര്‍ശനം.
എന്തു സന്ദേശമാണ് നിങ്ങളുടെ പ്രവര്‍ത്തി സമൂഹത്തിന് നല്‍കുക എന്ന് കോടതി ചോദിച്ചു. നിയമവ്യവസ്ഥയില്‍ വിശ്വാസമില്ലാത്തതിനാലാണോ നിയമം കയ്യിലെടുത്തത് എന്നും കോടതി ആരാഞ്ഞു. ഒരാളെ വീട്ടില്‍ക്കയറി പെരുമാറുകയും സാധനങ്ങള്‍ എടുത്തു കൊണ്ടുപോകുകയും ചെയ്യുന്നത് മോഷണമല്ലേ എന്നും കോടതി ചോദിച്ചു.
മാറ്റത്തിനുവേണ്ടി ഇറങ്ങുന്നവര്‍ പ്രത്യാഘാതങ്ങള്‍ അനുഭവിക്കാനും തയാറാവണം എന്നും കോടതി പറഞ്ഞു. എന്നാല്‍ തന്റെ പ്രവര്‍ത്തി സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കില്ലെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ മറുപടി. ഭാഗ്യലക്ഷ്മി, ദിയ സന, ലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയാനിരിക്കെയാണ് വിജയ് പി നായര്‍ കോടതിയെ സമീപിച്ചത്.
തന്റെ ഭാഗം കൂടി കേട്ട ശേഷമേ വിധി പറയാവൂ എന്നായിരുന്നു വിജയ് പി നായരുടെ ആവശ്യം. തന്റെ അനുമതിയില്ലാതെ മുറിയില്‍ കയറി സാധനങ്ങള്‍ എടുത്തു കൊണ്ടു പോയതായും അടിച്ചതായും ശരീരത്ത് ചൊറിയണം ഇടുകയും ചെയ്തതായും വിജയ് പി നായര്‍ പറഞ്ഞു.
ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കും മുന്‍കൂര്‍ജാമ്യം നല്‍കരുതെന്നും വിജയ് പി.നായര്‍ ആവശ്യപ്പെട്ടു. മുന്‍കൂട്ടി ആസൂത്രണം ചെയ്തതായിരുന്നു ആക്രമണമെന്ന വാദത്തെ ഭാഗ്യലക്ഷ്മിയുടെ അഭിഭാഷകന്‍ എതിര്‍ത്തു. തെളിവു നശിപ്പിക്കാതിരിക്കാന്‍ പൊലീസില്‍ കൊടുക്കാനാണ് ലാപ്‌ടോപ്പും ഫോണും എടുത്തു കൊണ്ടു പോയതെന്ന് ഭാഗ്യലക്ഷ്മി കോടതിയെ അറിയിച്ചു.
തെളിവ് നശിപ്പിക്കാതിരിക്കാനാണ് എങ്കില്‍ എന്തിനാണ് തന്നെക്കൊണ്ട് വിഡിയോ ഡിലീറ്റ് ചെയ്യിച്ചത് എന്നായിരുന്നു വിജയ് ചോദിച്ചത്. കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പൊലീസും കോടതിയെ അറിയിച്ചു. കേസില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റി വച്ചിരിക്കുകയാണ്.
Leave a Reply