തിരുവനന്തപുരം: കായല്‍ കയ്യേറ്റത്തില്‍ ആരോപണ വിധേയനായ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച് സിപിഎമ്മില്‍ അഭിപ്രായ വ്യത്യാസമെന്ന് സൂചന. കയ്യേറ്റം സംബന്ധിച്ച പരാതിയില്‍ വിജിലന്‍സ് കോടതി ത്വരിതാന്വേഷണത്തിന് ശുപാര്‍ശ ചെയ്തതോടെ മന്ത്രിയുടെ രാജിക്കായുള്ള സമ്മര്‍ദ്ദം ഏറി വരികയാണ്. ഇന്ന് നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിഷയം ചര്‍ച്ച ചെയ്യും. എന്നാല്‍ അഭിപ്രായവ്യത്യാസം ഉടലെടുത്തതിനാല്‍ തീരുമാനം എല്‍ഡിഎഫിന് വിട്ടേക്കുമെന്നാണ് കരുതുന്നത്.

എല്‍ഡിഎഫിലെ പ്രധാന കക്ഷികളായ സിപിഎമ്മും സിപിഐയും ഉഭയകക്ഷി യോഗം വിളിക്കാനും സാധ്യതയുണ്ട്. സിപിഐ മന്ത്രിക്കെതിരെ പരസ്യ നിലപാട് നേരത്തേ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ സിപിഎം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. സോളാര്‍ റിപ്പോര്‍ട്ടിലുള്ള തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് സിപിഎം സെക്രട്ടറിയേറ്റ് വിളിച്ചിരിക്കുന്നതെങ്കിലും തോമസ് താണ്ടി വിഷയവും ചര്‍ച്ചയാകും.

ആലപ്പുഴ ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് മന്ത്രിക്ക് എതിരെയാകുകയും വിജിലന്‍സ് കോടതി ത്വരിതാന്വേഷണം പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ സര്‍ക്കാരിന് എന്തെങ്കിലും തീരുമാനം അടിയന്തരമായി സ്വീകരിച്ചേ പറ്റൂ. എന്നാല്‍ വിജിലന്‍ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടോ നിയമോപദേശമോ ലഭിക്കാതെ രാജിയുണ്ടാകാന്‍ സാധ്യതയിെല്ലന്നാണ് വിലയിരുത്തപ്പെടുന്നത്.