ഇന്ത്യയുടെ ദേശീയ പതാകയെ ഒരിക്കലും അംഗീകരിക്കില്ലെന്നു വാശിപിടിച്ച ആർഎസ്എസ് ഇപ്പോൾ സംഘർഷം സൃഷ്ടിക്കാൻ വേണ്ടി ആ പതാകയെ ഉപയോഗിക്കുകയാണ്. ദേശീയ പതാകയ്ക്കും അതിലെ മൂവര്‍ണത്തിനുമെതിരെ തരംതാണ അധിക്ഷേപവര്‍ഷം നടത്തിയ ചരിത്രം ആര്‍എസ്എസിനുണ്ട്.

1947 ആഗസ്റ്റ് 15ന് രാജ്യം സ്വാതന്ത്ര്യലബ്ധിയില്‍ മതിമറക്കുമ്പോള്‍ ഹിന്ദുക്കള്‍ ദേശീയ പതാകയെ ബഹുമാനിക്കുകയോ ആദരിക്കുകയോ ചെയ്യില്ലെന്ന വെല്ലുവിളി ഉയര്‍ത്തുകയായിരുന്നു ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍. അവിടം കൊണ്ടും അവര്‍ നിര്‍ത്തിയില്ല. മൂന്ന് എന്ന വാക്കുപോലും തിന്മയാണെന്നും മൂന്നു നിറമുള്ള കൊടി ഇന്ത്യാക്കാര്‍ക്കു മാനസികവിഭ്രാന്തികളുണ്ടാക്കുമെന്നും രാഷ്ട്രത്തിനതു ഹാനികരമാകുമെന്നുമൊക്കെ ആര്‍എസ്എസ് മുഖപത്രം തട്ടിവിട്ടു.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ യാതൊരു പങ്കും ആര്‍എസ്എസിനുണ്ടായിരുന്നില്ല. പക്ഷേ, സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ അവരുടെ കാവിക്കൊടി ഇന്ത്യയുടെ ദേശീയപതാകയാക്കണമെന്നായി വാശി. പതാകയിലെ മൂവ‍ര്‍ണം മൂന്നു മതങ്ങളെയാണ് പ്രതിനിധീകരിക്കുന്നതെന്ന വ്യാഖ്യാനമാണ് എതിർപ്പിനു കാരണമായി അവർ പ്രചരിപ്പിക്കുന്നത്.

ദേശീയ പതാകയില്‍ ഓറഞ്ചു നിറം ധൈര്യത്തേയും ത്യാഗത്തെയും സൂചിപ്പിക്കുന്നുവെന്നും വെള്ള സമാധാനത്തിന്റെയും സത്യത്തിന്റെയും നിറമെന്നും പച്ച വിശ്വാസത്തിന്റെയും വീര്യത്തിന്‍റെയും നിറമെന്നുമൊക്കെയാണ് നമ്മുടെ കുട്ടികള്‍ പഠിക്കുക. എന്നാല്‍ ആര്‍എസ്എസിന്‍റെ ശാഖയില്‍ പഠിപ്പിക്കുന്നത് ഓറഞ്ചു നിറം ഹിന്ദുവിനെയും വെള്ള ക്രിസ്ത്യാനിയെയും പച്ച മുസ്ലിമിനെയും പ്രതിനിധീകരിക്കുന്നുവെന്നുമാണ്. സ്പർദ്ധയും വിദ്വേഷവും വളർത്താൻ എത്ര തരംതാണ ന്യായങ്ങളാണ് സംഘപരിവാർ നിരത്തുന്നതെന്നു നോക്കൂ.

2005ല്‍ ഓര്‍ഗനൈസര്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലും ഈ അല്‍പ്പത്തരം വിളമ്പിയിട്ടുണ്ട്. മൂവര്‍ണം ജനസംഖ്യാപരമായ അസംബന്ധമാണത്രേ. കാരണമെന്തെന്നോ? പതാകയില്‍ നിറങ്ങള്‍ മൂന്നാണല്ലോ. ആര്‍എസ്എസുകാരുടെ വ്യാഖ്യാനമനുസരിച്ച് മൂന്നും മൂന്നു മതത്തെയാണ് പ്രതിനിധീകരിക്കുന്നത്. അപ്പോല്‍ മൂന്നു നിറവും പതാകയില്‍ ഒരേ അളവാകുമ്പോള്‍ ജനസംഖ്യാപരമായി മൂന്നു മതത്തിന്‍റെയും ആള്‍ബലം തുല്യമാണ് എന്നാണത്രേ അർത്ഥം.

പക്ഷേ, ഹിന്ദുക്കള്‍ 89 ശതമാനമാണെന്നും ദേശീയപതാകയില്‍ വെള്ളയും പച്ചയും ചേരുമ്പോള്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷമാകുമെന്നുമൊക്കെ ഓർഗനൈസർ ലേഖനം തട്ടിവിടുന്നു. ക്രിസ്ത്യാനിയും മുസ്ലിമും ചേര്‍ന്നാല്‍ ഇന്ത്യയുടെ ജനസംഖ്യയില്‍ മൂന്നില്‍ രണ്ടാകുമെന്നാണത്രേ പതാക സൂചിപ്പിക്കുന്നത്…. ഇത്തരത്തിലുള്ള ജല്‍പനങ്ങളാണ് ദേശീയ പതാകയെ സംബന്ധിച്ച് ആര്‍എസ്എസ് സ്വാതന്ത്ര്യസമരകാലം മുതല്‍ പ്രചരിപ്പിച്ചു വരുന്നത്.

ആര്‍എസ്എസിനെ സംബന്ധിച്ച് കാവിക്കൊടിയാണ് ദേശീയപതാകയാകേണ്ടത്. കാവിക്കൊടിയ്ക്കു മുമ്പില്‍ രാജ്യം തലകുനിക്കേണ്ടി വരുമെന്നായിരുന്നു സ്വാതന്ത്ര്യം പടിവാതിലെത്തി നിന്നസമയത്ത് നാഗ്പ്പൂരിലെ ഗുരുപൂര്‍ണിമാ കൂട്ടായ്മയില്‍ പ്രസംഗിക്കവെ എംഎസ് ഗോല്‍വാള്‍ക്കര്‍ ഇന്ത്യയ്ക്കു നല്‍കിയ മുന്നറിയിപ്പ്.

ഇത്തരത്തില്‍ ദേശീയപതാകയെയും മൂവര്‍ണങ്ങളെയും വല്ലാതെ അധിക്ഷേപിച്ചുവന്ന ആര്‍എസ്എസിന്റെ തലവനാണ്  മൂന്ന് നാലുവർഷം മുൻപ്  സ്കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയത്. പൊതുവേദിയില്‍ സ്വകാര്യവ്യക്തികളോ സംഘടനാനേതാക്കളോ ദേശീയപതാക ഉയര്‍ത്തുന്ന പതിവില്ല.

1947 ഓഗസ്റ്റ് 14ന് പുറത്തിറങ്ങിയ ആർഎസ്എസിന്റെ മുഖപത്രമായ ഓർഗനൈസർ എഡിറ്റോറിയൽ പ്രതിപാദിച്ചത് വിധിയുടെ പിൻബലത്തിൽ മാത്രം അധികാരത്തിൽ വന്നവർ അടിച്ചേൽപ്പിക്കുന്ന ത്രിവർണ്ണ പതാക ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.
ത്രിവർണ്ണത്തിലെ മൂന്ന് എന്ന് പറയുന്ന വാക്ക് തന്നെ തിന്മയാണ് മൂന്നു നിറത്തിലുള്ള പതാക ദേശീയ ദുരന്തമാണ്.

” ദേശീയ പതാക” എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിലാണ് ഇത് പ്രതിപാദിച്ചത്.
ആർഎസ്എസ് നിരോധനം പിൻവലിക്കുന്നതിന് വേണ്ടി സർദാർ പട്ടേലുമായി നടത്തിയ ചർച്ചയുടെ ഉടമ്പടികളിൽ ഒന്നായി ഉയർന്ന നിബന്ധനയുടെ അടിസ്ഥാനത്തിൽ 1950 ജനുവരി 26 നാഗ്പൂരിൽ ആർഎസ്എസ് ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തിയിട്ടുണ്ട് .

എന്നാൽ സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ 52 വർഷങ്ങൾക്ക് ശേഷം ആർഎസ്എസ് ദേശീയ പതാക ഉയർത്തുന്നത് 2022 ജനുവരി 26 ന് മാത്രമാണ് അതിന് തക്കതായ കാരണവുമുണ്ട്.
ആർഎസ്എസ് തലവൻ സുദർശൻ്റെ കാലഘട്ടത്തിൽ 2001 ഓഗസ്റ്റ് 15ന് ദേശീയ പതാക ഉയർത്താത്തതിൻ്റെ പേരിൽ രാഷ്ട്ര പ്രേമിയുവദൾ പ്രവർത്തകർ ആർഎസ്എസ് ആസ്ഥാനത്ത് കടന്നുകയറി ദേശീയ പതാക ഉയർത്തുകയുണ്ടായി. ദേശീയ പതാകയെ അംഗീകരിക്കാത്ത ആർഎസ്എസ് നടപടിയിൽ പ്രതിഷേധിക്കാൻ വേണ്ടിയാണ് ഇവർ ഇത്തരമൊരു നടപടി സ്വീകരിച്ചത്.

ബാബേ മെൻദേ, രമേഷ് കലമ്പെ , ദിലീപ് ചേതാനി എന്നിവരാണ് ഇത് ചെയ്തത്.
ഇവർക്കെതിരെ നാഗ്പൂർ കോടതിയിൽ ആർഎസ്എസ് കേസ് കൊടുത്തു
ആ കേസ് 2012 വരെ തുടരുകയും ചെയ്തു.

ഇപ്പോൾ ആവേശത്തോടുകൂടി 75 സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ രംഗത്തിറങ്ങുന്നതിന് പിന്നിൽ ഗൂഢ ലക്ഷ്യമാണുള്ളത് ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ ഗാന്ധിജിയുടെ കണ്ണടയും, ഖാദിയും, ത്രിവർണ്ണ പതാകയും സ്വന്തമാക്കുക അതിലൂടെ ജന മനസ്സിലേക്ക് കടക്കാനാകുമോയെന്ന പരീക്ഷണം ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലാതിരുന്നവർ ഭാരതത്തിലെ ജനകോടികളുടെ മനസ്സിലേക്ക് കടന്നു കയറാൻ നടത്തുന്ന ആത്മാർത്ഥതയില്ലാത്ത ഒരു വ്യായാമം മാത്രമാണ് ഇപ്പോഴത്തെ കലാപരിപാടികൾ