ന്യൂസ് ഡെസ്ക്, മലയാളം യുകെ

പ്രതീക്ഷിച്ചതിലും 8 മണിക്കൂർ മുമ്പ് M 25 ലെ ഗതാഗതം പുനഃസ്ഥാപിച്ചു. രാജ്യത്തെ ഏറ്റവും തിരക്കേറിയ പാതകളിൽ ഒന്നായ M 25-ൽ പാലത്തിൻറെ അറ്റകുറ്റ പണികൾക്കായാണ് വെള്ളിയാഴ്ച മുതൽ അടച്ചത്. തിങ്കളാഴ്ച രാവിലെയെ പാത വീണ്ടും തുറക്കുകയുള്ളൂ എന്നാണ് അറിയിച്ചിരുന്നത്. എന്നാൽ തിങ്കളാഴ്ച വളരെ കൂടുതൽ തിരക്കേറിയ സമയത്തിന് മുൻപ് പ്രതീക്ഷിച്ചതിലും 8 മണിക്കൂർ മുമ്പ് പാത തുറക്കാനായത് ഗതാഗത കുരുക്ക് കുറയ്ക്കാൻ കാരണമാകും.

1986 – ൽ നിലവിൽ വന്നതിന് ശേഷം ആദ്യമായാണ് M 25 ഇത്രയും ദീർഘസമയത്തേയ്ക്ക് അടച്ചിടുന്നത്. പാത അടച്ചിടേണ്ടതായി വന്നതോടെ മറ്റ് സമാന്തര പാതകളിൽ വൻ ഗതാഗതകുരുക്കാണ് രൂപപ്പെട്ടത് . M 25 അടച്ചതോടെ ഹീത്രു,ഗാറ്റ്വിക് എന്നീ വിമാനത്താവളത്തിലേയ്ക്ക് പോകുന്നതിന് ട്രെയിൻ മാർഗ്ഗം യാത്ര ചെയ്യണമെന്ന് അധികൃതർ നേരത്തെ നിർദ്ദേശിച്ചിരുന്നു.


M25 – ൻ്റെ നവീകരണത്തോട് അനുബന്ധിച്ചുള്ള പ്രവർത്തനങ്ങളിൽ പൂർണ്ണ സഹകരണം നൽകിയവരോട് നാഷണൽ ഹൈവേ പ്രൊജക്‌റ്റ് ലീഡ് ജോനാഥൻ വേഡ് നന്ദി പറഞ്ഞു. വാരാന്ത്യത്തിൽ മോട്ടോർ വേയുടെ ഈ ഭാഗത്ത് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. M 25 ൻ്റെ തുടർ നവീകരണ പ്രവർത്തനങ്ങൾ ഈ വർഷം സെപ്റ്റംബർ മാസം വരെ നീണ്ടുനിൽക്കുമെന്നാണ് റിപ്പോർട്ടുകൾ.