ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : 2023-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിൽ നിർണായക സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞർക്ക്. കാറ്റലിൻ കരീക്കോ, ഡ്രൂ വീസ്മാൻ എന്നിവരാണ് ഈ വർഷത്തെ നോബേലിന് അർഹരായത്. ഇവരുടെ കണ്ടുപിടിത്തങ്ങളാണ് കോവിഡ് 19 നെതിരായ എംആർഎൻഎ (മെസഞ്ചർ ആർഎൻഎ) വാക്സിൻ വികസിപ്പിക്കുന്നതിലേക്ക് ശാസ്ത്രസമൂഹത്തെ നയിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM

ഹംഗറിയിലെ സഗാൻ യൂണിവേഴ്സിറ്റിയിലെ പ്രഫസറാണ് കാറ്റലിൻ കരീക്കോ. പെൻസിൽവാനിയ സർവകലാശാലയിലെ പ്രഫസറാണ് ഡ്രൂ വീസ്മാൻ. രണ്ട് പേരും പെൻസിൽവാനിയ സർവകലാശാലയിൽ നടത്തിയ പരീക്ഷണമാണ് മരുന്ന് വികസിപ്പിക്കുന്നതിൽ നിർണായകമായത്.

എംആർഎൻഎ എങ്ങനെ രോഗപ്രതിരോധ സംവിധാനവുമായി യോജിച്ച് പ്രവർത്തിക്കുന്നു എന്ന കണ്ടെത്തലാണ് പുരസ്കാര നേട്ടത്തിലേക്ക് രണ്ട് പേരെയും നയിച്ചത്. ഹെപ്പറ്റൈറ്റിസ്, മങ്കിപോക്സ് തുടങ്ങിയവയ്ക്കെതിരെയുള്ള വാക്‌സിൻ ഒരുക്കുന്നതിലും ഡ്രൂവിന്റെയും കാറ്റലിന്റെയും പഠനം സഹായകമായി. നൊബേൽ വൈദ്യശാസ്ത്ര വിഭാഗം സമിതിയുടെ സെക്രട്ടറി ജനറൽ തോമസ് പൾമൻ ആണ് വിജയികളെ പ്രഖ്യാപിച്ചത്. ആല്‍ഫ്രഡ് നൊബേലിന്റെ ചരമവാര്‍ഷിക ദിനമായ ഡിസംബര്‍ 10ന് പുരസ്‌കാരം സമ്മാനിക്കും. സര്‍ട്ടിഫിക്കറ്റും സ്വർണമെഡലും 1.1 കോടി സ്വീഡിഷ് ക്രോണയും ഉൾപ്പെടുന്നതാണ് പുരസ്‌കാരം.